| Wednesday, 26th January 2022, 8:13 pm

ചാരത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്... ഈ സീസണ്‍ ഇനി നമ്മുടേതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

2014 ഡിസംബര്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും മറക്കാനിടയില്ല. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് മുന്നില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടപ്പെട്ട ദിവസം. രണ്ടാം സീസണില്‍ ഇല്ലാതാങ്കിലും സീസണ്‍ മൂന്നില്‍ കൊമ്പന്മാരുടെ ഉയിര്‍ത്തെഴുന്നല്‍പിനാണ് ഇന്ത്യന്‍ ഫുട്ബോള്‍ സാക്ഷ്യം വഹിച്ചത്. ഒന്നാം സീസണിന്റെ പരിച്ഛേദമെന്നോണം സീസണ്‍ മൂന്നിലും കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കിരീടം അടിയറവ് പറയുകയായിരുന്നു.

തുടര്‍ന്നുള്ള സീസണുകളില്‍ ആരാധകര്‍ക്ക് നിരാശ മാത്രം സമ്മാനിച്ച് വെറും കോമഡി പീസായ ബ്ലാസ്റ്റേഴ്സ്, കൊമ്പൊടിഞ്ഞ കൊമ്പന്‍മാരാവുകയായിരുന്നു. കലിപ്പടക്കണം, കപ്പടിക്കണം എന്ന ടാഗ്‌ലൈന്‍ പോലും വെറും കോമഡിയാവുകയും ആരാധകര്‍ വെറുക്കുകയും ചെയ്ത ഒന്നായി മാറി.

എന്നാല്‍, ഇപ്പോഴുള്ള സീസണില്‍ ടീമിന്റെ തിരിച്ചു വരവാണ് കണ്ടത്. ആദ്യ സീസണില്‍ കണ്ട അതേ ആവേശമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആഘോഷിക്കേണ്ട നിമിഷം തന്നെയാണ്. ആരാധകരില്‍ തന്നെ പലരും പല തട്ടുകളിലേയ്ക്ക് മാറിയപ്പോഴും തളരാതെ കപ്പെടുക്കാനും കലിപ്പടക്കാനും തന്നെയാണ് ടീം ശ്രമിച്ചത്.

ഒന്നാം സീസണില്‍ തിളങ്ങി സീസണ്‍ രണ്ടില്‍ പതുങ്ങി, ഒരുപാട് ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. കെട്ടുപോയെന്നു കരുതിയ കനലാണ് ഇപ്പോള്‍ ആളിക്കത്തുന്നത്. ഒരുപാട് പേരുടെ പരിശ്രമമാണ്, ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ടീമിന് കരുത്താവുന്നത്.

ആദ്യ സീസണ്‍ മുതലുള്ള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരിക്കലും മാറ്റിവെക്കാന്‍ പറ്റാത്ത പേരാണ് ഡി.ജെ എന്ന ഡേവിഡ് ജെയിംസിന്റെത്. 2014 ഒക്ടോബറിലാണ് ഡേവിഡ് ജെയിംസ് കേരളത്തിന്റെ ആദ്യ പരിശീലകനായി നിയമിക്കപ്പെടുന്നത്.

ഇയാന്‍ ഹ്യൂം എന്ന കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടന്‍, ജിംഖാന്‍ തുടങ്ങിയവര്‍ ഉശിരോടെ കളിച്ച് കലാശപ്പോരാട്ടത്തില്‍ വരെയെത്തിയ ടീം ഫൈനലില്‍ കാലിടറി വീഴുകയായിരുന്നു.

സീസണില്‍ കേരളത്തിന്റ രക്ഷകനായത് കനേഡിയന്‍ സ്ട്രൈക്കറായ ഇയാന്‍ ഹ്യൂമായിരുന്നു. ഐ.എസ്.എല്ലിന്റെ ആദ്യ സീസണിലെ ആദ്യ ഗോളും നേടിയ ഹ്യൂമിന്റെ ചിറകിലായിരുന്നു കേരളം പറന്നത്.

