ദല്‍ഹിയിലെ തണുപ്പ് കൊണ്ടാണോ മോദി മിണ്ടാതിരിക്കുന്നത്, പെണ്ണുങ്ങളെ പൂജിക്കുന്ന ഇന്നാട്ടിലെ പൂജാരിമാരെവിടെ? ഗുസ്തി താരങ്ങളുടെ സമരത്തില്‍ രവീഷ് കുമാര്‍
national news
ദല്‍ഹിയിലെ തണുപ്പ് കൊണ്ടാണോ മോദി മിണ്ടാതിരിക്കുന്നത്, പെണ്ണുങ്ങളെ പൂജിക്കുന്ന ഇന്നാട്ടിലെ പൂജാരിമാരെവിടെ? ഗുസ്തി താരങ്ങളുടെ സമരത്തില്‍ രവീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th January 2023, 3:07 pm

ന്യൂദല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന്റെയും സമരം നടത്തുന്നതിന്റെയും പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍.

വനിതാ ഗുസ്തി താരങ്ങള്‍ ധര്‍ണയിരിക്കുമ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നത് ദല്‍ഹിയിലെ തണുപ്പ് കൊണ്ടാണോ എന്നാണ് രവീഷ് കുമാര്‍ പരിഹാസരൂപേണ ചോദിച്ചത്. ഇനി ബി.ബി.സി ഇതേക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കേണ്ടതുണ്ടോ എന്നും ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം ചോദിച്ചു.

”പ്രധാനമന്ത്രീ, വനിതാ ഗുസ്തി താരങ്ങള്‍ ധര്‍ണയിരിക്കുകയാണ്. നിങ്ങളുടെ ഒരു എം.പിക്കെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്നിരിക്കുകയാണ്.

തണുപ്പ് കൂടുതലുള്ളത് കൊണ്ടാണോ അതോ എം.പിയുടെ അധികാരം കൊണ്ടാണോ നിങ്ങള്‍ (മോദി) മിണ്ടാതിരിക്കുന്നത്? ഗുജറാത്തിനെ കുറിച്ച് ചെയ്തത് പോലെ ഇനി ബി.ബി.സി ഇതേക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിക്കുമെന്നും അതിലൂടെ അവര്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്നും രാജ്യം പ്രതീക്ഷിക്കണോ ?

പെണ്ണുങ്ങളെ പൂജിക്കുന്ന ഈ നാട്ടിലെ പൂജാരിമാരൊക്കെ എവിടക്കോണ് ഓടിപ്പോയത് ?,” രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് അടക്കമുള്ള നേതാക്കളും കഴിഞ്ഞദിവസം വിഷയത്തില്‍ പ്രതികരിച്ചും നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടും ട്വീറ്റ് ചെയ്തിരുന്നു.

വനിതാ ഗുസ്തി താരങ്ങളെ ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് രണ്ട് ദിവസം മുമ്പായിരുന്നു വനിതാഗുസ്തി താരം വിനേഷ് ഫൊഗട്ട് വെളിപ്പെടുത്തിയത്.

”നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് കോച്ചുകളും ബ്രിജ് ഭൂഷണും വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. നാഷണല്‍ കോച്ചുകളില്‍ പലരും വര്‍ഷങ്ങളായി ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ്.

നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട 20 പെണ്‍കുട്ടികളെയെങ്കിലും എനിക്കറിയാം. പലരും കരഞ്ഞുകൊണ്ട് പരാതി പറഞ്ഞതും എനിക്കറിയാം,” വിനേഷ് ഫൊഗട്ട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കേസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍.

ഇയാളുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ച ഉച്ചമുതല്‍ ലോകജേതാക്കളായ ഇന്ത്യന്‍ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നുണ്ട്. വിനേഷ് ഫൊഗട്ടിന് പുറമെ സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, ബജ്രംഗ് പൂനിയ, അന്‍ഷു അടക്കം നിരവധി പേരാണ് സമരരംഗത്തുള്ളത്.

ഈ സമരത്തിനിടയിലാണ് വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് വിനേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ തന്റെ ജീവന്‍ വരെ അപകടത്തിലായേക്കാമെന്ന ഭയമുണ്ടെന്നും വിനേഷ് പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങളുടെ ക്ഷേമം മുന്നില്‍ക്കണ്ടല്ല ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെതിരെയാണ് തങ്ങളുടെ സമരമെന്നുമാണ് ബജ്രംഗ് പൂനിയ പറഞ്ഞത്. ഇതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ക്ഷണിക്കാത്തതെന്നും ബജ്രംഗ് പറഞ്ഞു.

‘ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുമ്പോള്‍ എല്ലാവര്‍ക്കും വലിയ ആഘോഷമാണ്. പക്ഷെ അതിനുശേഷം ഞങ്ങളോട് ഫെഡറേഷനടക്കം എങ്ങനെയാണ് പെരുമാറുന്നതെന്ന് ആരും അന്വേഷിക്കാറില്ല.

ഇത്രയും നാള്‍ മിണ്ടാതെയിരുന്ന് എല്ലാം സഹിച്ചു. ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഇനിയും മിണ്ടാതിരിക്കാനാകില്ല,’ പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

Content Highlight: Journalist Ravish Kumar on Sexual harassment charge against WFI chief and Narendra Modi’s silence