ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു. പ്രാദേശിക ഹിന്ദി ദിനപത്രത്തിന്റെ പത്രപ്രവര്‍ത്തകനായ രാഘവേന്ദ്ര വാജ്‌പേയിയാണ് കൊല്ലപ്പെട്ടത്.
സീതാപൂര്‍, ദല്‍ഹി ദേശീയ പാതയില്‍ ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയായിരുന്നു സംഭവം. ഇമാലിയ സുല്‍ത്താന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹെപൂര്‍ റെയില്‍വേ ക്രോസിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലാണ് ആക്രമണം നടന്നത്.
പത്രപ്രവര്‍ത്തകന്‍ മറ്റൊരു ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമി സംഘം സ്ഥലത്തെത്തുകയും വാജ്‌പേയിക്കെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലുമായി തുളച്ചുകയറിയെന്നും പിന്നാലെ അക്രമികള്‍ സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും സീതാപൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും ഫോണ്‍ കോളുകളടക്കം പരിശോധിച്ചുവരികയാണെന്നും പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ വാജ്‌പേയിക്ക് ഭീഷണി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്നും നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം, ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള ഒരു പത്രപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകാറിനെ ജനുവരി മൂന്നിന് ബിജാപൂര്‍ ജില്ലയിലെ ഒരു സെപ്റ്റിക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഴിമതി ആരോപണവിധേയനായ ഒരു കരാറുകാരന്റെ വീട്ടുവളപ്പിലായിരുന്നു ഇത്. അടുത്തിടെ അദ്ദേഹം തന്നെ ആ കരാറുകാരന്റെ അഴിമതി തുറന്നുകാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Content Highlight: Journalist shot dead by bike-borne assailants in Sitapur, UP