| Monday, 29th April 2024, 7:18 pm

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് മീന്‍മണം പിടിച്ചില്ല; വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുംബൈ നോര്‍ത്ത് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പിയൂഷ് ഗോയലിന് മീന്‍മണം ബുദ്ധിമുട്ടായെന്ന് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഭീഷണി. മുംബൈയിലെ വനിതാ മാധ്യമപ്രവര്‍ത്തകയെ നാല് പേര്‍ ചേര്‍ന്നാണ് ഭീഷണിപ്പെടുത്തിയത്.

നവകാല്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ നേഹ പുരാവിനെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ബോറിവലിയിലെത്തിയ കേന്ദ്ര മന്ത്രി സ്ഥലത്തെ മീന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ മന്ത്രി മൂക്ക് പൊത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മന്ത്രി തങ്ങളെ മനഃപ്പൂര്‍വ്വം അപമാനിച്ചെന്ന് കാട്ടി മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ലേഖനം ഏപ്രില്‍ 14നാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ സംഭവം വലിയ വിവാദമാവുകയും ചെയ്തു.

തുടര്‍ന്ന് ഏപ്രില്‍ 25ന് രാത്രി നാല് പേര്‍ നേഹയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇത്തരം വാര്‍ത്തകള്‍ ഇനി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

നേഹയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlight: Journalist threatened for writing article against Piyush Goyal, case filed

Latest Stories

We use cookies to give you the best possible experience. Learn more