| Thursday, 11th October 2018, 7:28 pm

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണോ ഈ റെയ്ഡ്; മാധ്യമസ്ഥാപനങ്ങളിലെ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടമാടുന്നതെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

റെയ്ഡിനു പിന്നിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഷയം അതീവ ഗൗരതരമാണെന്നും ദി പ്രിന്റ് ചീഫ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത പ്രതികരിച്ചു. ക്വിന്റിലേയും ന്യൂസ് മിനിറ്റിലേയും റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗ്രീന്‍ പീസ് ഇന്ത്യയിലും ബംഗളൂരുവിലെ ഡയറക്ട് ഡയലോഗ് ഇനീഷ്യേറ്റീവിലും റെയ്ഡ് നടത്തിയതായി മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ്ഗുഹ താക്കുര്‍ത്ത വെളിപ്പെടുത്തി.

ALSO READ: പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് ഐക്യരാഷ്ട്രസഭ

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അശുതോഷും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ക്വിന്റിലിയോണ്‍ മീഡിയ സ്ഥാപനത്തിന്റെ ഉടമയായ രാഘവ് ബാഹ്ലിയുടെ വസതിയിലും ക്വിന്റിലിയോണ്‍ നിക്ഷേപം നടത്തുന്ന ദി ന്യൂസ് മിനുട്ടിന്റെ ബാംഗ്‌ളൂരിലെ ഓഫീസിലും ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പാരോപിച്ചായിരുന്നു റെയ്ഡ്.

ദല്‍ഹിയിലെ എ.എ.പി ഗതാഗത മന്ത്രി കൈലാഷ് ഗാലോട്ടിന്റെ വസതിയിലും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ALSO READ: ശബരിമല സമരത്തിലൂടെ എന്‍.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയുടെ വസതിയില്‍ കഴിഞ്ഞവര്‍ഷം നടത്തിയ സമാനപരിശോധന ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തങ്ങള്‍ക്കെതിരെയുയരുന്ന എതിര്‍ശബ്ദങ്ങളെ ആദായനികുതി വകുപ്പിനെക്കൂട്ടു പിടിച്ച് കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കുറ്റപ്പെടുത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more