| Saturday, 4th June 2022, 4:40 pm

'ഒരു മനുഷ്യനെ കൊന്നാല്‍ ഒരു പട്ടിയും ചോദിക്കാന്‍ വരില്ലെന്ന വിശ്വാസം'; ജന ഗണ മനയിലെ കോടതി രംഗങ്ങള്‍ പങ്കുവെച്ച് റാണാ അയൂബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചെയ്ത ജന ഗണ മന ജൂണ്‍ ഒന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കൈകാര്യം ചെയ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് തന്നെ റിലീസ് സമയത്ത് ചര്‍ച്ചയിലേക്ക് വന്നിരുന്നു.

മുസ്‌ലിം വിരുദ്ധത, ജാതി രാഷ്ട്രീയം, വോട്ട് രാഷ്ട്രീയം എന്നീ സമകാലീന ഇന്ത്യയിലെ പ്രശ്‌നങ്ങളെല്ലാം ജന ഗണ മനയില്‍ പ്രതിപാതിച്ചിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ജന ഗണ മന വീണ്ടും ചര്‍ച്ചകളിലേക്കുയരുകയാണ്.

ചിത്രത്തിലെ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തക റാണാ അയൂബ്. സിനിമയിലെ സെക്കന്റ് ഹാഫില്‍ കോടതി മുറയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ രംഗമാണ് റാണാ അയൂബ് ട്വിറ്ററില്‍ പങ്കു വെച്ചത്.

‘എല്ലായ്‌പ്പോഴും മലയാളം സിനിമകള്‍ കാണാറുണ്ട്. ഇത് ജന ഗണ മനയില്‍ നിന്നുമാണ്,’ എന്നാണ് റാണാ അയൂബ് വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇന്ത്യയില്‍ ജാതി ഒരു മനുഷ്യന്റെ മരണത്തിലേക്ക് വരെ നയിക്കുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന പൃഥ്വിരാജിന്റെ ഡയലോഗുകളാണ് ഈ രംഗങ്ങളില്‍ കാണിക്കുന്നത്.

മേയ് ഒന്ന് അര്‍ധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

മലയാളത്തില്‍ ഈ വര്‍ഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ജന ഗണ മന. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ ജന ഗണ മനക്ക് സാധിച്ചു.

ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

Content Highlight: Journalist Rana Ayub shared a video from jana gana mana

Latest Stories

We use cookies to give you the best possible experience. Learn more