സുകുമാരന്റേയും മല്ലികയുടേയും മകനെന്ന ലേബലില്‍ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് പൃഥ്വിരാജ്. നന്ദനത്തിലെ നായക കഥാപാത്രം പൃഥ്വിയെ തേടിയെത്തുമ്പോള്‍ 20 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസത്തിനിടെ അവധിക്കായി നാട്ടിലെത്തിയ പൃഥ്വിരാജിനെ തേടി സിനിമയെത്തുന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. അഭിനയത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത പൃഥ്വി ആ സിനിമ ഏറ്റെടുത്തു. നന്ദനത്തിലെ മനു എന്ന കഥാപാത്രമായി പൃഥ്വി എളുപ്പം മാറി. തുടക്കക്കാരന്റെ പതര്‍ച്ച ഒട്ടുമില്ലാതെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിക്കായി. സിനിമ വലിയ വിജയമായി.
അവധിക്കെത്തിയ പൃഥ്വി പക്ഷേ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോയില്ല. നന്ദനത്തിന് ശേഷം തുടര്‍ച്ചയായ സിനിമകള്‍ പൃഥ്വിരാജിനെ തേടിയെത്തി. അതേ വര്‍ഷം തന്നെ രാജസേനന്റെ സംവിധാനത്തിലൊരുങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രവും 2003 ല്‍ വെള്ളിത്തിര, സ്വപ്‌നക്കൂട്, അമ്മക്കിളിക്കൂട് പോലുള്ള വലിയ ചിത്രങ്ങളിലും പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തി.
ഇതിനിടെ ചില വിവാദങ്ങളില്‍ പൃഥ്വിക്ക് ഭാഗമാകേണ്ടി വന്നു. സിനിമയില്‍ നിന്ന് വിലക്ക് നേരിടേണ്ട അവസ്ഥയിലേക്ക് പൃഥ്വി എത്തി. സംഘടന വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനായിരുന്നു പൃഥ്വിരാജിന് വിലക്ക് നേരിടേണ്ടി വന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വിലക്ക് നേരിട്ട പൃഥ്വിരാജിന് പക്ഷേ പിന്തുണയായി സിനിമ രംഗത്തുനിന്നും ആരുമെത്തിയില്ല.
വെള്ളിനക്ഷത്രത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ നായകനായി പൃഥ്വിരാജിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഘടന വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പൃഥ്വിരാജിന് താരസംഘടനയായ അമ്മയില്‍ നിന്ന് നിര്‍ദേശം കിട്ടി. എന്നാല്‍ താന്‍ കമ്മിറ്റ് ചെയ്ത്, തന്നെ വിശ്വസിച്ച് സിനിമ നിര്‍മിക്കാനിറങ്ങിയവരോട് ‘നോ’ പറയില്ലെന്ന് പൃഥ്വി ഉറപ്പിച്ചു. പൃഥ്വി ആ സിനിമയില്‍ അഭിനയിച്ചു.
പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്തു, അത്ഭുത ദ്വീപ്. വിലക്കിനിടെയായിരുന്നു ഈ സിനിമയുടെ ചിത്രീകരണവും. സിനിമ വന്‍ വിജയമായി മാറിയതോടെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാതെ തരമില്ലെന്ന അവസ്ഥ വന്നു. പൃഥ്വിയുടെ വിലക്ക് നീക്കാന്‍ സംഘടന നിര്‍ബന്ധിതരായി.
സുകുമാരന്റേയും മല്ലികയുടേയും മകനായി സിനിമയിലെത്തിയ പൃഥ്വിയുടെ തുടര്‍ന്നുള്ള യാത്ര ഒരു തരത്തില്‍ ഒറ്റയ്ക്കായിരുന്നു. രാജപ്പന്‍ എന്ന് വിളിച്ചും അഹങ്കാരിയെന്ന ലേബല്‍ ചാര്‍ത്തിയും പൃഥ്വിയെ ഒതുക്കാന്‍ ചില ശ്രമങ്ങള്‍ ഈ സമയങ്ങളിലൊക്കെ നടന്നു.
എന്നാല്‍ തന്റെ നിലപാടുകള്‍ ഉറക്കെ പറഞ്ഞു. തന്നിലേക്ക് വരുന്ന കഥാപാത്രത്തെ പരമാവധി മികച്ചതാക്കിയും പൃഥ്വി മറുപടി നല്‍കി.
