| Wednesday, 26th April 2023, 9:05 pm

യൂറോപ്പില്‍ മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുന്നു; സമൂഹ മാധ്യമങ്ങളിലടക്കം ഭീഷണി: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തക സംരക്ഷണ കമ്മിറ്റിയാണ് (committee to protect journalists- cpj) മാധ്യമപ്രവര്‍ത്തകരെ നിശബ്ദമാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നും ബുധനാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ചില സര്‍ക്കാര്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങി. പൊതുതാല്‍പര്യ വിവരങ്ങള്‍ തടഞ്ഞുവെക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 2022ലെ റഷ്യ-ഉക്രൈന്‍ യുദ്ധം പത്രപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ കഴിവ് പരീക്ഷിക്കുന്നതായിരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം പത്ത് മാധ്യമപ്രവര്‍ത്തകര്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടിരുന്നു.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ മികച്ച പത്ത് രാജ്യങ്ങളില്‍ ഒമ്പത് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളാണെങ്കിലും ഇവിടുത്തെ സ്ഥിതി ഇരുണ്ട് വരികയാണെന്ന് സി.പി.ജെ പറയുന്നു.

‘മുമ്പ് ഇല്ലാത്ത വിധം മാധ്യമപ്രവര്‍ത്തനവും പ്രവര്‍ത്തകരും ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ അവസ്ഥ നോക്കുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുന്ന പ്രവണത കൂടിവരികയാണ്,’ സി.പി.ജെയുടെ യൂറോപ്യന്‍ പ്രതിനിധി അല്‍ ജസീറയോട് പറഞ്ഞു.

‘2017ല്‍ മാള്‍ട്ടീസ് മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കരുവാന ഗലീസിയയുടെയും 2018ല്‍ സ്ലോവാക്യയിലെ മാധ്യമപ്രവര്‍ത്തകനായ ജാന്‍ കുസിയാകും കൊല്ലപ്പെട്ടു.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഉന്നതിയില്‍ ഇരിക്കുന്ന പണക്കാരായ ആളുകളും ഇക്കൂട്ടത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകരെ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്നവരാണിവര്‍,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ല്‍ യൂറോപ്യന്‍ കമ്മീഷന്‍ യൂറോപ്യന്‍ മീഡിയ ഫ്രീഡം ആക്ട് അവതരിപ്പിച്ചിരുന്നു.

content highlight: Journalists are being silenced in Europe; Threats in Social Media: Report

We use cookies to give you the best possible experience. Learn more