| Thursday, 20th June 2024, 4:41 pm

നീ ആള് ഗജഫ്രോഡാണല്ലോയെന്ന് കെ. സുരേന്ദ്രന്‍, കൈ ചൂണ്ടി ഭീഷണിപ്പെടുത്തി അനുയായി; ആരോപണവുമായി മാധ്യമ പ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതായി ന്യൂസ് മലയാളം മാധ്യമപ്രവര്‍ത്തക ആതിര സരസ്വത്. ഫേസ്ബുക്കിലൂടെയാണ് ആരോപണം. പിന്നാലെ കെ. സുരേന്ദ്രന്റെ അനുയായി സുവര്‍ണ പ്രസാദ് തന്നെ കൈ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മാധ്യമ പ്രവര്‍ത്തക ആരോപിച്ചു.

അടുത്തിടെ എം.ടി. രമേശ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുമെന്ന വാര്‍ത്ത ആതിര നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച നടന്ന കെ. സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ കെ. സുരേന്ദ്രന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്നാണ് ആരോപണം.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എം.ടി രമേശ് സംസ്ഥാന പ്രസിഡന്റാകുമെന്ന വാര്‍ത്ത ഞാന്‍ നല്‍കിയിരുന്നു ..
അതിനെ തുടര്‍ന്ന് ചിലര്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞ് എന്നെ വിളിച്ചു . എന്തിനാണ് ആ വാര്‍ത്ത നല്‍കിയതെന്ന് അവര്‍ ചോദിച്ചു.

ഇന്നലെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ കെ. സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിന് ചെന്നപ്പോള്‍ പുറത്ത് ഇരിക്കുകയായിരുന്ന എന്റെ അടുത്ത് വന്ന് അദ്ദേഹം ‘നീ ആളു ഗജഫ്രോഡ്’ ആണല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തിനോട് എന്താ ചേട്ടാ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചങ്കിലും മറുപടി തന്നില്ല,’ മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്താ സമ്മേളനത്തിന് ശേഷം കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോട് തനിക്കുണ്ടായ വിഷമം പങ്കുവെച്ചപ്പോള്‍ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തനിക്കൊപ്പം വന്ന് കെ. സുരേന്ദ്രന് ഒപ്പം നടക്കുന്ന സുവര്‍ണ്ണ പ്രസാദിനോട് വിഷയം അവതരിപ്പിച്ചു. കെ. സുരേന്ദ്രനില്‍ നിന്നുണ്ടായ അനുഭവം പരഞ്ഞപ്പോള്‍ വളരെ മോശമായ രീതിയിലാണ് സുവര്‍ണ പ്രസാദും പ്രതികരിച്ചതെന്ന് മാധ്യമ പ്രവര്‍ത്തക പറഞ്ഞു.

കൈ ചൂണ്ടി ഭീഷണി സ്വരത്തിലായിരുന്നു അവര്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തക കൂട്ടിച്ചേര്‍ത്തു. മാതൃകപരമായി പെരുമാറേണ്ട നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എന്ത് സൂചനയാണ് അദ്ദേഹം ഇതിലൂടെ സമൂഹത്തിന് നല്‍കുന്നതെന്നും
തന്റെ ജോലി ചെയ്തതിന് ശത്രു ആക്കി പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Journalist with allegations against k surendran

We use cookies to give you the best possible experience. Learn more