'ബി.ബി.സി ഫലസ്തീനികളെ മനുഷ്യരായി കാണുന്നില്ല'; തുറന്ന കത്തുമായി സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍
World News
'ബി.ബി.സി ഫലസ്തീനികളെ മനുഷ്യരായി കാണുന്നില്ല'; തുറന്ന കത്തുമായി സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 11:26 am

ലണ്ടന്‍: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംങ് കോര്‍പ്പറേഷന്‍ (ബി.ബി.സി) പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം. ഫലസ്തീനികളെ സ്ഥാപനം മനുഷ്യരായി കാണുന്നില്ലെന്നും ഇസ്രഈല്‍ ഭരണകൂടത്തിന് വേണ്ടിയാണ് ബി.ബി.സി നിലകൊള്ളുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

ബി.ബി.സിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ 2300 വാക്കുകളുള്ള കത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

14,000ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബി.ബി.സിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പരാജയപ്പെട്ടുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിവിധ സമയങ്ങളിലായി സുപ്രധാനമായ ചരിത്ര സംഭവങ്ങള്‍ ബി.ബി.സി മറക്കുന്നതായും കണ്ടില്ലെന്ന് നടിക്കുന്നതായും മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

യുദ്ധത്തിലെ ഇസ്രഈലികളായ ഇരകളെ വാര്‍ത്തകളില്‍ എടുത്തുകാണിക്കുമ്പോള്‍ ഫലസ്തീനികളെ ബി.ബി.സി മനപൂര്‍വം ഒഴിവാക്കുകയാണെന്നായിരുന്നു പ്രവര്‍ത്തകരുടെ മറ്റൊരു ആരോപണം. യുദ്ധം ആഗോള തലത്തിലെ ന്യൂസ് റൂമുകളെ വിഭജിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഹമാസിന്റെ പ്രത്യാക്രമണങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ കൊലപാതകം, ക്രൂരതകള്‍, കൂട്ടക്കൊല എന്നിങ്ങനെയുള്ള വാക്കുകള്‍ ബി.ബി.സി ഉപയോഗിക്കുന്നതായും പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. അതേസമയം ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാന്‍ സ്ഥാപനം മുതിരുന്നില്ലെന്നും വിമര്‍ശനവും ഉണ്ട്. ബി.ബി.സി തങ്ങളെയും തങ്ങളുടെ നിലപാടുകളെയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

ബി.ബി.സിയിലെ മുതിര്‍ന്ന റിപ്പോട്ടര്‍മാരും ഏതാനും സ്റ്റാഫുകളും ഉക്രെയിന്‍ സിവിലിയന്മാരോട് സഹാനുഭൂതിയില്ലാതെ പുലര്‍ത്തിയ അതേ സമീപനമാണ് ഫലസ്തീനികളോടും പുലര്‍ത്തുന്നതെന്നും ആരോപണം ഉയര്‍ന്നു.

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ബി.സി രംഗത്തെത്തി. ഫലസ്തീനില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ടിങ് നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് ബി.ബി.സി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസിനെ ‘പോരാളികള്‍’ എന്ന് വിശേഷിപ്പിച്ചതിന് യു.കെ പ്രതിരോധ സെക്രട്ടറിയുടെ വിമര്‍ശനവും ബി.ബി.സിക്ക് എതിരെ ഉയര്‍ന്നിരുന്നു.

നിലവില്‍ ഇസ്രഈല്‍ പക്ഷം പിടിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് അനവധി സ്ഥാപനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ രാജിവെച്ചിട്ടുണ്ട്.

Content Highlight: Journalists against B.B.C reporting on Israel-Palestine issue