മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കഥകള്‍ അയക്കില്ലെന്ന് പ്രമോദ് രാമന്‍
Kerala News
മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കഥകള്‍ അയക്കില്ലെന്ന് പ്രമോദ് രാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 8:34 pm

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് ഇനി കഥകള്‍ അയക്കില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന്‍. മാതൃഭൂമി ആഴ്ചപതിപ്പ് അസിസ്റ്റന്റ് എഡിറ്ററായിരുന്ന കമല്‍ റാം സജീവും കോപ്പി എഡിറ്ററായിരുന്ന മനില സി. മോഹനും രാജിവെച്ച പശ്ചാത്തലത്തിലാണ് പ്രമോദ് രാമന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രമോദ് രാമന്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയോടെ കമല്‍ റാം സജീവ് മാതൃഭൂമിയില്‍ നിന്നും രാജിവെച്ചിരുന്നു. ആഴ്ചപതിപ്പ് ചുമതലയില്‍ നിന്ന് നീക്കിയതിനു പിന്നാലെയായിരുന്നു കമല്‍ റാം സജീവിന്റെ രാജി. കമല്‍റാമിനു പുറമേ ആഴ്ചപതിപ്പ് കോപ്പി എഡിറ്ററായിരുന്ന മനില സി. മോഹനും സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിരുന്നു. രാജിക്കത്ത് നാളെ കൈമാറുമെന്ന് മനില പറഞ്ഞു. കമല്‍റാമിനെ ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മനില പറഞ്ഞിരുന്നു.


ദിവസങ്ങള്‍ക്കുമുമ്പാണ് കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയത്. സുഭാഷ് ചന്ദ്രനാണ് പുതിയ ചുമതല. എസ്. ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് കമല്‍ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നും നീക്കിയത്.

മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമല്‍റാം സജീവ്.

മീശ വിവാദത്തില്‍ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമല്‍റാം സജീവ് രംഗത്തെത്തിയിരുന്നു. സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിന്‍വലിച്ച ദിവസം കമല്‍റാം സജീവ് ട്വിറ്ററില്‍ കുറിച്ചത്.


കഴിഞ്ഞ 15 വര്‍ഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമല്‍റാം സജീവാണ്. മാതൃഭൂമി ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമല്‍ റാം സജീവിന്റെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു.