കൈരളി, മീഡിയവണ്‍ ചാനലുകളെ പത്രസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് മാനേജിങ് ഡയറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍.
കൈരളി, മീഡിയ വണ്‍ ചാനലുകളോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യത്തിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നതെന്നും വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് കൊച്ചിയില്‍ ഉണ്ടായിരിക്കുന്നത്. കൈരളി, മീഡിയ വണ്‍ ചാനലുകളോട് പുറത്തുപോകണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസാരിക്കുവാനും വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് ഭരണഘടന നല്‍കുന്നതാണ്. തുല്യതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട്.
ഈ രണ്ട് ചാനലുകളോടുള്ള, മാധ്യമപ്രവര്‍ത്തകരോടുള്ള ഗവര്‍ണറുടെ നടപടി ശരിയായില്ല, എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെ.
ഗവര്‍ണര്‍ സ്വകാര്യമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ വിളിക്കാം. പക്ഷെ പബ്ലിക്കായി ഒരു പത്രസമ്മേളനം വിളിക്കുമ്പോള്‍ അതില്‍ നിന്ന് ഏതെങ്കിലും ചാനലുകളെ ഒഴിവാക്കുന്നത് വിവേചനമാണ്. ആ വിവേചനത്തിന് യാതൊരു അടിസ്ഥാനവുമില്ല.
ഈ ചാനലുകളില്‍ നിന്ന് വന്നവര്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍ പാര്‍ട്ടിയിലെ അംഗങ്ങളാണ്, ഇവരോട് സംസാരിക്കാന്‍ താല്‍പര്യമില്ല, അവര്‍ പുറത്തുപോകണം എന്നാണ് പ്രകോപിതനായ ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ പറഞ്ഞത്. അദ്ദേഹം ഈ ചാനലുകളോട് ഗെറ്റൗട്ട് പറയുകയാണുണ്ടായത്.
ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യത്തിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്. ആശയാവിഷ്‌കാരത്തിനുള്ള തങ്ങളുടെ സ്വാതന്ത്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് വീഴുമ്പോള്‍ എന്ത് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന തന്നെ തീരുമാനിക്കട്ടെ,” ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
അല്‍പസമയം മുമ്പായിരുന്നു രാജ്ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കൈരളി, മീഡിയവണ്‍ ചാനലുകളോട് സംസാരിക്കില്ലെന്നും അവര്‍ പുറത്തുപോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. വളരെ ക്ഷുഭിതനായായിരുന്നു ഗവര്‍ണര്‍ ഈ രണ്ട് ചാനലുകളുടെ പ്രതിനിധികളോട് സംസാരിച്ചത്.
കൈരളിയും മീഡിയവണ്ണും തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണെന്നും കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്ഭവന്‍ ക്ഷണിച്ചിട്ടാണ് തങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയതെന്നാണ് മീഡിയവണ്‍, കൈരളി ചാനലുകള്‍ പറയുന്നത്.
നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.
വാര്‍ത്താസമ്മേളനം അറിഞ്ഞ് രാജ്ഭവനില്‍ എത്തിയപ്പോഴാണ് വിലക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്. പതിവുകള്‍ തെറ്റിച്ച് രഹസ്യമായാണ് അന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഗേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.
Content Highlight: Journalist R Sreekandan Nair on Governor Arif Mohammad Khan banning Kairali and MediaOne from press meet