പൃഥ്വിരാജ് ചിത്രങ്ങളുടെ റിലീസ് ദിവസം കാശുകൊടുത്ത് ആളുകളെ തിയറ്ററില്‍ കയറ്റി കൂവിക്കാന്‍ മലയാളത്തിലെ ഒരു ജനപ്രിയ നടന്‍ ക്വട്ടേഷന്‍ കൊടുത്തിരുന്ന കഥ അക്കാലത്ത് പ്രചരിച്ചു. പൃഥ്വിക്കെതിരായ സംഘടനയുടെ വിലക്കിന് പിന്നിലും നടനാണെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതിനെതിരെയൊന്നും പൃഥ്വി പ്രതികരിച്ചില്ല. പകരം നല്ല സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത ചക്രത്തിലെ ചന്ദ്രഹാസന്‍ എന്ന ഒരു വലിയ കഥാപാത്രത്തെപ്പോലും ഏറ്റെടുക്കാനുള്ള ധൈര്യം പൃഥ്വി കാണിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിലാണ്. ശ്യാമപ്രസാദിന്റെ അകലെ പോലുള്ള ചിത്രങ്ങള്‍ ഒരേ സമയം പുള്‍ ഓഫ് ചെയ്യാന്‍ പൃഥ്വിയിലെ താരത്തിനായി. വെറും 22 വയസ് മാത്രമുള്ളപ്പോഴാണ് പ്രായംകൊണ്ട് തന്നേക്കാള്‍ മുതിര്‍ന്ന കഥാപാത്രങ്ങള്‍ പൃഥ്വി ഏറ്റെടുത്തത്.
2005 ല്‍ പുറത്തിറങ്ങിയ കൃത്യം, പൊലീസ്, ദൈവനാമത്തില്‍, അനന്തഭദ്രം, അച്ചനുറങ്ങാത്ത വീട് എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പൃഥ്വി കയ്യടി നേടി.
2006ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടുമ്പോള്‍ ആ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അര്‍ഹനായി. 2006 ല്‍ തന്നെ ക്ലാസ്‌മേറ്റ്‌സ് പോലുള്ള ഒരു വലിയ ഹിറ്റ് ചിത്രത്തിലും പൃഥ്വി നായകനായി.
2005 ല്‍ കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി 2007 ല്‍ 3 തമിഴ് ചിത്രങ്ങളുടെ ഭാഗമായി. ഇതില്‍ മൊഴി എന്ന ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധനേടി.
2008 ല്‍ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയില്‍ പൃഥ്വി നായകനായി. 2009 ല്‍ ക്ലാസ്‌മേറ്റ്‌സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയ്ക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവന്‍ ആണ് പൃഥ്വിയുടെ മറ്റൊരു തമിഴ് ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.
ഇതേ വര്‍ഷം തന്നെ മലയാളത്തില്‍ തലപ്പാവ്, തിരക്കഥ പോലുള്ള ചിത്രങ്ങളുടെ ഭാഗമായി പൃഥ്വി വ്യത്യസ്തത പരീക്ഷിക്കുന്നത് ആവര്‍ത്തിച്ചു. 2009 ല്‍ പുറത്തിറങ്ങിയ പുതിയമുഖം എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാറായി പൃഥ്വിമാറി.
ഇതിനിടെ 2010 ല്‍ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും പൃഥ്വി അരങ്ങേറ്റം കുറിച്ചു. 2010 ല്‍ തന്നെ മലയാളത്തില്‍ അമല്‍ നീരദിന്റെ അന്‍വറും മണിരത്‌നത്തിന്റെ രാവണനിലും പൃഥ്വി ഭാഗമായി. 2011 ല്‍ ലിജോ ജോസ് പെല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡിലും രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലും പൃഥ്വി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വലിയ പ്രശംസ നേടി.
2012 ല്‍ അയാളും ഞാനും തമ്മില്‍, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളില്‍ പൃഥ്വി മികച്ച പ്രകടനം നടത്തി. ഈ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും പൃഥ്വിയെ തേടിയെത്തി.
2013 ല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, 2015 ല്‍ ലിജോയുടെ ഡബിള്‍ ബാരല്‍, ആര്‍.എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍, സച്ചിയുടെ അനാര്‍ക്കലി തുടങ്ങിയ തുടര്‍ച്ചയായി ഹിറ്റുകള്‍ പൃഥ്വിക്ക് ലഭിച്ചു.
ഇതേ വര്‍ഷം തന്നെ ബോളിവുഡിലും പൃഥ്വി അരങ്ങേറ്റം കുറിച്ചു. റാണി മുഖര്‍ജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിന്‍ കുന്ദാള്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. തൊട്ടടുത്ത വര്‍ഷം തന്നെ അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ഔറംഗസേബ് പുറത്തിറങ്ങി. 2017 ല്‍ നാം ഷബാന എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
2018 ല്‍ മൈ സ്‌റ്റോറി, കൂടെ പോലുള്ള ചിത്രങ്ങള്‍ പൃഥ്വിയുടെ കരിയറിലെ വേറിട്ട പരീക്ഷണങ്ങളായി. 2019 ല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ 200-കോടിയില്‍ അധികം നേടി മലയാളത്തിലെ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമെന്ന ഖ്യാതി നേടാന്‍ പൃഥ്വിക്കായി. അതേ വര്‍ഷം തന്നെ ഡ്രൈവിങ് ലൈസന്‍സും തൊട്ടടുത്ത വര്‍ഷം അയ്യപ്പനും കോശിയും നല്‍കി പൃഥ്വി വിജയം ആവര്‍ത്തിച്ചു.
