1986ല്‍ ചിത്രഭൂമി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലൂടെയായിരിക്കും മലയാളികള്‍ മാമുക്കോയയെന്ന പേര് ആദ്യമായി ശ്രദ്ധിച്ചിട്ടുണ്ടാകുക. അന്ന് ചിത്രഭൂമിക്ക് വേണ്ടി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര എഴുത്തുകാരനുമായ പ്രേംചന്ദാണ് മലയാളികള്‍ ആവര്‍ത്തിച്ച് വിളിച്ച മാമുക്കോയയെന്ന പേരിന് നിമിത്തമായത്. മാമുക്കോയയെക്കുറിച്ച് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് പ്രേംചന്ദ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
1986ലെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞതിന് ശേഷം മാമുക്കോയയെ മാതൃഭൂമിയില്‍ നിന്ന് ചിത്രഭൂമിക്ക് വേണ്ടി അഭിമുഖം ചെയ്തത് പ്രേംചന്ദ് ആയിരുന്നു.
അന്ന് മാമു തൊണ്ടിക്കോട് എന്നാണ് മാമുക്കോയ നാട്ടിലും നാടക സിനിമാ സൗഹൃദങ്ങളിലുമെല്ലാം അറിയപ്പെട്ടിരുന്നതെന്നും പിന്നീട് അഭിമുഖത്തില്‍ മാമുക്കോയ എന്ന് കൊടുക്കുകയായിരുന്നുവെന്നുമാണ് പ്രേംചന്ദ് പറയുന്നത്.
‘മുഖാമുഖം അവസാനിച്ച് പിരിയും നേരം എന്ത് പേരിട്ട് എഴുതി (മാമു, മാമുക്കോയ, മാമു തൊണ്ടിക്കോട്) കൊടുക്കണം എന്ന് ചോദിച്ചപ്പോള്‍ ‘അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്ക്’ എന്നായിരുന്നു മറുപടി. മുതിര്‍ന്നവര് മാമു എന്ന് വിളിക്കും, കുറേപ്പേര്‍ മാമുക്കോയ എന്ന് വിളിക്കും, നാടകത്തില്‍ മാമു തൊണ്ടിക്കോട് എന്ന് ഇടും ചിലര്‍ അങ്ങിനെ പോയി പല പേരുകളിലെ ആ ജീവിതം.
അങ്ങിനെ എഴുതി വന്നപ്പോള്‍ ‘മാമുക്കോയ’ എന്നാക്കി. ചിത്രഭൂമിയില്‍ അങ്ങിനെ അറബി മുന്‍ഷിയുടെ കഥാപാത്രത്തെ മുന്‍നിര്‍ത്തി മാതൃഭൂമിയില്‍ ആദ്യമായി മാമുക്കോയയുടെ പേര് അച്ചടിച്ചു വന്നതില്‍ ഞാനൊരു നിമിത്തമായി എന്നു മാത്രം. അഭിമുഖം മുഴുവനൊന്നും വന്നില്ല. വെട്ടിച്ചുരുക്കി ഒരു ചെറിയ പ്രൊഫൈല്‍, ഒരു ചിത്രത്തോടൊപ്പം. അതിനുള്ള സ്നേഹം മാമുക്കോയ പിന്നീട് എപ്പോഴും വാരിക്കോരി തന്നു. എപ്പോള്‍ കാണുമ്പോഴും. ‘ആ ചെക്കനാണ് എന്നെ മാമുക്കോയയാക്കിയത്’ എന്ന് പിന്നീട് പി.പി. പ്രഭാകരന്റെ അടുത്ത് മാമുക്കോയ പറഞ്ഞു വിട്ടു,’ പ്രേംചന്ദ് പറയുന്നു.
പിന്നീട് മലയാള സിനിമയില്‍ തനത് ഹാസ്യത്തിന്റെ പ്രതീകമായി മാമുക്കോയ കുതിച്ചുയരുകയായിരുന്നുവെന്നും പ്രേംചന്ദ് പറയുന്നു.
മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി എന്ന ചിത്രത്തിലെ മാമുക്കോയയുടെ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അടയാളപ്പെടുത്തലാണെന്നും എഴുത്തുകാരന്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Journalist Prem Chand says about Mamukoya