പനാജി: തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി ലൈംഗികക്കുറ്റം ചുമത്തി. ലൈംഗികമായി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് കോടതി നടപടി. പരാതിക്കാരിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2013 ല്‍ തെഹല്‍ക്ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റ് കോണ്‍ഫറന്‍സിനിടെ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വച്ച് തരുണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടിയായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. പരാതിയെത്തുടര്‍ന്ന തരുണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്നെ തരുണ്‍ പീഡിപ്പിച്ചെന്നു കാട്ടി യുവതി തെഹല്‍ക്ക ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയും ഇവര്‍ തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നതും നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തെഹല്‍ക്കയുടെ അന്നത്തെ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയും തേജ്പാലും പരാതിക്കാരിയും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു തരുണിനെതിരെ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. നേരത്തെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും അതുകൊണ്ട് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ തരുണ്‍ സമീപിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങള്‍ പരാതിക്കാരിയുടെ വാദത്തെ സാധൂകരിക്കുന്നതാണെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി നടപടി. യുവതിയെ രണ്ടുവട്ടം ഉപദ്രവിക്കാന്‍ തരുണ്‍ ശ്രമിച്ചിരുന്നെന്നും ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു.