|

വാക്ക് വിത്ത് മി, മഹാത്മ ഗാന്ധിയുടെ അവസാന നാളുകളിലൂടെയുള്ള യാത്ര; എക്സിബിഷന് തിരശീല

ജിൻസി വി ഡേവിഡ്

കൊച്ചി: മഹാത്മ ഗാന്ധിയുടെ അവസാന വർഷങ്ങളുടെ ആവിഷ്ക്കാരമായ യു, ഐ കുഡ് നോട് സേവ്, വാക് വിത്ത് മി എക്സിബിഷന് തിരശീല. മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, 1946 ഓഗസ്റ്റ് മുതൽ 1948 ജനുവരി വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം പര്യവേക്ഷണം ചെയ്യുന്ന പ്രദർശനത്തിനാണ് തിരശീല വീണിരിക്കുന്നത്.

ജനുവരി 30 മുതൽ ഫെബ്രുവരി 18 വരെ എറണാകുളത്തെ ദർബാർ ഹാളിലായിരുന്നു എക്‌സിബിഷൻ സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ജീവിതത്തിലെ അവസാന രണ്ട് വർഷത്തെ യാത്രകൾ മനസിലാക്കുന്നതിനായി ചരിത്രകാരനും കവിയുമായ പി.എൻ. ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫർ സുധീഷ് യെഴുവത്തും ചിത്രകാരനായ മുരളി ചീരോത്തും നടത്തിയ യാത്രകളാണ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചത്.

ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഗാന്ധിജി നടത്തിയ രണ്ട് അനിശ്ചിതകാല നിരാഹാരങ്ങളെക്കുറിച്ചും ഒരു ഇന്ത്യക്കാരൻ എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നതിനെക്കുറിച്ചുമുള്ള അവരുടെ അന്വേഷണമാണ് You , I could not save ,Walk with me (നിങ്ങളെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല, എന്റെ കൂടെ നടക്കൂ) എന്ന പേരിൽ ഒരു പ്രദർശനത്തിന് വഴിയൊരുക്കിയത്.

‘അവസാനം’ എന്ന വാക്കോടെയാണ് പ്രദർശനം ആരംഭിക്കുന്നത്. മഹാത്മ ഗാന്ധിയുടെ ശരീരം പൊതിയാൻ ഉപയോഗിച്ച ത്രിവർണ്ണ പതാകയുടെ ചിത്രങ്ങൾ, അദ്ദേഹത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ച 9mm ബെറെറ്റ M1934 എന്ന തോക്കിന്റെ മുദ്ര പതിപ്പിച്ച തടി, 1948 ജനുവരി 30ന് അവസാന നിമിഷങ്ങളിൽ അദ്ദേഹം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളുടെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഫ്രെയിമുകൾ തുടങ്ങിയവയൊക്കെയും അവിടെ പ്രദർശിപ്പിച്ചിരുന്നു.

ആർട്ടിസ്റ്റ് മുരളി ചീരോത്തും ജയരാജ് സുന്ദരേശനും ക്യൂറേറ്റ് ചെയ്ത ലെൻസ് അധിഷ്ഠിത കൃതികൾ, ഇൻസ്റ്റാളേഷനുകൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു.

1946 മുതൽ 1948 ൽ ഗാന്ധി മരിക്കുന്നതുവരെയുള്ള സമയത്ത് ഗാന്ധി നടന്ന വഴികളിലൂടെ സഞ്ചരിച്ച മൂന്നു മനുഷ്യരുടെ യാത്രയുടെ ആവിഷ്ക്കാരമാണ് ‘You I could not save, walk with me’.

ഒരു കൂട്ടം ഹിന്ദുക്കളും മുസ്‌ലിങ്ങളും ആളിക്കത്തിച്ച ഹിംസയ്ക്കിടയിലൂടെ സമാധാനത്തിനായി ഗാന്ധി നടത്തിയ യാത്രകൾ, നവഖാലിയിലും കൊൽക്കത്തയിലും ബീഹാറിലും ദൽഹിയിലും തുടർച്ചയായി കാൽനട യാത്രചെയ്ത ഗാന്ധിയുടെ അവസാനകാല യാത്രകൾ, ഇവക്ക് ഇന്ത്യ എന്ന ആശയത്തെ രൂപീകരിക്കുന്നതിൽ വളരെയധികം പ്രധാന്യമുണ്ടെന്ന് ഈ പ്രദർശനം ഓർമിപ്പിക്കുന്നു.

