| Wednesday, 19th June 2024, 12:05 pm

ധൂമം പരാജയപ്പെട്ടതുകൊണ്ട് ഹോംബാലെ ഫിലിംസ് ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ നിന്ന് പിന്മാറി: തമിഴ് ജേര്‍ണലിസ്റ്റ് വിഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഹോംബാലെ ഫിലിംസ്. കെ.ജി.എഫ് സീരീസ് ഹിറ്റായതിന് പിന്നാലെ ഹോംബാലെ കന്നഡക്ക് പുറത്തുള്ള ഇന്‍ഡസ്ട്രികളില്‍ സിനിമകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി തെലുങ്കില്‍ പ്രഭാസ് നായകനായ സാലറും മലയാളത്തില്‍ ഫഹദ് നായകനായ ധൂമവും നിര്‍മിക്കാന്‍ ഹോംബാലെ ഫിലിംസ് തീരുമാനിക്കുകയും ചെയ്തു.

തമിഴിലും തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഹോംബാലെ ഫിലിംസ് തയാറെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ സുധാ കൊങ്കരയുടെ സംവിധാനത്തില്‍ സിലമ്പരസനെ നായകനാക്കിയുള്ള സിനിമ ഹോംബാലെ നിര്‍മിക്കുമെന്നായിരുന്നു ആ സമയത്തെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 250 കോടി ബജറ്റിലെത്തിയ സലാര്‍ വന്‍ വിജയമാകാത്തതും, ധൂമം പരാജയപ്പെടുകയും ചെയ്തതോടെ തമിഴിലെ പ്രൊജക്ടില്‍ നിന്ന് ഹോംബാലെ ഫിലിംസ് പിന്മാറിയെന്ന് തമിഴിലെ പ്രശസ്ത ജേര്‍ണലിസ്റ്റായ വിഷാന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷാന്‍ ഇക്കാര്യം പറഞ്ഞത്.

‘കെ.ജി.എഫിന്റെ രണ്ട് പാര്‍ട്ടും, പിന്നീട് വന്ന കാന്താരയും വന്‍ വിജയമായതോടെ ഹോംബാലെ ഫിലിംസ് കന്നഡക്ക് പുറത്തുള്ള ഇന്‍ഡസ്ട്രികള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എല്ലാ സ്റ്റേറ്റിലും അവരുടെ പ്രതിനിധിയെ അയച്ചിരുന്നു. നല്ല സബ്ജക്ട് തെരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയതത്.

തെലുങ്കില്‍ പ്രഭാസിനെ നായകനാക്കി സലാറും മലയാളത്തില്‍ ഫഹദിനെ നായകനാക്കി ധൂമവും ചെയ്തത് അങ്ങനെയാണ്. ചെന്നൈയിലും അവരുടെ പ്രതിനിധി ഉണ്ടായിരുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തില്‍ സിലമ്പരസനെ നായകനാക്കി ഒരു പ്രൊജക്ട് ഉറപ്പിച്ചതുമാണ്. പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗത്ത് നിന്ന ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വരേണ്ടതുമായിരുന്നു.

എന്നാല്‍ വന്‍ ബജറ്റില്‍ റിലീസായ സലാര്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. 450 കോടി മാത്രമേ കളക്ട് ചെയ്തുള്ളൂ. അതേ സമയം മലയാളത്തില്‍ നോക്കിയാല്‍ ഫഹദിനെ പോലൊരു പാന്‍ ഇന്ത്യന്‍ ആക്ടറിനെ വെച്ച് ചെയ്ത സിനിമയുടെ യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് ധൂമം എന്ന സിനിമ ഇറക്കിയത്. കേരളത്തിലുള്ളവര്‍ പോലും അങ്ങനെയൊരു സിനിമയെപ്പറ്റി റിലീസിന് ശേഷമാണ് അറിഞ്ഞത്.

അഞ്ച് ഭാഷയില്‍ റിലീസായ സിനിമയുടെ ഒ.ടി.ടി റിലീസ് പോലും അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ അധികം പോപ്പുലാരിറ്റിയില്ലാത്ത പ്ലാറ്റ്‌ഫോമായ ആപ്പിള്‍ ടി.വിയിലാണ് അത് റിലീസായത്. ഈ രണ്ട് സിനിമയുടെയും റിസല്‍ട്ട് ഹോംബാലെ ഫിലിംസിനെ ഇരുത്തി ചിന്തിപ്പിച്ചു. അതേ സമയം ചെന്നൈയിലെ പ്രതിനിധിയും ഹെഡ് ഓഫീസും തമ്മില്‍ എന്തോ മിസ് കമ്മ്യൂണിക്കേഷന്‍ ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം കാരണം സുധാ- സിലമ്പരസന്‍ പ്രൊജക്ട് ഹോംബാലെ ഉപേക്ഷിച്ചു,’ വിഷാന്‍ പറഞ്ഞു.

Content Highlight: Journalist Vishaan saying that Homable Films dropped Sudha Kongara Silambarasan project because failure of Dhoomam movie

We use cookies to give you the best possible experience. Learn more