മുംബൈ: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ലണ്ടനിലേക്ക് പോകാനിരുന്ന റാണ അയ്യൂബിനെ തടഞ്ഞത്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആയിരുന്നു നടപടി.
കൊവിഡ്19 ദുരിതാശ്വാസത്തിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്ന കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ പോകുന്നതിനിടയിലാണ് തന്നെ മുംബൈ ഇമിഗ്രേഷനില്‍ തടഞ്ഞതെന്നും ആഴ്ചകള്‍ക്ക മുമ്പ് തന്നെ ഇക്കാര്യം താന്‍ പരസ്യമാക്കിയിരുന്നെന്നും റാണ അയ്യൂബ് പറഞ്ഞു. തന്നെ തടഞ്ഞ ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് തനിക്ക് ലഭിച്ചെന്നും റാണ അയ്യൂബ് കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദു ഐ.ടി സെല്‍’ എന്ന എന്‍.ജി.ഒയുടെ സ്ഥാപകനും ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയുമായ വികാസ് സംകൃത്യായനാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസില്‍ റാണ അയ്യൂബിനെതിരെ കേസ് നല്‍കിയത്.
2020 നും 2021 നും ഇടയില്‍ ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി ഇവര്‍ 2.69 കോടി രൂപ സമാഹരിച്ചതായാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി പറയുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി റാണ അയ്യൂബ് രംഗത്തുവരാറുണ്ട്.
Content Highlights: Journalist Rana Ayyub Stopped From Leaving India At Mumbai Airport