പനജി: മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഗോവയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി.
സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.
2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചു.
എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തരുണ്‍ തേജ്പാല്‍ നിലവില്‍ ജാമ്യത്തിലാണ്.
വിഷയത്തില്‍ തെഹല്‍ക്ക സ്വീകരിച്ച സമീപനവും തന്നെ വളരെയേറെ വിഷമിപ്പിച്ചെന്നും ഇതിനാല്‍ രാജിവെക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
‘നവംബര്‍ ഏഴ് മുതലുണ്ടായ സംഭവങ്ങള്‍ ഒരു ജീവനക്കാരി എന്ന നിലയിലാണ് എന്നെ തേജ്പാല്‍ തോല്‍പ്പിച്ചതെങ്കില്‍, തെഹല്‍ക്ക സ്ത്രീ, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്ത്രീപക്ഷവാദികള്‍ എന്ന നിലയിലൊക്കെ പരാജയപ്പെട്ടുപോയി’, എന്നായിരുന്നു രാജിക്കത്തിലെ പെണ്‍കുട്ടിയുടെ പരാമര്‍ശം.
നേരത്തെ തരുണ്‍ തേജ്പാല്‍ വിഷയത്തില്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രൈം ടൈം ഷോകള്‍ വഴി ടൈംസ് നൗ പുറത്തുവിട്ടിരുന്നു.
തെഹല്‍കയുടെ സ്ഥാപക എഡിറ്ററായ തരുണ്‍ തേജ്പാലിനെ പ്രതിചേര്‍ത്തിട്ടുള്ള ബലാത്സംഗക്കേസ് ചര്‍ച്ച ചെയ്യുന്ന ഇന്ത്യ അപ്ഫ്രണ്ട് ഷോ, ന്യൂസ് അവര്‍ ഡിബേറ്റ് എന്നീ പരിപാടികളിലാണ് മേയ് 28ന് രണ്ടു മണിക്കൂര്‍ നേരം തുടര്‍ച്ചയായി സിസിടിവി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
ഇതിനെതിരെ എന്‍.ഡബ്ല്യു.എം.ഐ രംഗത്തെത്തിയിരുന്നു.
അതേസമയം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് തേജ്പാലും കൂട്ടരും തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാണിച്ച് പെണ്‍കുട്ടി ഗോവ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇതിനിടെ തേജ്പാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ പോലീസ് ആരോപിച്ചിരുന്നു.
നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍ (2013 നവംബര്‍ 29 ന് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Journalist Tarun Tejpal Acquitted In 2013 Rape Case Tehelka