ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തിനെതിരായ ആക്രമണമെന്ന് പറഞ്ഞ അദാനി
ടെന്‍ഡര്‍ റദ്ദാക്കിയ യോഗിയെയും രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുമോ എന്ന് രവീഷ് കുമാര്‍ ചോദിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റ പരിഹാസം.
‘ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ രാജ്യത്തിനെതിരായ ആക്രമണമെന്നാണ് അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. സാമൂഹ മാധ്യമങ്ങളില്‍ അദാനിക്ക് വേണ്ടി പ്രധിഷേധിച്ച ആളുകള്‍ ഇനി യോഗിക്കും രാജ്യദ്രോഹപ്പട്ടം നല്‍കുമോ?
കരാര്‍ റദ്ദാക്കിയ സ്ഥിതിക്ക് യു.പിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സമ്മിറ്റില്‍ അദാനി പങ്കെടുക്കുമോ? അദാനി യു.പി യില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ എഴുപതിനായിരം കോടി രൂപയുടെ മൂലധന നിക്ഷേപത്തിന്റെ ഭാവി ഇനിയെന്താകും,’ തുടങ്ങിയ ചോദ്യങ്ങളാണ് രവീഷ് കുമാര്‍ ഉന്നയിക്കുന്നത്.
യു.പിയിലെ നാല് വൈദ്യുത ക്ലസ്റ്ററുകളിലായി 2.5 കോടി സ്മാര്‍ട്ട് വൈദ്യുത മീറ്ററുകള്‍ സ്ഥാപിക്കാനാണ് മധ്യാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് ടെന്‍ഡര്‍ ക്ഷണിച്ചത്.
മീറ്ററൊന്നിന് 6,000 രൂപ അടിസ്ഥാന വില കണക്കാക്കിയ ടെന്‍ഡര്‍ 10,000 രൂപക്കാണ് അദാനി ട്രാന്‍സ്മിഷന് അനുവദിച്ചു നല്‍കിയത്. ഇതിലൂടെ 5,454 കോടിയുടെ കരാറിനാണ് അദാനി ഗ്രൂപ്പും യു.പി ഗവണ്‍മെന്റും തമ്മില്‍ ധാരണയായത്. ഇതിനെതിരെ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശ് വൈദ്യുത ഉപഭോകൃത പരിഷത്ത് ടെന്‍ഡറില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
അദാനി ട്രാന്‍സ്മിഷന്‍, ജി.എം.ആര്‍, എല്‍.എന്‍.ഡി, ഇന്റല്‍ സ്മാര്‍ട്ട് എന്നീ കമ്പനികള്‍ മാത്രമാണ് ലേലത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഈ നാല് കമ്പനികളും സ്വന്തമായി വൈദ്യുതി മീറ്റര്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനെ ഉദ്ദരിച്ച് രവിഷ് കുമാര്‍ പറയുന്നത്.
വീഡിയോയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയേയും രവീഷ് പരിഹസിക്കുന്നുണ്ട്.
‘രണ്ട് ദിവസം മുമ്പ് നമ്മുടെ ധനമന്ത്രി മോദി സര്‍ക്കാറിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്ക് കീഴില്‍ രാജ്യത്തെ എല്ലാ പ്രൊജക്ടുകളും സുതാര്യവും സത്യസന്ധവുമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് സംഘടിപ്പിക്കപ്പെടുന്നതെന്ന് അവര്‍ പറയുകയുണ്ടായി.
അത് പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ യോഗി സര്‍ക്കാര്‍ തന്നെ പ്രതിഷേധം ഭയന്ന് അദാനിയുമായുള്ള കരാര്‍ റദ്ദാക്കുമെന്ന് അവര്‍ വിചാരിച്ച് കാണില്ല. രാജ്യത്ത് വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ് ചെയ്യുന്ന ഈ കാലത്ത് ടെന്‍ഡര്‍ നടപടികളുടെ സുതാര്യതയെ കുറിച്ച് പറയുന്നത് അപഹാസ്യമാണ്,’ രവീഷ് കുമാര്‍ പറഞ്ഞു.
വീഡിയോ ഇതിനോടോകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 15 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
അദാനി ഏറ്റെടുത്തതിന് പിന്നാലെ എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ച രവീഷ് കുമാര്‍ രണ്ട് മാസം മുമ്പാണ് സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ചാനലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിലവില്‍ 50 ലക്ഷത്തിനടുത്ത് ആളുകള്‍ യൂട്യൂബില്‍ രവീഷിനെ പിന്തുടരുന്നുണ്ട്.