കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ഒക്ടോബര്‍ 17 ന് നട തുറന്നത് മുതല്‍ ശബരിമലയില്‍ ദേശീയ-മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട ഒരു കൂട്ടം ആളുകള്‍ മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടിങ്ങിനായി മലയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് ജോലിയുടെ ഭാഗമായി മല കയറാന്‍ എത്തിയപ്പോള്‍ അവരെ അക്രമികള്‍ വഴിയില്‍ വച്ച് തടഞ്ഞു. ഭക്തരെന്ന് അവകാശപ്പെടുന്ന ചില അക്രമികള്‍ സുഹാസിനിക്ക് നേരെ കല്ലെറിയുകയും, തെറി വിളി നടത്തുകയും ചെയ്തതിന് സാക്ഷിയായ കെ.ജി കമലേഷ് എന്ന മാധ്യമ പ്രവര്ത്തകന് അത് ലൈവായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കമലേഷിനെ തടഞ്ഞ് നിര്‍ത്തി പറഞ്ഞത് മാറ്റി പറയാന്‍ അക്രമികള്‍ ആക്രോശിച്ചു. താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്ന് ക്യാമറ നോക്കി തന്നെ കമലേഷ് പറഞ്ഞു. പൊലീസ് ഇടപെട്ട് അക്രമികള്‍ പിന്മാറുന്നത് വരെയുള്ള ദൃശ്യം ഏഷ്യാനെറ്റില്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തുന്നതിനിടെ റിപ്പോര്‍ട്ടര്‍മാരോട് അക്രമികള്‍ കയര്‍ത്തു സംസാരിക്കുന്ന വേറെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ക്യാമറക്ക് മുന്നില്‍ വന്ന് പൊലീസ് കല്ലെറിഞ്ഞു എന്ന് പറയാന്‍ റിപ്പോര്‍ട്ടറെ നിര്‍ബന്ധിക്കുന്ന ദൃശ്യം ഇതില്‍പ്പെടും. പലപ്പോഴും മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത വിധം അക്രമാസക്തമായിരുന്നു അവിടെയുള്ള ആള്‍ക്കൂട്ടം എന്നും മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
Also Read: ശബരിമല ഹര്‍ത്താല്‍; കെ.എസ്.ആര്.ടി.സിക്ക് ഒന്നേകാല്‍ കോടിയുടെ നഷ്ടം; അറസ്റ്റിലായവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് തച്ചങ്കരി
ഒടുവില്‍ നടയടക്കുന്നതിന് മുമ്പ് അക്രമ ഭീഷണി മൂലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മലയിറങ്ങേണ്ടി വന്നു എന്നും അവര്‍ പറയുന്നു. “സന്നിധാനത്ത് നിന്ന് മാധ്യമങ്ങളെ പൊലീസ് ഒഴിപ്പിച്ചതല്ല. നടയടച്ച് മലയിറങ്ങും മുമ്പ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ഉപകരണങ്ങള്‍ നശിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭക്തരെന്നും പറഞ്ഞ് കൂടിയിരിക്കുന്നവര്‍. ഇന്നലെയും പലര്‍ക്കും നേരേ കേട്ടാലറയ്ക്കുന്ന തെറി വിളിയും ഭീഷണിയും ഉണ്ടായി. അക്രമത്തിന് ഇടയുണ്ടാകാതിരിക്കാന് എല്ലാവരും ഒരുമിച്ച് തീരുമാനിച്ച് മലയിറങ്ങി”. എന്ന് മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
റിപ്പബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന, ഇന്ത്യ ടുഡെ റിപ്പോര്‍ട്ടര്‍ മൗസമി സിങ്ങ്, ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടര്‍ സരിത.എസ്.ബാലന്, റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രജീഷ് തുടങ്ങി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ശബരിമലയില്‍ ആക്രമിക്കപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് കൂടാതെ അക്രമികള്‍ ഇവരുടെ ഉപകരണങ്ങളും വാഹനങ്ങളും അടിച്ച് തകര്‍ക്കുകയും ചെയ്തു.
Also Read: “രാഷ്ട്രീയക്കാരെപ്പോലെ പെരുമാറരുത്” ;തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മന്ത്രി എ.കെ ബാലന്
ഒക്ടോബര്‍ 22 ന് രാത്രി നട അടക്കുന്നത് വരെ മാധ്യമങ്ങള്‍ കാത്ത് നിന്നില്ല. അവസാന ദിവസമായ 22 ന് ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് തങ്ങള്‍ മലയിറങ്ങാന്‍ തീരുമാനിച്ചതെന്ന് മാധ്യമപ്രവര്‍ത്തനായ സനോജ് സുരേന്ദ്രന് പറയുന്നു.
“സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണ്. പവിത്രമായ മണ്ണില്‍ നിന്നും ഒളിച്ച് കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയില്‍ പമ്പയില്‍ ട്രാക്ടര്‍ വിളിച്ച് വരുത്തി നിന്ന നില്പ്പില് ഞങ്ങള്‍ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം ആളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങള്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമ്മയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങള്‍ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടില്‍ നാപ്ക്കിന്‍ ആയിരിന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. കാരണം നാപ്ക്കിന്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെ. മറ്റൊരു വാര്‍ത്ത 13 സ്ത്രീകള്‍ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു.അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാര്‍ത്തയായി നല്കുവാന് കഴിയുക.”
Also Read: മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്രം; ഇത് സംസ്ഥാനത്തിന് എതിരായ നീക്കം; ആഞ്ഞടിച്ച് പിണറായി വിജയന്
കള്ള പ്രചരണങ്ങളുടെ മലവെള്ളപാച്ചിലാണ് കുറച്ച് ദിവസമായി. ഒരു ചാനലിലും, നവ മാധ്യമങ്ങളിലും പ്രചരിച്ച് കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ലതയെന്ന 53 കാരി തെലുങ്കാനയില്‍ നിന്നും സന്നിധാനത്ത് എത്തിയപ്പോള്‍ അവരെ നടപ്പന്തലില്‍ തടഞ്ഞു. പ്രതിഷേധക്കാരില്‍ ആരോ ഒരാള്‍ ഇവര്‍ക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു. പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളിക്കള്‍ പോലെയുള്ള നാമജപവുമായി അവര്‍ക്ക് നേരെ ചീറിപാഞ്ഞു. ഈ സമയം ഞങ്ങള്‍ 200 മീറ്റര്‍ മാറി സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഇവിടേയ്ക്ക് ഓടി എത്തിയത്.
തടഞ്ഞ് വെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോള്‍ വയസ്സ് 53. ഭയന്ന് വിറച്ച ആ ഭക്ത പോലീസ് അകമ്പടിയോടെ നിറകണ്ണുമായിട്ടാണ് ദര്‍ശനം നടത്തിയത്. ഇന്നലെ 47 ക്കാരിയായ തെലുങ്കാന സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍.”
“അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്ത്തു. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കൈയ്യേറ്റ ശ്രമം. അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞ ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചു”.
“പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി.ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്. സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പൊലിസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാനുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരകേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.” സനോജ് പറഞ്ഞു.
വീഡിയോ കടപ്പാട് : ന്യൂസ് എയിറ്റീന് ഇന്ത്യ