| Tuesday, 20th June 2023, 11:09 pm

കോണ്‍ഗ്രസ് ലിബറലാണ്; പുറത്ത് പോകാം, തിരിച്ചു വരാം, ഗ്രൂപ്പുണ്ടാക്കാം, മത്സരിക്കാം; അതൊരു തുറന്ന വാതിലാണ്: ജോയ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോണ്‍ഗ്രസ് ഒരു തുറന്ന വാതിലാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കോണ്‍ഗ്രസ് ലിബറലാണെന്നും, ആര്‍ക്ക് വേണമെങ്കിലും പുറത്ത് പോകാനും തിരികെ വരാനും കഴിയുന്ന ഒരു സംവിധാനമാണ് കോണ്‍ഗ്രസിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാനും പരസ്പരം മത്സരിക്കാനും അഭിപ്രായങ്ങള്‍ പറയാനും സ്വാതന്ത്ര്യമുണ്ടെന്നും ജോയ് മാത്യ പറഞ്ഞു.

കോണ്‍ഗ്രസ് ലിബറലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകാം. മുരളിയൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പോയി പിന്നെ വന്നതല്ലേ. എത്ര ആള്‍ പോയി, പിന്നെയും വന്നു. അതൊരു തുറന്ന വാതിലാണ്. ആളുകള്‍ക്ക് വരികയും പോകുകയുമൊക്കെ ചെയ്യാം. അഭിപ്രായം പ്രകടിപ്പിക്കാം, ഗ്രൂപ്പുണ്ടാക്കാം, മത്സരിക്കാം. ആ മത്സരം നല്ലതാണ്. ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു.

ഇതെല്ലാം നല്ലതാണെന്നാണ് ഞാന്‍ പറയുന്നത്. അല്ലാതെ, പിറകിലൂടെ പണിതരുന്ന പരിപാടിയല്ല. നേരായരീതിയില്‍ മത്സരിക്കുന്നു, ഭൂരിപക്ഷം കിട്ടിയ ആളെ അംഗീകരിക്കുന്നു. അതാണ് ശരി, അതാണ് ജനാധിപത്യം.

വിവിധ ഗ്രൂപ്പുകളാണെങ്കിലും അവര്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ട്. സമരങ്ങളില്‍ അവര്‍ ഒരുമിച്ചാണ്. അവിടെ ഗ്രൂപ്പ് പറഞ്ഞ് മാറി നില്‍ക്കുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും അവര്‍ ഒരുമിച്ചാണ്. ആ ഒരു കള്ക്ടീവ് സ്പിരിറ്റ് ഉള്ളപ്പോള്‍ തന്നെ അതിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള സ്‌പേസ് ഉണ്ട്. അതാണ് ജനാധിപത്യം. ശശിതരൂര്‍ മുഖ്യമന്ത്രിയായാല്‍ നന്നായിരിക്കും. ചെറുപ്പക്കാര്‍ക്കൊക്കെ വലിയ ആവേശമായിരിക്കും. കാരണം, വിവരമുള്ള ഒരാളാണല്ലോ. ലോകപരിചയമുണ്ട്. പുസ്തകം വായിക്കുന്ന ആളുമാണ്,’ ജോയ് മാത്യു പറഞ്ഞു.

CONTENT HIGHLIGHTS: JOY MATHEW  ABOUT CONGRESS

We use cookies to give you the best possible experience. Learn more