| Wednesday, 16th August 2023, 9:26 pm

'ജയ്ശ്രീ റാം വിളിച്ച് മുസ്‌ലിം യുവാവിനെ അക്രമിക്കുന്നവര്‍; കേസില്ല, അന്വേഷണമില്ല, വിദ്വേഷം സര്‍വസാധാരണമായി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയം സര്‍വസാധാരണമായെന്ന് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ഹിന്ദു പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ച് മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടം മുസ്‌ലിം യുവാവിനെ ഉപദ്രവിക്കുന്ന വീഡിയോ പങ്കുവെച്ച് ട്വീറ്റിലൂടെയായിരുന്നു രജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.

മുംബൈയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഒന്നായ ബാന്ദ്രയില്‍ ജൂലൈ മാസം മൂന്നാം വാരം നടന്ന സംഭവത്തില്‍ ഇതുവരെ പൊലീസ് നടപടിയുണ്ടായിട്ടില്ല എന്നത് ആശ്ചര്യകരമാണെന്നും രജ്ദീപ് സര്‍ദേശായി പറഞ്ഞു.

‘ജയ് ശ്രീ റാം’ വിളിച്ചാണ് ആള്‍ക്കൂട്ടം മുസ്‌ലിം യുവാവിനെ ഉപദ്രവിക്കുന്നത്. സംഭവം നടക്കുന്ന സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനെയും രജ്ദീപ് വിമര്‍ശിക്കുന്നുണ്ട്.

‘ബാന്ദ്ര സ്റ്റേഷനില്‍ ജനക്കൂട്ടം ആര്‍പ്പുവിളിച്ച് യുവാവിനെ മര്‍ദിക്കുന്ന ഞെട്ടിപ്പിക്കുന്ന
സംഭവം മൊബൈല്‍ ചിത്രീകരിക്കുന്നുവര്‍. അക്രമത്തിനിരയായ യുവാവ് മുസ്‌ലിമാണ്.
ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ട്രെയ്‌നില്‍ യാത്ര ചെയ്‌തെന്ന് ആരോപിച്ച് ജനക്കൂട്ടം ‘ജയ് ശ്രീ റാം’ വിളിച്ച് അവനെ ക്രൂരമായി മര്‍ദിക്കുകയാണ്.

അവിടെയൊന്നും പൊലീസിന്റെ സാന്നിധ്യത്തിന്റെ ഒരു ലക്ഷണവുമില്ല. ജൂലൈ മൂന്നാം വാരം നടന്ന സംഭവത്തില്‍ ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണമില്ല.

ഇതൊരു റിമോട്ട് ഏരിയ അല്ല. ബാന്ദ്രയിലാണ്, മുംബൈയുടെ ഹൃദയമായ സ്ഥലമാണ്. ഇതാണ് ഇന്ത്യ. ഇത് എങ്ങനെ സംഭവിക്കുന്നു? വിദ്വേഷ രാഷ്ട്രീയം സര്‍വസാധാരണമായിരിക്കുന്നു. നഫ്രത് ചോഡോ, ദേശ് ജോഡോ!,’ രജ്ദീപ് ട്വീറ്റ് ചെയ്തു.

Content Highlight: Journalist Rajdeep Sardesai said that hate politics has become common in India

We use cookies to give you the best possible experience. Learn more