'ഗുജറാത്തില്‍ മുസ്‌ലിങ്ങളെ കൊന്നവരെ വെറുതെവിടുന്നു, രാഹുല്‍ ഗാന്ധി ജയിലില്‍ പോകണമെന്ന് പറയുന്നു, ഇന്ന് രാജ്യത്ത് സംഭവിച്ച രണ്ട് കാര്യങ്ങള്‍': സബ നഖ്‌വി
national news
'ഗുജറാത്തില്‍ മുസ്‌ലിങ്ങളെ കൊന്നവരെ വെറുതെവിടുന്നു, രാഹുല്‍ ഗാന്ധി ജയിലില്‍ പോകണമെന്ന് പറയുന്നു, ഇന്ന് രാജ്യത്ത് സംഭവിച്ച രണ്ട് കാര്യങ്ങള്‍': സബ നഖ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th April 2023, 10:25 pm

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി മുന്‍ മന്ത്രി മായ കൊട്നാനി അടക്കമുള്ള 68 പ്രതികളെയും വെറുതെവിട്ട സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യപ്രവര്‍ത്തക സബ നഖ്‌വി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി പരാമാര്‍ശ കേസിലെ വിധിയും നരോദ ഗാം കൂട്ടക്കൊല കേസിലെ വിധിയും താരതമ്യം ചെയ്തായിരുന്നു സബ നഖ്‌വിയുടെ വിമര്‍ശനം.

ഗുജറാത്തില്‍ മുസ്‌ലിങ്ങളെ കൊന്നവരും ബലാത്സംഗം ചെയ്തവരും സ്വതന്ത്രരാകുകായും, രാഹുല്‍ ഗാന്ധി ജയിലില്‍ പോകണമെന്ന് പറയുകയും ചെയ്ത രണ്ട് സംഭവങ്ങള്‍ ഒറ്റ ദിവസമാണ് ഇന്ത്യയില്‍ നടന്നതെന്ന് സബ നഖ്‌വി പറഞ്ഞു.

 

‘ഗുജറാത്തില്‍ ആരും മുസ്‌ലിങ്ങളെ കൊന്നുകളയുകയോ സ്ത്രീകളെ ബലാംത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ല, അങ്ങനെ ചെയ്താലും അവര്‍ സ്വതന്ത്രരാകാന്‍ അര്‍ഹരാണ്. എന്നാലും രാഹുല്‍ ഗാന്ധി എന്തുതന്നെയായാലും ജയിലില്‍ പോകണം.

ഇന്ന് ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ സംഭവിച്ച രണ്ട് കാര്യങ്ങളാണിത്,’ എന്നാണ് സബ നഖ്‌വി ട്വീറ്റ് ചെയ്തത്.

നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്നാനി, ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി തുടങ്ങിയ 68 പ്രതികളെയാണ് ഗുജറാത്തിലെ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടത്.

കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി ഇപ്പോള്‍ വെറുതെ വിട്ടിരിക്കുന്നത്.

അതേസമയം, മോദി പരാമര്‍ശത്തിലുള്ള അയോഗ്യത കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജിയാണ് സൂറത്ത് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊകേര തള്ളിയത്. രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ നിര്‍ണയിച്ച വിധിയിന്മേല്‍ നല്‍കിയ അപ്പീലാണ് തള്ളിയിരുന്നത്.