മനാഗ്വ: നിക്കരഗ്വേയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 25 ആയി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രാജ്യത്തെ കരീബിയന്‍ തീരമായ ബ്ലൂഫീല്‍ഡ്‌സില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഏയ്ഞ്ചല്‍ ഗഹോന എന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
പെന്‍ഷനന്‍ പരിഷ്‌ക്കാരത്തിനെതിരെയാണ് നിക്കരഗ്വേയിലെ ഡാനിയല്‍ ഒര്‍ട്ടേഗ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. തൊഴിലാളികള്‍ നല്‍കേണ്ട പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിച്ചും മറ്റ് ആനുകൂല്യങ്ങള്‍ മൊത്തത്തില്‍ വെട്ടിക്കുറച്ചും സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് ജനങ്ങളെ ചൊടിപ്പിച്ചത്.
ഏപ്രില്‍ 18ന് തുടങ്ങിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. 67 പേര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസിന് പുറമെ സര്‍ക്കാര്‍ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധക്കാരെ വേട്ടയാടുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. പക്ഷെ പൊലീസ് അക്രമം അവസാനിപ്പിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍ പറഞ്ഞിരുന്നു.
2007ല്‍ ഒര്‍ട്ടേഗ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് നിക്കരഗ്വേയില്‍ നടക്കുന്നത്. 2016ല്‍ ഒര്‍ട്ടേഗ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യത്ത് നിക്കരഗ്വേ കൂടുതല്‍ പ്രക്ഷുബ്ധമായത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളടക്കം ഒര്‍ട്ടേഗയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.