മഞ്ഞപടയുടെ പ്രതിരോധ മതിലെന്ന് വിശേഷിക്കപ്പെട്ട ജിംഖാനെ നമ്മളെങ്ങനെ മറക്കും. വര്‍ഷങ്ങളായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹ്‌മദും ടീമിനെ പടുത്തുയര്‍ത്തി.

എന്നാല്‍ ആദ്യ സീസണ്‍ നല്‍കിയ പ്രതീക്ഷകള്‍ തികച്ചും അസ്ഥാനത്താക്കുന്നതായിരുന്നു സീസണ്‍ 2ല്‍ ടീമിന്റെ പ്രകടനം. അക്ഷരാര്‍ത്ഥത്തില്‍ ടീമിന്റെ പതനമാണ് സീസണില്‍ കണ്ടത്.

പീറ്റര്‍ ടെയ്‌ലര്‍ എന്ന കര്‍ക്കശക്കാരനായ പരിശീലകനാണ് ടീമിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടിയത്. ടീമില്‍ അടിമുടി മാറ്റം വരുത്തി ഹ്യൂമേട്ടനെ പോലും വീട്ടുകൊടുത്ത ടെയ്‌ലര്‍ ഹോസു, സി.കെ. വിനീത്, റാഫി, സഞ്ചസ് വാട്ട്, ടെറി, ട്രെവര്‍ മോര്‍ഗന്‍ എന്നിവരെ ടീമിലെത്തിച്ചു.

മൂന്നാം സീസണില്‍ കോപ്പല്‍ എന്ന കപ്പിത്താനോടൊപ്പമുള്ള താരങ്ങളുടെ രംഗപ്രവേശം ടീമിന് പുത്തനുണര്‍വ് നല്‍കിയിരുന്നു. അന്റോണിയോ ജര്‍മന്‍, മൈക്കിള്‍ ചോപ്ര, ഹോസു, സി.കെ. വിനീത്, റഫീഖ് തുടങ്ങിയവരുടെ അത്യുജ്ജ്വലമായ പ്രകടനത്തില്‍ ഒരിക്കല്‍ക്കൂടി ടീം ഫൈനലിലേക്ക് പ്രവേശിച്ചു. പക്ഷെ, ഈ സീസണിലും കണ്ണീരായിരുന്നു ടീമിന് വിധിച്ചത്.

സീസണ്‍ നാലിലും അഞ്ചിലും പരാമര്‍ശിക്കാവുന്ന തരത്തിലുള്ള യാതൊരു മുന്നേറ്റങ്ങളും റിനെ മുള്ളസ്റ്റെയിന്‍, ഡേവിഡ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കാതെ പോയി. അരാട്ട സുമി, പെക്കുസണ്‍, സഹദ്, ഹ്യൂം എന്നിവര്‍ അഞ്ചാം സീസണില്‍ ഉണ്ടായെങ്കിലും നിരാശ ആയിരുന്നു ഫലം.

മാര്‍ക്ക് സിഫനോസ് എന്ന ടീമിലെ ഏറ്റവും മികച്ച താരം സീസണിന്റെ എഫ്.സി ഗോവയിലേക്ക് ചേക്കേറിയതും ടീമെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു.

എല്‍ക്കോ ഷട്ടോറി എന്ന പുതിയ കോച്ചിന്റെ തന്ത്രങ്ങള്‍ക്കായി ആറാം സീസണില്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഈ സീസണിലാണ് ഓഗ്‌ബെച്ചേ, മെസി ബൗളി എന്ന് തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റര്‍സിന്റെ സ്വന്തമായി മാറിയത്. പരിക്കുകളുടെ സീസണ്‍ ആയിരുന്നു കേരളത്തെ സംബന്ധിച്ച ആറാം സീസണ്‍.

