| Saturday, 28th January 2023, 12:42 pm

'മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ഓട്ടം അവസാനിക്കുന്നു'; എന്‍.ഡി.ടി.വിയില്‍ നിന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രവീഷ് കുമാറിന് പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനും (Sreenivasan Jain) എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചു.

എന്‍.ഡി.ടി.വിയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട മാധ്യമപ്രവര്‍ത്തനം അവസാനിക്കുന്നുവെന്ന് ശ്രീനിവാസന്‍ ജെയിന്‍ ട്വിറ്ററില്‍ കുറിച്ചു.

‘എല്ലാവര്‍ക്കും ഹായ്, എന്‍.ഡി.ടി.വിയിലെ അതിശയകരവും മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്നതുമായ ഓട്ടം ഇന്ന് അവസാനിക്കുന്നു. രാജിവെക്കാനുള്ള തീരുമാനം എളുപ്പമല്ല, പക്ഷേ, ഇപ്പോഴിതാണ് തീരുമാനം. ബാക്കി വഴിയേ,’ ശ്രീനിവാസന്‍ ജെയിന്‍ ട്വീറ്റ് ചെയ്തു.

1995 മുതല്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീനിവാസന്‍ ജെയിന്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകനാണ്.

എന്‍.ഡി.ടി.വിയിലെ ‘റിയാലിറ്റി ചെക്ക് ആന്റ് ട്രൂത്ത് vs ഹൈപ്പ്’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു.

എന്‍.ഡി.ടി.വി അദാനി ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ മാസങ്ങളിലായി രവീഷ് കുമാര്‍ അടക്കം നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് രാജിവെച്ചത്.

ഗ്രൂപ്പ് പ്രസിഡന്റ് സുപര്‍ണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത് സിങ് ബേദി എന്നിവരാണ് കഴിഞ്ഞ ആഴ്ച എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചത്.

കഴിഞ്ഞ നവംബറിലാണ് എന്‍.ഡി.ടി.വി. ഉടമകളായിരുന്ന പ്രണോയ് റോയ്, രാധിക റോയ് എന്നിവരില്‍ നിന്ന് കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിനുപിന്നാലെ ഇരുവരും ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഇവരെക്കൂടാതെ നാല് സ്വതന്ത്ര ഡയറക്ടര്‍മാരും രാജിവെച്ചത്.

എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (RRPR Holding Private Limited) ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പ്രണോയിയും രാധികയും രാജിവെച്ചത്.

Content Highlight: Journalist Sreenivasan Jain quits NDTV

We use cookies to give you the best possible experience. Learn more