ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് (Character Certificate) ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ബുധനാഴ്ചയാണ് നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരോടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും, വീഡിയോ ഗ്രാഫര്‍മാര്‍ക്കും ഈ നിയമം ബാധകമാണ്.
ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് പൊലീസ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് മുന്‍പ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ഇത് വിശകലനം ചെയ്ത ശേഷമായിരിക്കും അനുമതി നല്‍കുകയെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ഡെപ്യൂട്ടി എസ്.പിയുടെ ഓഫീസില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
അതേസമയം പുതിയ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബി.ജെ.പിയോട് ചോദ്യം ചോദിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയൊക്കെ ആവശ്യമുണ്ടോ എന്നതാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. മോദിയുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം തന്നെ അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മോശം ഭരണാധികാരിയായി മാറുമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ മറുപടി.
നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകനും എ.എ.പി വക്താവുമായ പങ്കജ് പണ്ഡിറ്റിന്റെ പ്രതികരണം. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് അവരുടെ തൊഴിലിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ് അധികാരികളുടെ നടപടിയെന്നാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വക്താവ് നരേഷ് ചൗഹാന്റെ പ്രതികരണം.
രണ്ടാം വട്ടവും വന്‍ വിജയത്തില്‍ പ്രധാനമന്ത്രിയായി എട്ട് വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുന്ന പ്രധാന മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ പെടാതെ പരമാവധി മാറിനടക്കുന്ന വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിങ്ങിനെ ‘മൗനി ബാബ’ എന്നായിരുന്നു ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്. അതേ പാര്‍ട്ടിയുടെ വക്താവായ നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് കാലങ്ങളായി ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ സംബന്ധിച്ച മിക്ക പ്രഖ്യാപനങ്ങളും മോദി നടത്തുന്നത് മന്‍ കി ബാത്തിലൂടെയാണ്.
അതിനിടെ ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലും മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശരാജ്യങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്ന മോദി രാജ്യത്തെ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് വിദേശത്ത് പോയിട്ടാണെന്നായിരുന്നു സാമ്‌നയിലെ റിപ്പോര്‍ട്ട്. സ്വന്തം നാട്ടില്‍ പ്രതികരിക്കാതെയിരുന്ന് വിദേശത്ത് പോയി നടത്തുന്ന പ്രതികരണങ്ങള്‍ ഒളിച്ചോട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
മാധ്യമസ്ഥാപനങ്ങളെ പോലും മോദി ഭരണത്തിന് ശേഷം റിയല്‍ മീഡിയ, ഗോദി മീഡിയ എന്നിങ്ങനെ വേര്‍തിരിച്ച് പറയാന്‍ തുടങ്ങിയിട്ടുണ്ട്.
ഗോദി മീഡിയ എന്ന വാക്കിനര്‍ഥം മടിത്തട്ടിലെ മാധ്യമങ്ങള്‍ എന്നാണ്. ലാപ്ഡോഗ് മീഡിയ എന്നും ഇത് അറിയപ്പെടുന്നു. സമകാലിക എന്‍.ഡി.ടി.വിയിലെ മാധ്യമ പ്രവര്‍ത്തകനും മഗ്സസെ അവാര്‍ഡ് ജേതാവുമായ രവീഷ് കുമാറാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത്. വളച്ചൊടിച്ചതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മടിയില്ലാത്ത മാധ്യമങ്ങളുടെ പ്രത്യേകിച്ച് ന്യൂസ് ചാനലുകളുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരികയാണ്. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനും സ്വതന്ത്ര ചിന്തയെ പിടിച്ചുകെട്ടാനും എതിരാളികളെ രാജ്യദ്രോഹികളാക്കാനും ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിക്കാനും ഇത്തരം മാധ്യമങ്ങള്‍ നിരന്തരം ശ്രമിച്ചുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ്-ബി.ജെ.പി സംഘടനകള്‍ക്കും വേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെയാണ് ഗോദി മീഡിയ എന്ന പേരിട്ട് വിളിക്കുന്നതും.
റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന സ്വതന്ത്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയായ 37 രാഷ്ട്രത്തലവന്മാരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍, ബ്രസീല്‍ പ്രസിഡന്റ് ബോല്‍സോനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരും മോദിക്ക് പുറമെ പട്ടികയിലുണ്ടായിരുന്നു.
2001ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ വാര്‍ത്താ നിയന്ത്രണങ്ങളുടെ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റി. 2014ല്‍ പ്രധാനമന്ത്രിയായപ്പോഴും ആ രീതി തുടര്‍ന്നു. തന്റെ ദേശീയ പോപ്പുലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ നിറയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ഇതിനായി മാധ്യമ ഉടമകളായ ശതകോടീശ്വരന്മാരായ വ്യവസായികളുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. മോദിയുടെ അങ്ങേയറ്റം ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗങ്ങള്‍ ചില മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുന്നുവെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ രാജ്യദ്രോഹ നിയമ പ്രകാരം ജയിലില്‍ അടയ്ക്കപ്പെടുന്നതും സൈബര്‍ ആക്രമണത്തിന് ഇരകളാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിയെ അനുകൂലിക്കുന്ന സൈബര്‍ പോരാളികള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭയാനകമായ വിദ്വേഷ പ്രചാരണം നടത്തുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കര്‍ശന നിലപാടെടുത്തവരെ കൊന്നുതള്ളിയ കഥ പോലും മോദി അധികാരത്തിലെത്തിയ ശേഷം ഉണ്ടായി.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 142ആം സ്ഥാനത്താണ് ഇന്ത്യ.
Content Highlight: Journalist’s should submit ID proof before reporting modi’s himachal visit