തൊഴില്‍ ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
labour issue
തൊഴില്‍ ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th July 2020, 9:47 pm

കോഴിക്കോട്: മാധ്യമ മേഖലയിലെ തൊഴില്‍ ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍, നാഷനല്‍ അലയന്‍സ് ഓഫ് ജേണലിസ്റ്റ്‌സ്, മദ്രാസ് യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്, ബ്രിഹാന്‍ മുംബൈ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്, ദല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തൊഴില്‍നിഷേധവും ശമ്പളം വെട്ടിക്കുറയ്ക്കലുമടക്കമുള്ളവയ്‌ക്കെതിരയാണ് പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം.

രാജ്യവ്യാപകമായി മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണു വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക പ്രതിഷേധം നടന്നത്. ഇതിനകം ആയിരത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അതിലുമേറെ പേര്‍ ശമ്പളം ലഭിക്കാതെയും ശമ്പളം വെട്ടിക്കുറച്ചും ബുദ്ധിമുട്ട് നേരിടുകയാണ്.

കൊവിഡ്- 19ന്റെ മറവില്‍ മാധ്യമ മനേജ്‌മെന്റുകള്‍ തൊഴില്‍ നിഷേധം ഉള്‍പ്പെടെയുള്ള തൊഴിലാളി വിരുദ്ധ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.. ഐ.എന്‍.എസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉടമകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുമുണ്ട്. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയമ നടപടികള്‍ തുടര്‍ന്നു വരികയാണ്.

തുശൂര്‍ പ്രസ് ക്ലബിനു മുന്നില്‍ നടന്ന പ്രതിഷേധം കെ.യു.ഡബ്ലു.ജെ ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി പത്‌മേഷ്, കോഴിക്കോട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍, ജില്ല പ്രസിഡന്റ് എം.ഫിറോസ്ഖാന്‍, സെക്രട്ടറി പി.എസ് രാകേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ്, മലപ്പുറത്ത് ജില്ല സെക്രട്ടറി കെ.പി.എം റിയാസ്, പാലക്കാട് സംസ്ഥാന കമ്മിറ്റി അംഗം ഷജില്‍കുമാര്‍, ജില്ല ജോയന്റ് സെക്രട്ടറി കെ.പി യാസിര്‍, തൃശൂരില്‍ ജില്ല പ്രസിഡന്റ് പ്രഭാത്, സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് പൂനത്ത്, എറണാകുളത്ത് ജില്ല പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി.ശശികാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ഗോപകുമാര്‍, ആലപ്പുഴയില്‍ ജില്ല പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി രാജേഷ്, കോട്ടയത്ത് ജില്ല പ്രസിഡന്റ് ജോസഫ് സെബാസ്റ്റിയന്‍, സെക്രട്ടറി എസ്. സനില്‍ കുമാര്‍, കൊല്ലത്ത് ജില്ല പ്രസിഡന്റ് അജിത് ശ്രീനിവാസന്‍, സെക്രട്ടറി പി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