| Monday, 31st May 2021, 1:14 pm

കേരള മാതൃകയില്‍ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും പ്രതിഷേധമുയരണം; ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റരുതെന്ന് എന്‍. റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപിന് പിന്തുണയുമായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.റാം. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റാന്‍ അനുവദിക്കാതെ ശക്തമായ നിയമ പോരാട്ടങ്ങളിലൂടെ കോടതിയെ സമീപിക്കലാണ് ഉചിതമായ മാര്‍ഗ്ഗമെന്ന് റാം പറഞ്ഞു.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തവെയായിരുന്നു റാമിന്റെ പ്രതികരണം.

ലക്ഷദ്വീപിലെ ജനങ്ങളുടെ സൈര്വ ജീവിതം നശിപ്പിക്കുന്നതിനെതിരെ കേരളത്തിലുയരുന്ന ശക്തമായ ജനകീയ മുന്നേറ്റത്തിന്റെ മാതൃകയില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിന് ശേഷം അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മൂര്‍ക്കോത്ത് രാമുണ്ണി തുടങ്ങിവെച്ചതും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടര്‍ന്നുപോന്നതുമായ ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഉതകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ കഴുത്തറുത്തുകൊണ്ടിരിക്കുന്ന നടപടിയാണ് രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റാം കൂട്ടിച്ചേര്‍ത്തു.

ഇത് ലക്ഷദ്വീപിന്റെ മാത്രം പ്രശ്‌നമല്ലെന്നും മറിച്ച് ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ളതും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുന്നതിന് എതിരെയുള്ളതാണെന്നും, ഇന്ന് ലക്ഷദ്വീപില്‍ നടക്കുന്നത് ഭരണകൂടം എന്താണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുള്ളതിന്റെ വിവരണവുമാണെന്നും വെബിനാറില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ്  പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച എം.എല്‍.എ പി.കെ.കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ പ്രതികരിച്ചു. കേരളസമൂഹം മുഴുവനും ലക്ഷദ്വീപിന്റെ കൂടെയാണെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കേരള നിയമസഭ ഐക്യകണ്‌ഠ്യേന പാസ്സാക്കാന്‍ പോകുന്ന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതിയുമായി ദ്വീപ് ജനങ്ങള്‍ മുന്നോട്ടുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlights: Journalist N Ram Response In Lakshadweep

We use cookies to give you the best possible experience. Learn more