മഞ്ഞപടയുടെ പ്രതിരോധ മതിലെന്ന് വിശേഷിക്കപ്പെട്ട ജിംഖാന്‍ പ്രീ സീസണ്‍ മാച്ചില്‍ പരിക്കേറ്റതിനാല്‍ സീസണ്‍ നഷ്ടപ്പെട്ടു. കെ.പി. രാഹുല്‍ എന്ന മികച്ച യുവതാരം കേരള ബ്ലാസ്റ്റേഴ്‌സിനോടോപ്പം ചേര്‍ന്നു.

ഇത്തരത്തില്‍ ഇഴഞ്ഞു നീങ്ങിയ ടീമിന് പുതുജീവന്‍ നല്‍കുവാന്‍ കരോലിസ് സ്‌കിന്‍കിസ് എന്ന സ്‌പോര്‍ട്ടിങ് ഡയറക്ടറിനെ നിയമിച്ച് ടീം മുന്നോട്ട് പോയി. കിബു വിക്യൂന എന്ന സ്പാനിഷ് കോച്ചിനെ നിയമിച്ചെങ്കിലും ജിംഖാന്‍ ആറ് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് കൊണ്ട് എ.ടി.കെയിലേക്ക് ചേക്കേറി.

നിഷുകുമാര്‍, സീഡോ തുടങ്ങിയ താരങ്ങള്‍ 18 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ വഴങ്ങി 3 വിജയങ്ങള്‍ മാത്രമാണ് ടീമിന് നേടാനായത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രകടനം കാഴ്ചവച്ച് പത്താം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

ഇക്കുറി പക്ഷേ ടീമിന്റെ തലവര തന്നെ മാറ്റി വരച്ചിരിക്കുകയാണ് ബ്ലാസ്റ്റര്‍സ്‌ന്റെ സ്വന്തം ഇവാന്‍ വുകോമനൊവിച്ച്. കാലകാലങ്ങളായി തന്റെ പരമാവധി കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്ന സഹദ് എന്ന കളികാരനെക്കൊണ്ട് തുടര്‍ച്ചയായി നാല് ഗോളുകള്‍ അടിച്ച് ശക്തമായ തിരിച്ചുവരവാണ് കൊമ്പന്‍മാര്‍ നടത്തിയത്.

സ്വന്തം താരങ്ങള്‍ ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ആ പരിശീലകന്‍ എന്നുറക്കെ പറയുന്നു. ലൂണ, ജെസ്സല്‍, അല്‍വരോ, ഡയസ് തുടങ്ങിയവരുടെ അത്യുജ്ജ്വലമായ പ്രകടനം. സൈഡ് ബെഞ്ചേഴ്സ് പോലും വേറെ ലെവല്‍ കളി. വെറും 5 ഗോളുകള്‍ കണ്‍സീഡ് ചെയ്ത് 22 സേവുകള്‍ നടത്തി ഗോള്‍വല കാക്കും ഭൂതത്താനായി ഗില്ലും എത്തിയതോടെ ടീം ട്രിപ്പിള്‍ സ്ട്രോംഗായി.

സിപോവിചിന്റെയും ലെസ്‌കോവിച്ചീന്റെയും സന്ദീപ് സിങ്ങിന്റെയും പ്രതിരോധത്തിന് മുന്‍പില്‍ പകച്ചു പോയവരാണ് കരുത്തരായ മറ്റു ടീമുകള്‍.

ഗോള്‍ അടിക്കാന്‍ ഫോര്‍വേഡ് താരങ്ങള്‍ക്ക് വഴിയൊരുക്കി കൊണ്ട് ഗോളുകള്‍ കണ്‍സീഡ് ചെയ്യാതെയുള്ള ശ്രമങ്ങള്‍. അല്‍വരോ, ഡയസ് തുടങ്ങിയവരുടെ മികച്ച ഫോര്‍വേഡുകള്‍ കൊണ്ടും സമ്പൂര്‍ണമായ സീസണ്‍.

ഈ സീസണ്‍ അത് മാറ്റത്തിന്റെതാണ് എന്ന് നമുക്ക് പ്രത്യാശിക്കാം.

Content highlight: Journey  of Kerala Blasters in ISL

We use cookies to give you the best possible experience. Learn more