കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള വന്നപ്പോള്‍ കേട്ട വിമര്‍ശനങ്ങളും ട്രോളുകളും ജമാഅത്തെ ഇസ്‌ലാമി – ആര്‍.എസ്.എസ് ചര്‍ച്ച നടന്നപ്പോള്‍ കാണുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍.
അന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും ചരിത്രം പറയലും ഇപ്പോള്‍ കാണുന്നില്ലെന്നും തന്റെ ടൈം ലൈനില്‍ അവ ഇല്ലാത്തത് കൊണ്ടാണോയെന്നും സിന്ധു സൂര്യകുമാര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിന്ധു സൂര്യകുമാര്‍ ജമാഅത്തെ ഇസ്‌ലാമി – ആര്‍.എസ്.എസ് ചര്‍ച്ചയെക്കുറിച്ച് വിമര്‍ശനങ്ങളൊന്നും കാണാത്തതിനെക്കുറിച്ച് ചോദിച്ചത്.
‘മുജാഹിദുകാരുടെ പരിപാടിയില്‍ ശ്രീധരന്‍പിള്ള വന്നപ്പോള്‍ കേട്ട വിമര്‍ശനങ്ങളും, ട്രോളുകളും പരിഹാസങ്ങളും ചരിത്രം പറയലും, ഉപമകളുണ്ടാക്കലുമൊന്നും ജമാ അത്തെക്കാര്‍ ആര്‍.എസ്.എസ്സുമായി നേരിട്ട് ചര്‍ച്ചിച്ചപ്പോള്‍ കാണുന്നില്ലല്ലോ. എന്റെ ടൈംലൈനില്‍ ഇല്ലാത്തതുകൊണ്ടാവും.
ഭരണം കയ്യിലിരിക്കുന്നതുകൊണ്ടാണത്രേ ചര്‍ച്ച നടത്തിയത്. ഇതിന് കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന പഴമൊഴിയുമായി ബന്ധമൊന്നും കാണില്ല. ഭാരതമാതാ കീ ജയ് എന്നു വിളിക്കാനുള്ള പ്രയാസം മാത്രമായിരുന്നല്ലോ, അജണ്ട അല്ലേ,’ സിന്ധു സൂര്യകുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ വിവരം ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി ടി. ആരീഫ് അലിയാണ് കഴിഞ്ഞ ദിവസം ന്യു ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജനുവരി 14ന് ന്യൂദല്‍ഹിയില്‍വച്ച് ആര്‍.എസ്.എസിന്റെ രണ്ടാം നിര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്. വൈ ഖുറേഷിയാണ് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി – ആര്‍.എസ്.എസ് ചര്‍ച്ചയില്‍ പ്രതികരിച്ച് നേരത്തെ കെ.ടി.ജലീലും രംഗത്ത് എത്തിയിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ഹിറാ സെന്ററിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് അര്‍.എസ്.എസ് നേതാവ് ന്യു ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
നാട്ടില്‍ ഒരു പട്ടി ചത്താല്‍ അതിന്റെ ‘ഇസ്‌ലാമിക പരിപ്രേക്ഷ്യം’ നെടുനീളന്‍ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള ‘ഇസ്ലാമിക് ബുജീവികള്‍’ എന്തേ ആര്‍.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയില്‍ നിന്ന് ഉല്‍ഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കള്‍ നല്‍കിയ ‘സുവ്യക്ത’ മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.
അതേസമയം, ഖുറേഷി, ദല്‍ഹി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ്, ഷാഹിസ് സിദ്ധിഖി, സയ്യിദ് ഷെര്‍വാണി എന്നിവര്‍ 2022 ആഗസ്റ്റില്‍ ആര്‍.എസ്.എസ് സര്‍സംഘ് ചാലക് ഡോ. മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ആരിഫ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജമാഅത്തെ ഇസ്‌ലാമിയുമായുമായുള്ള ചര്‍ച്ച. ചര്‍ച്ചകള്‍ തുടരുമെന്നും ആര്‍.എസ്.എസിന്റെ പ്രധാന നേതാക്കള്‍ അടുത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ആരിഫലി ന്യു ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
content highlight: journalist Sindhu Suryakumar said that she did not see the criticism and trolls heard when the Jamaat-e-Islami-RSS discussion place