‘ഇപ്പോൾ ബംഗ്ലാദേശിൽ സ്ഥിതി ചെയ്യുന്ന നവഖാലിയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടക്കുന്നുണ്ട്. ഗാന്ധിയൻ ആദർശമായ അഹിംസ ഒരു പരീക്ഷണത്തെ നേരിട്ടത് നവഖാലിയിലായിരുന്നു. മുഹമ്മദ് അലി ജിന്നയുടെ പാകിസ്ഥാൻ ആഹ്വാനത്തിനുശേഷം, നവഖാലിയിൽ ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടു.

1946ൽ ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾക്കെതിരെ ഗാന്ധിജി സത്യാഗ്രഹം ആരംഭിച്ചത് ഇവിടെയാണ്. നവഖാലിയിൽ എത്തിയപ്പോൾ, ജനക്കൂട്ടം അക്രമം ഉപേക്ഷിക്കുന്നതുവരെ താൻ ഉപവസിക്കുമെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ജനങ്ങൾ കീഴടങ്ങി. ഒരേയൊരു വ്യക്തിക്ക് വേണ്ടി അവർ ആയുധങ്ങൾ താഴെ വച്ചു,’ സുധീഷ് എഴുവത്ത് ഡൂൾന്യൂസിനോട് പറഞ്ഞു.

നവഖാലിയിൽ ഹിന്ദുക്കളെയാണ് ലക്ഷ്യമിട്ടതെങ്കിൽ, ബീഹാറിൽ മുസ്‌ലിങ്ങളാണ് ആക്രമിക്കപ്പെട്ടത്. ചരിത്രത്തിൽ ബീഹാറിനെ വിശദമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് സുധീഷ് പറയുന്നു. അക്കാലത്ത് അവിടെ 10,000ത്തിലധികം മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴും അവിടെയുള്ള പല ഗ്രാമങ്ങളിലും മുസ്‌ലിം ജനസംഖ്യയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബീഹാറിലെ ബരാരി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളി ഈ ഭൂതകാലത്തിന്റെ സാക്ഷ്യമാണ്.

ബീഹാറിൽ നിന്ന് പ്രദർശനം ‘മിറക്കിൾ ഓഫ് കൽക്കട്ട’യിലേക്കാണ് നീങ്ങിയത്. അവിടെ ഗാന്ധിജി താൻ താമസിച്ചിരുന്ന വീടിന് നേരെ കല്ലെറിഞ്ഞ കോപാകുലരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിസംബോധന ചെയ്തതും അദ്ദേഹത്തിന്റെ വാക്കുകൾ അവരെ ശാന്തരാക്കിയതുമെല്ലാം കാണിക്കുന്നു.

ഒടുവിൽ, യാത്ര ദൽഹിയിലെ ബിർള ഹൗസിൽ എത്തുന്നു, അവിടെ വെച്ചാണ് ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ വധിച്ചത്. 1948 ജനുവരി 20ന് ഗാന്ധിജിയെ വധിക്കാൻ ആദ്യ ശ്രമം നടന്നു. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായത് പോലും അവിടെയുള്ള അധികാരികൾക്ക് അറിയില്ലെന്നതാണ് വസ്തുത.

ഹിന്ദുത്വവും ഭരണകൂടവും ഗാന്ധിവധത്തെ എങ്ങനെ വെള്ളപൂശാൻ ശ്രമിക്കുന്നുവെന്നതിനുള്ള ദൃക്സാക്ഷ്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ഗാന്ധിയോർമയിൽ നിന്ന് കൊല മായ്ച്ചുകളയുന്ന വെറും മ്യൂസിയമായി ബിർള ഹൗസ് മാറിയിരിക്കുന്നു.

ദൽഹി റെഡ്ഫോർട്ടിനുള്ളിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഗാന്ധിവധത്തിൻ്റെ വിചാരണ നടന്നത്. ഇന്ന് അതിനുള്ളിലെ കെട്ടിടങ്ങളെല്ലാം തന്നെ മ്യൂസിയങ്ങളാണ്. എന്നാൽ ഗാന്ധിവധ വിചാരണ നടന്ന കെട്ടിടമേതെന്നതിനുള്ള ഒരു രേഖയും ആ മൂസിയത്തിലില്ല. റെഡ്ഫോർട്ടിലെ അധികാരികൾ ഈ വിചാരണ തന്നെ ഇവിടെ നടന്നിട്ടില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതും സുധീഷ് ചൂണ്ടിക്കാട്ടി.

