ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ ശ്രീമുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരു (Shivamurthy Murugha Sharanaru) അറസ്റ്റിലായതിനെ തുടര്‍ന്ന് ശ്രീമുരുഗ മഠം സമ്മാനിച്ച പുരസ്‌കാരം തിരിച്ചുനല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്.
2017ല്‍ മുരുഗ മഠം നല്‍കിയ ബസവശ്രീ പുരസ്‌കാരമാണ് പീപിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ സ്ഥാപക എഡിറ്റര്‍ കൂടിയായ സായ്‌നാഥ് തിരിച്ചുനല്‍കിയത്. അതിജീവിതകളായ പെണ്‍കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം തിരികെ നല്‍കിയത്.
പി.ടി. ഉഷ, മലാല യൂസുഫ്‌സായ്, ഡോ. കെ. കസ്തൂരി രംഗന്‍, കിരണ്‍ ബേദി, മേധ പട്കര്‍, പുനീത് രാജ്കുമാര്‍, വന്ദന ശിവ, ശബാന അസ്മി തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് മുമ്പ് ബസവശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്.
മഠാധിപതിക്കെതിരെ പീഡനപരാതി ഉയര്‍ന്നത് മുതല്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും കുട്ടികള്‍ക്കെതിരായ പീഡനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സായ്‌നാഥ് പ്രതികരിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന, മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഒടനടി സേവാ സമസ്ത’യുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കേസില്‍ കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പീഡനം നേരിട്ട പെണ്‍കുട്ടികളെ സംരക്ഷിച്ചുപോന്ന എന്‍.ജി.ഒയുടെ ജീവനക്കാര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു, ഒരു ദളിത് വിദ്യാര്‍ത്ഥിനിയടക്കം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ചിത്രദുര്‍ഗ ജില്ലാ ജയിലിലാണുള്ളത്.
കര്‍ണാടകയില്‍ രാഷ്ട്രീയപരമായി വലിയ സ്വാധീനമുള്ള ലിങ്കായത് സമുദായത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് ശരണരു.
ഓഗസ്റ്റ് 26നായിരുന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. മഠത്തിന് കീഴിലെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന 15, 16 വയസുള്ള പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്റെ ഒത്താശയോടെ രണ്ട് വര്‍ഷത്തിലധികം പീഡിപ്പിച്ചു, എന്നാണ് പരാതിയില്‍ പറയുന്നത്.
പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ നിരവധി സംഘടനകള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
നിരവധി രാഷ്ട്രീയ നേതാക്കള്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുന്ന സ്ഥലം കൂടിയായിരുന്നു ശരണരു മേധാവിയായ ശ്രീ മുരുഗ മഠം. ഈയിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഠം സന്ദര്‍ശിച്ചത്.
Content Highlight: Journalist P Sainath gives back the award in protest of religious leader Shivamurthy Murugha Sharanaru’s arrest on POCSO case