ഇംഫാല്‍: അറസ്റ്റു ചെയ്ത സഹപ്രവര്‍ത്തകനെ വിട്ടയയ്ക്കാനാവശ്യപ്പെട്ട് മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്‍പില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഇംഫാലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ ബംഗ്ലാവിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഫേസ്ബുക്ക് കുറിപ്പുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകനായ കിശോര്‍ ചന്ദ്ര വാങ്‌ഖേമിനെ അറസ്റ്റു ചെയ്തതിനെതിരെയായിരുന്നു സംസ്ഥാനത്തെ മാധ്യമരംഗം സംഘടിച്ചത്.
ഐ.എസ്.ടി.വി നെറ്റ്‌വര്‍ക്കിലെ അവതാരകനും സബ് എഡിറ്ററുമായ വാങ്‌ഖേമിനെ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്ത് ആകെയുള്ള രണ്ടു കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് ഐ.എസ്.ടി.വി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിക്രമങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് വാങ്‌ഖേമിനെതിരെയുള്ള കുറ്റങ്ങള്‍. ക്രിമിനല്‍ കുറ്റകൃത്യത്തിലാണ് വാങ്‌ഖേം ഏര്‍പ്പെട്ടിട്ടുള്ളതെന്നും “സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും ഉണ്ടാക്കുന്ന” ചിത്രങ്ങളും കുറിപ്പുകളുമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
വാങ്‌ഖേം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. “സൈബര്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. എന്നാല്‍ ഏതു പോസ്റ്റുകളുടെ പേരിലാണ് വാങ്‌ഖേമിനെ അറസ്റ്റു ചെയ്തിട്ടുള്ളതെന്നു പോലും അവര്‍ വ്യക്തമാക്കുന്നില്ല.” വാങ്‌ഖേമിന്റെ ഭാര്യ രഞ്ജിത മാധ്യമങ്ങളോടു പറഞ്ഞു.
മനഃപ്പൂര്‍വം കുറ്റം ചാര്‍ത്തി അറസ്റ്റു ചെയ്തതാണെന്നും ഉടന്‍ തന്നെ വിട്ടയയ്ക്കണമെന്നുമാണ് സഹപ്രവര്‍ത്തകരുടെ ആവശ്യം. ജാമ്യാപേക്ഷ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമപ്രവര്‍ത്തകര്‍.