ബിർള ഹൗസ് ജീവനക്കാർക്കോ ലൈബ്രേറിയൻമാർക്കോ പോലും ഗാന്ധിജിക്ക് നേരെയുണ്ടായ ആക്രമണം എവിടെയാണ് നടന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിടത്തും ഗാന്ധിജി വാസ് അസാസിനേറ്റഡ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത് ആര് ചെയ്തു എന്നത് ഒരിടത്ത് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഗാന്ധി വധക്കേസ് കേൾക്കാൻ പ്രത്യേക കോടതി പ്രവർത്തിച്ചിരുന്ന ചെങ്കോട്ടയിലും ഈ നിസ്സംഗത പ്രകടമായിരുന്നു. കോട്ട കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് എവിടെയാണ് വാദം കേൾക്കൽ നടന്നതെന്ന് പോലും അറിയില്ല. കോടതിയുടെ സ്ഥാനം സൂചിപ്പിക്കുന്ന ഒരു സൂചനാ ബോർഡ് പോലും ഇല്ല,’ അദ്ദേഹം പറഞ്ഞു.

ബിർള ഹൗസിൽ, കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെക്കുറിച്ച് പരാമർശിക്കുന്ന ഒരു സന്ദർഭം മാത്രമേ തങ്ങൾ കണ്ടിട്ടുള്ളുവെന്ന് പ്രദർശകർ പറഞ്ഞു. ഗോഡ്‌സെയുടെ കൂട്ടാളികളും ഗൂഢാലോചനക്കാരുമായ നാരായൺ ആപ്‌തെ, മദൻലാൽ പഹ്‌വ, വിഷ്ണു കർക്കരെ, ദിഗംബർ ബാഡ്‌ജെ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്‌സെ എന്നിവരെ മിക്കവാറും എല്ലാവരും മറന്നുപോയെന്ന് ഗോപീകൃഷ്ണൻ പറയുന്നു.

ഈ പ്രദർശനം ഗാന്ധിജിയെ ആദരിക്കുന്നതിനല്ല, മറിച്ച് ചിന്തിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. ഇന്ത്യയിൽ ഇനി ഗാന്ധിജിയെ ആവശ്യമില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലീന ഇന്ത്യയെക്കുറിച്ചുള്ള ആശങ്കകളാണ് ചരിത്രത്തിലെ ഗാന്ധിയാത്രകളെ വീണ്ടും ഉയർത്തിപ്പിടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ ജനതയ്ക്കും ജീവിതത്തിനും വേണ്ടി ഗാന്ധി നടത്തിയ യാത്രകൾക്ക് ലോകചരിത്രത്തിലൊരിടത്തും സമാനതകളുണ്ടാകില്ല.

വളരെ കാലികപ്രാധാന്യമുള്ള ഒരു എക്സിബിഷനാണ് ഇതെന്നും, ഗാഡിജിയുടെ അവസാനകാലങ്ങളെക്കുറിച്ചുള്ള ഒരു എക്‌സിബിഷൻ വളരെ വിരളമാണെന്നും വിദേശത്ത് അടക്കം വിവിധ ഇടങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ സന്ദർശകരിൽ നിന്ന് വന്നതായും സുധീഷ് കൂട്ടിച്ചേർത്തു.

വിവിധ ഇടങ്ങളിൽ നിന്നായി 2500ഓളം ആളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. സെൻട്രൽ ഗാന്ധി സ്മാരക നിധിയുടെ പ്രസിഡന്റ് ഡോ. രാം ചന്ദ്ര റാഹി, ഗാന്ധി നാഷണൽ മ്യുസിയം ദൽഹിയുടെ ഡയറക്ടർ എ. അണ്ണാമലൈ, ഡോ. എം.വി നാരായണൻ, എൻ.എസ്‌. മാധവൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി, സുനിൽ.പി. ഇളയിടം തുടങ്ങിയ നിരവധി പേർ പ്രദർശനം സന്ദർശിച്ചു.

Content Highlight: Journey through the Last Days of Mahatma Mahatma Gandhi; Exhibition curtain

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം