ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കരുത്; യു.എസിന് കത്തയച്ച് മാധ്യമപ്രവര്‍ത്തകര്‍
World News
ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കരുത്; യു.എസിന് കത്തയച്ച് മാധ്യമപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 7:25 pm

 

ഗസ: ഇസ്രഈലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍. നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്തയച്ചത്.

ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടത്തിന് മാധ്യമപ്രവര്‍ത്തകര്‍ കത്ത് നല്‍കിയത്.

അല്‍ ജസീറ ലേഖകന്‍ ഇസ്മായില്‍ അല്‍-ഗൗളും അദ്ദേഹത്തിന്റെ ക്യാമറ ഓപ്പറേറ്റര്‍ റാമി അല്‍-റിഫിയുമാണ് ഇസ്രഈല്‍ സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രഈല്‍ -ഫലസ്തീന്‍ യുദ്ധത്തില്‍ 160ലധികം മാധ്യമപ്രവര്‍ത്തകരെ ഇസ്രഈല്‍ വധിച്ചിരുന്നു.

‘ഫലസ്തീനിലെ പത്രസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാനും ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്,’ കത്തില്‍ പറയുന്നു.

ഗസയിലെ യുദ്ധത്തെക്കുറിച്ച് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും ഫലസ്തീനികളെ പ്രതിരോധിക്കുന്നതിനും ഇസ്രഈല്‍ തുടരുന്ന മാര്‍ഗമാണ് ആക്രമണം, അതിനായി ആയുധങ്ങള്‍ നല്‍കുന്നത് പത്രപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ അമേരിക്ക ഇസ്രഈലിനെ സഹായിക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ അയച്ച കത്തില്‍ പറഞ്ഞു.

113 മാധ്യമപ്രവര്‍ത്തകരും ഏഴ് പ്രസ്സ് ഫ്രീഡം സംഘടനകളും 20 വാര്‍ത്താ ഏജന്‍സികളുമാണ് കത്തില്‍ ഒപ്പു വച്ചിട്ടുള്ളത്.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ 40000 ഫലസ്തീനികളെ ഇസ്രഈല്‍ കൊന്നൊടുക്കിയെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ ആരോഗ്യ പ്രവര്‍ത്തകര്‍, യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയിലെ ജീവനക്കാര്‍, വിദേശ സഹായ തൊഴിലാളികള്‍ എന്നിവരെല്ലാം ഇസ്രഈലിന്റെ നരഹത്യക്ക് ഇരയായിട്ടുണ്ട്.

ഇന്റര്‍നെറ്റ് തകരാറുകള്‍, ഗസയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരെ തടയല്‍, അല്‍ജസീറയുടെ ഓഫീസ് റെയ്ഡ് ചെയ്യല്‍ എന്നിങ്ങനെയുള്ള ഇസ്രഈലിന്റെ അടിച്ചമര്‍ത്തലുകളെല്ലാം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രഈലിന്റെ ആക്രമണങ്ങളുടെ തീവ്രത മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് തടയാനാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ തുടരുന്നതെന്നും കത്തില്‍ പറയുന്നു.

 

കവര്‍ ചിത്രത്തിന് കടപ്പാട്: അല്‍ ജസീറ

 

Content Highlight: Journalists send letter to US asking not to give arms to Israel