കോഴിക്കോട്: സൈമണ്‍ ബ്രിട്ടോ ആയി താന്‍ അഭിനയിച്ചാല്‍ സഖാക്കള്‍പോലും കാണില്ലെന്ന് സംവിധായകനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെന്ന് നടന്‍ ജോയ് മാത്യു. മഹാരാജാസ് കോളേജില്‍വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറഞ്ഞ നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലാണ് സൈമണ്‍ ബ്രിട്ടോ ആയി ജോയ് മാത്യു വേഷമിട്ടത്.
സംവിധായകന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ബ്രിട്ടോ ആയി വേഷമിട്ടതെന്ന് ജോയ് മാത്യു വ്യക്തമാക്കി. ചിത്രഭൂമിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
‘പാര്‍ട്ടിക്കെതിരെ നിരന്തരം സംസാരിക്കുന്ന എന്നെക്കൊണ്ട് പാര്‍ട്ടിക്ക് അനുകൂലമായി പറയിപ്പിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞത്. സൈമണ്‍ ബ്രിട്ടോയുടെ ജീവിതം പറയുന്ന കഥാപാത്രമായി ജോയ് മാത്യു വരുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ പോരാളികള്‍ ഉണര്‍ന്നു. വേറെ ആരെയും കിട്ടിയില്ലേ എന്നാണ് അവരാദ്യം സംവിധായകനോടു ചോദിച്ചത്. എന്റെ ഫേസ്ബുക്ക് പേജിലും കമന്റുകളുടെ പൂരമായിരുന്നു.