തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാളിന്റെ ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു. വി ജോണിനെതിരെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും വ്‌ളോഗറുമായ സുനിത ദേവദാസ്. മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ് വിനു വി. ജോണെന്ന് ആവര്‍ത്തിച്ച സുനിത ഏഷ്യാനെറ്റ് എന്ന ബ്രാന്‍ഡിനെ നശിപ്പിക്കരുതെന്നും പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സുനിതാ ദേവദാസിനെതിരായ അശ്ലീല കമന്റ് സി.പി.ഐ.എം പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ വായിച്ചതിന് പിന്നാലെ നടന്ന വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി അവതാരകന്‍ വിനു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിത ദേവദാസ് വിനുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
യാസിറിന് വേണ്ടി അന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി വിനുവായിരുന്നുവെന്നും ചര്‍ച്ചക്ക് ഈ വിഷയത്തെ സ്റ്റുഡിയോയില്‍ എടുത്തപ്പോള്‍ മുതല്‍ വിനുവാണ് യാസിറായി പെരുമാറുന്നതെന്നും സുനിത ഫേസ്ബുക്കിലെഴുതി.
‘യാസിര്‍ എടപ്പാള്‍ എന്ന മനുഷ്യന്റെ ശരീരം നിങ്ങളുടെ സ്റ്റുഡിയോയില്‍ കുത്തിച്ചാരി വച്ചിരുന്നു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല.
അയാളുടെ നാറിയ അഭിപ്രായങ്ങള്‍, അയാളുടെ പരാതികള്‍, അയാള്‍ക്ക് പറയാനുള്ളത്, അയാള്‍ക്ക് മന്ത്രിയെക്കുറിച്ചു പറയാനുള്ളത് ഒക്കെ നിങ്ങളുടെ വായിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. നിങ്ങളായിരുന്നു അന്ന് ആ ചര്‍ച്ചയില്‍ യാസിറിന് വേണ്ടി പങ്കെടുത്ത വ്യക്തി. ചര്‍ച്ചക്ക് ഈ വിഷയത്തെ സ്റ്റുഡിയോയില്‍ എടുത്തപ്പോള്‍ മുതല്‍ നിങ്ങളാണ് യാസിര്‍. യാസിറിന് സംസാരിക്കാനുള്ളത് നിങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നു,’ സുനിത പറഞ്ഞു.
ഏഷ്യാനെറ്റ് എന്ന ലേബല്‍ ഉള്ളത് കൊണ്ട് മാത്രം ആനപ്പുറത്തിരിക്കുന്നതായി തോന്നുവെന്നും എന്നാല്‍ 25 വര്ഷം പൂര്‍ത്തിയാക്കുന്ന ഏഷ്യാനെറ്റ് പൂട്ടിക്കാന്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന കൊട്ടേഷനില്‍ നിന്നും പിന്മാറണമെന്നും സുനിത പറഞ്ഞു.
‘ആവര്‍ത്തിക്കുന്നു മിസ്റ്റര്‍ വിനു, മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിര്‍ മാത്രമാണ് നിങ്ങള്‍. അതിനപ്പുറം ആരുമല്ല.
ഏഷ്യാനെറ് എന്നൊരു ലേബല്‍ ഇപ്പോള്‍ കൂട്ടിനുള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആനപ്പുറത്തിരിക്കുന്നതായി തോന്നും. മറ്റൊരു മാധ്യമപ്രവര്‍ത്തക മറ്റൊരവസരത്തില്‍ മറ്റൊരാളെക്കുറിച്ചു പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു.
വിനു വി ജോണ്‍ – ഏഷ്യാനെറ്റ് = വട്ടപ്പൂജ്യം
വിനു വി ജോണ്‍ + ഏഷ്യാനെറ്റ് = കോട്ടിട്ട യാസിര്‍
നബി: (ഒരഭ്യര്‍ത്ഥനയുണ്ട് ഏഷ്യാനെറ്റ് പ്രേക്ഷക എന്ന നിലയില്‍,) 25 വര്ഷം പൂര്‍ത്തിയാക്കുന്ന ഏഷ്യാനെറ്റ് പൂട്ടിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന ആ കൊട്ടേഷനില്‍ നിന്നും പിന്മാറണം. ഒരുപാട് നല്ല മനുഷ്യര്‍ കെട്ടിപ്പൊക്കിയ ഒരു ചാനലാണ്. ജനഹൃദയത്തിലാണ് അതിന്റെ സ്ഥാനം. നിങ്ങളായിട്ട് ഇന്ത്യയിലെ ഏറ്റവും വിലയുള്ള ആ ബ്രാന്‍ഡ് നശിപ്പിച്ചു കളയരുത്
നിങ്ങളുടെ ഫ്രസ്ട്രേഷനുകള്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല ഏഷ്യാനെറ്റ് എന്ന ആ ബ്രാന്‍ഡ്,’ സുനിത പറഞ്ഞു.
ശനിയാഴ്ച്ച ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെ ഇട്ട അശ്ലീല ഫേസ്ബുക്ക് കമന്റുകള്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി വായിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകരോട് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താവതാരകന്‍ വിനു വി ജോണ്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി കെ.ആര്‍ മീര രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് വിനു വി ജോണ്‍ കഴിഞ്ഞ ദിവസം ന്യൂസ് അവറില്‍ കെ.ആര്‍ മീരക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പോരാളികളുടെ നിലവാരത്തു നിന്ന് പറഞ്ഞ് സ്വയം ഇളിഭ്യരാവരുതെന്നായിരുന്നു വിനുവിന്റെ പ്രതികരണം.
ഇതില്‍ പ്രതികരിച്ച് എഴുത്തുകാരി കെ. ആര്‍ മീരയും രംഗത്തെത്തിയിരുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലുമെന്ന് അവര്‍ പറഞ്ഞു.
‘സുനിത ദേവദാസിനെ കുറിച്ച്, കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവര്‍ത്തകയായ ഞാന്‍ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.
എല്ലാ സ്നേഹത്തോടെയും പറയട്ടെ, ഞാന്‍ പത്രപ്രവര്‍ത്തക ആയിരുന്ന കാലം മുതല്‍ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റും പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാര്‍, സക്കറിയ, സി.എല്‍.തോമസ്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവര്‍ ചാനല്‍ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.
പക്ഷേ, കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്റെ ന്യൂസ് അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിന്റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേല്‍ എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല.
കാരണം, ഞാന്‍ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും,’ കെ ആര്‍ മീര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Journalist Sunitha Devadas against Vinu V John