| Tuesday, 11th August 2020, 1:15 pm

'കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകും'; മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍, അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ
മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം. തെറ്റുകള്‍ പറ്റാത്തവരല്ല മാധ്യമ പ്രവര്‍ത്തകരെന്നും മനഃപ്പൂര്‍വ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകുമെന്നും ശ്രീജ ശ്യാം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ വലിയതോതില്‍ അധിക്ഷേപ പ്രചരണം നടന്നുവരികയാണ്. അതിനിടെയാണ് ശ്രീജ ശ്യാമിന്റെ പ്രതികരണം.

ശ്രീജ ശ്യാമിന്റെ പ്രതികരണം

വീണ്ടും വീണ്ടും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്!
കഷ്ടം തന്നെ!നാറ്റക്കേസാണ് മക്കളെ ഇത്!

ഒരു സ്ത്രീയെ, അത് രാഷ്ട്രീയ പ്രവര്‍ത്തകയോ, സാമൂഹ്യ പ്രവര്‍ത്തകയോ,മാധ്യമ പ്രവര്‍ത്തകയോ ഇനി ഇതൊന്നുമല്ല , ഒരു സാധാരണ പെണ്‍കുട്ടിയോ ആവട്ടെ…
അവള്‍ ഒരു ചോദ്യം ചോദിച്ചാല്‍ നേര്‍ക്കുനേര്‍ നിന്ന് മറുപടി പറയാന്‍ ചങ്കുറപ്പില്ലെങ്കില്‍ അതിനു നിക്കരുത്! ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍,
അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ
മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നത്!
ഉത്തരം മുട്ടുമ്പോ വീട്ടിലിരിക്കുന്ന ഭാര്യയെ ചേര്‍ത്ത് തെമ്മാടിത്തരം പറയുന്ന ആ പാര്‍ട്ടി പ്രവര്‍ത്തനം ഉണ്ടല്ലോ, അത് നിങ്ങടെ സംസ്‌കാരത്തിനപ്പുറം മറ്റൊന്നും കാണിക്കുന്നുമില്ല !
ഇതൊക്കെ ഉദാത്തമായ പൊളിറ്റിക്കല്‍ ആക്ടിവിസം ആയി ഫേസ്ബുക്ക് വോളില്‍ ആഘോഷിക്കുന്നവരോട് മറുപടി പറയുന്നത് ചാണകക്കുഴിയിലേക്ക് എടുത്ത് ചാടുന്നതിനു തുല്യമാണെന്നറിയാം, എന്നാലും ഇത്തവണ
ആ നാറ്റം സഹിക്കാമെന്നു വെച്ചു!

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി കണ്ട് ഒഴിവാക്കി വിടാമായിരുന്നു, പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ് എടുക്കാന്‍ വരുന്നവരൊക്കെ പറയുന്നത്,
‘ഒറ്റപ്പെട്ട സംഭവം’ എന്നൊന്നില്ല എന്നാണല്ലോ!
എല്ലാം കരുതിക്കൂട്ടി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത്, ഒരു നാക്കുപിഴ പോലും ഗൂഢാലോചനയുടെ ഭാഗം !
മനുഷ്യത്വം ഇല്ലാത്തവര്‍, ഇരപിടിയന്മാര്‍,അങ്ങനെ എന്തൊക്കെ?

കണ്ണില്‍ കണ്ടാല്‍, കയ്യില്‍ കിട്ടിയാല്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പട്ടിയെ തല്ലുന്നത് പോലെ തല്ലും എന്നൊക്കെ കേട്ട് പേടിച്ചിരിക്കണ കാലം ആയതുകൊണ്ട് ഇത് പറയാതെ പോകാന്‍ വയ്യ!

ഒരു കാര്യം കൂടി, തെറ്റുകള്‍ പറ്റാത്തവരല്ല മാധ്യമ പ്രവര്‍ത്തകര്‍.മനഃപ്പൂര്‍വ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകും!

(NB: എന്താ ഏതാ എന്നൊന്നും ചോദിച്ച് ദയവായി വരരുത്, ഇത് വായിച്ചാല്‍ കാര്യം എന്തെന്ന് മനസ്സിലാകുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്! ആ തെമ്മാടിത്തരം കണ്ട്
മിണ്ടാതിരിക്കുന്ന ക്ലാസ്സെടുപ്പുകാര്‍ക്ക് കത്തും എന്താണ് ഈ പറഞ്ഞതെന്ന്!
കാര്യം മനസ്സിലാക്കാതെ പോസ്റ്റിനു താഴെ ക്ളാസ് എടുക്കാന്‍ വന്നാ, very sorry, ഞാന്‍ ബ്ലോക്കും! )

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more