| Tuesday, 29th March 2022, 3:27 pm

'മല്ലു തിങ്ങ്‌സ്'; ഈ സമരം സി.പി.ഐ.എം ഒറ്റക്ക് നടത്തുന്നതല്ല: നിഷാദ് റാവുത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് സി.പി.ഐ.എം മാത്രം നടത്തുന്ന സമരമാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ നരേഷനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍.

‘ഈ സമരം സി.പി.ഐ.എം ഒറ്റക്ക് നടത്തുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ‘മല്ലു തിങ്ങ്‌സ്’ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ പണിമുടക്കിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത്, ‘ജനങ്ങളെ വലക്കുന്ന സമരം’ എന്ന രീതിയില്‍ മാധ്യങ്ങളും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും പ്രചരണം നടത്തുന്ന പശ്ചാത്തലാണ് നിഷാദ് റാവുത്തറിന്റെ പ്രതികരണം.

രാഷ്ട്രീയ നിരീക്ഷകനെന്ന ലേബലില്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെടാറുള്ള സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവരും ദേശീയ പണിമുടക്ക് ഇടതുപക്ഷത്തിന്റെ മാത്രം സമരമാണെന്ന നിലയില്‍ ആക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നതെന്നും കോടിയേരി പറഞ്ഞു.

ഇത്തരം നിലപാട് പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.

ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിം കോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോ എന്നും കോടിയേരി ചോദിച്ചു.

CONTENT HIGHLIGHTS:  Journalist Nishad Rawther react  on  social media narration that the two-day national strike led by the joint trade union against the central government policies is a strike by the CPI (M) alone

We use cookies to give you the best possible experience. Learn more