കൊവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
India
കൊവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2020, 10:27 am

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് മരിച്ചത്. എസ്.എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഗുജറാത്തില്‍ മരണനിരക്ക് ഉയരുന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 18120 ആണ്. 694 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

ഗുജറാത്തില്‍ 388 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 7013 ആയി ഉയര്‍ന്നു. 29 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 425 ആയി. അഹമ്മദാബാദ് നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 275 കേസകളും 23 മരണവുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.