|

അനധികൃത ഖനനത്തിനെ എതിര്‍ത്ത മാധ്യമ പ്രവര്‍ത്തന്‍ ലോറിയിടിച്ച് മരിച്ചു; കൊലപാതകമെന്ന് സംശയം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭിന്ദ്(മധ്യപ്രദേശ്): മണല്‍ മാഫിയയ്ക്കും അനധികൃത ഖനന മാഫിയ്ക്കും എതിരെ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ലോറി ഇടിച്ചു മരിച്ചു. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. സന്ദീപ് ശര്‍മ എന്ന യുവ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

ഒരു ദേശീയ വാര്‍ത്താ ചാനലിലെ ജേണലിസ്റ്റാണ് സന്ദീപ്. ഇദ്ദേഹത്തിനെതിരെ മണല്‍-ക്വാറി മാഫിയകളുടെ ഭീഷണികളുണ്ടായിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.

കൊട്വാലി പൊലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകള്‍ അകലെയാണ് സന്ദീപ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്തുടര്‍ന്നെത്തിയ ലോറി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു.

സി.സി.ടി.വിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്ത് വിട്ടിട്ടുണ്ട്. സന്ദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ചിട്ട ലോറി ഒന്ന് വേഗത കുറയ്ക്കുക പോലും ചെയ്യാതെ ഓടിച്ച് പോവുന്നതും കാണാം.

ശനിയാഴ്ച രാത്രി ബീഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരു്ന്നു. വില്ലേജ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ കാര്‍ ഇടിച്ചാണ് പാറ്റ്‌നക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.