2021 ല്‍ കൊവിഡ് സമയത്ത് പുറത്തിറങ്ങിയ കുരുതിയിലൂടെ വീണ്ടും വ്യത്യസ്തത പരീക്ഷിച്ചു. 2022 ല്‍ പൃഥ്വി വീണ്ടും സംവിധായകനായി. മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡി എന്ന ചിത്രം ഒ.ടി.ടിയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ ജന ഗണ മന, കടുവ പോലുള്ള പൃഥ്വി നായകനായ ചിത്രങ്ങള്‍ വലിയ വിജയം നേടി.
ഇക്കാലയളവിനുള്ളില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമങ്ങള്‍ പൃഥ്വിക്കെതിരെ നടന്നു. ഓസ്‌ട്രേലിയന്‍ സായിപ്പ് എന്നും ഫേസ്ബുക്കിലെ കോമാളിയെന്നും സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനെന്നുമുള്ള അധിക്ഷേപങ്ങള്‍ പൃഥ്വിക്കെതിരെ ഉണ്ടായി.
രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് പറയുന്ന പൃഥ്വക്കെതിരെ വലിയ കാമ്പയിനുകള്‍ ചില കോണുകളില്‍ നിന്ന് നടന്നു. ഒരുപക്ഷേ പൃഥ്വിരാജിനെപ്പോലെ സൈബര്‍ ബുള്ളിയിങ് നേരിട്ട മറ്റൊരു നടന്‍ ഇന്ത്യയില്‍ ഉണ്ടാവില്ല. ഒരു മനുഷ്യന്റെ സകല ആത്മവിശ്വാസത്തേയും ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള ഇത്തരം ആക്രമണങ്ങളൊന്നും പക്ഷേ പൃഥ്വിയിലെ നടനെ തളര്‍ത്തിയില്ല. രായപ്പന്‍ എന്ന് വിളിച്ചവരെക്കൊണ്ട് പോലും രാജുവേട്ടന്‍ എന്ന് തിരുത്തിവിളിപ്പിച്ചു പൃഥ്വി. ഒരേ സമയം അഞ്ച് ഇന്‍ഡസ്ട്രികളിലെ വലിയ പ്രൊജക്ടുകളിലെ ഭാഗമാകാന്‍ പൃഥ്വിക്കായി.
എല്ലാത്തിനുമൊടുവില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തില്‍ എത്തിനില്‍ക്കുകയാണ് അദ്ദേഹം. ഒരു നടനെന്ന നിലയില്‍ തന്റെ ശരീരവും മനസും ആ സിനിമയ്ക്കായി പൃഥ്വി സമര്‍പ്പിച്ചു. ഒരു നടന് ഒരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന ഇതു പോലൊരു കഥാപാത്രത്തെ അതിന്റെ പരമാവധിയില്‍ പൃഥ്വി അവതരിപ്പിച്ചു. 11 വര്‍ഷം നീണ്ട ഒരു വലിയ യാത്ര ആടുജീവിതത്തിനായി പൃഥ്വി നടത്തി.
നജീബെന്ന മനുഷ്യന്‍ മരുഭൂമിയില്‍ അനുഭവിച്ചു തീര്‍ത്ത ജീവിതം ആടുജീവിതം എന്ന സിനിമയിലൂടെ പൃഥ്വി ലോകത്തെ കാണിച്ചു. തീര്‍ച്ചയായും നജീബെന്ന മനുഷ്യനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്ന് പൃഥ്വിവിന് അഭിമാനിക്കാം. മലയാളത്തിന്റെ ലോകോത്തര സിനിമയമായി ആടുജീവിതം മാറുമ്പോള്‍ പേക്ഷകര്‍ ഒന്നടങ്കം പറയുന്നു, പൃഥ്വി ഇതിനും മുകളില്‍ ഇനിയൊന്ന് നിങ്ങള്‍ക്ക് ചെയ്യാനുണ്ടാവില്ലെന്ന്.
അതെ കല്ലെറിഞ്ഞവരെ കൊണ്ട് പോലും കയ്യടിപ്പിക്കുകയാണ് പൃഥ്വി.
Content Highlight: Journey Of Prithviraj, The Real GOAT