പി.ആര്‍. സുനില്‍ ഏഷ്യാനെറ്റ് വിട്ട് കൈരളിയിലേക്ക്
Kerala
പി.ആര്‍. സുനില്‍ ഏഷ്യാനെറ്റ് വിട്ട് കൈരളിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 12:58 pm

 

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്‍. സുനില്‍ കൈരളി ടിവിയിലേക്ക്. പി.ആര്‍. സുനിലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട് കൈരളിയിലെ മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പി.ആര്‍. സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്നു. ഏതാനും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പി.ആര്‍. സുനിലിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

നേരത്തെ ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്നും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് നേരിടേണ്ടി വന്നത് ദല്‍ഹി കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങള്‍ തുറന്നുകാണിച്ചുകൊണ്ടുള്ള പി.ആര്‍. സുനിലിന്റെ റിപ്പോര്‍ട്ടുകളായിരുന്നു. സി.എ.എ – എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍, ഹാത്രാസ് കൂട്ടബലാല്‍സംഗം, ദല്‍ഹി കലാപം, കര്‍ഷക സമരം എന്നീ സമയങ്ങളിലെല്ലാം കേന്ദ്ര ഭരണകൂടത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പി.ആര്‍. സുനിലിന്റേതായി വന്നിരുന്നു. ഇവയോട് ഏഷ്യാനെറ്റ് മാനേജ്മെന്റിനുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് പി.ആര്‍. സുനിലിന് മേല്‍ മാനേജ്മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

16 വര്‍ഷത്തിലേറെയായി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ പി.ആര്‍. സുനില്‍ സുപ്രീംകോടതി ലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദല്‍ഹി കലാപവേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍ നടന്നതായി ഏഷ്യാനെറ്റ് ന്യൂസിലൂടെ പി.ആര്‍. സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജയ്ശ്രീറാം വിളിക്കാത്തവര്‍ക്ക് വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നിന്നും ജീവനോടെ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണെന്ന കാര്യം പുറത്തുകൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ദല്‍ഹി കലാപവേളയില്‍ വസ്ത്രമുയര്‍ത്തി ജനനേന്ദ്രിയം തിരിച്ചറിയല്‍ രേഖയാക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയും അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു. 16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനകാലത്ത് ഇത്തരമൊരു ദുരനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും സിഖ് കലാപത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന ഏറ്റവും ഭീകരമായ സാഹചര്യമാണിതെന്നും അദ്ദേഹം ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ തുറന്നടിച്ചിരുന്നു.

കേന്ദ്രമന്ത്രി സഭാ അംഗം കൂടിയായ ബി.ജെ.പി നേതാവ് ഉടമയായ ഏഷ്യാനെറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ വരുന്നത് മാനേജ്മെന്റില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുവെന്നും ചാനലില്‍ കൂടുതല്‍ എഡിറ്റോറിയല്‍ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്ന നടപടികള്‍ മാനേജ്മെന്റ് കൈക്കൊണ്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചാനലിന്റെ ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതും ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു വിലയിരുത്തപ്പെടുന്നത്.

പാലക്കാട് സ്വദേശിയായ പി.ആര്‍. സുനില്‍ നേരത്തെയും കൈരളി ചാനലിലായിരുന്നു. 2012 ലാണ് അദ്ദേഹം കൈരളി വിട്ട് ഏഷ്യാനെറ്റിലേക്ക് മാറിയത്.