'ഇതാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്റെ ചിത്രം'; അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍
Kerala News
'ഇതാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്റെ ചിത്രം'; അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 10:46 pm

കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയന്‍ കുന്നന്റെ ചിത്രം യഥാര്‍ത്ഥമല്ലെന്ന അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍ മുബാറക്ക് റാവുത്തര്‍.

ലണ്ടന്‍ ആസ്ഥാനമായ ഡെയ്‌ലി ന്യൂസ് 1921 സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച പത്രക്കട്ടിങ്ങിലുള്ള ചിത്രത്തിലുള്ളയാളാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്‍ എന്ന് റാവുത്തര്‍ പറഞ്ഞു.

ബ്രട്ടീഷുകാര്‍ക്ക് ഏറ്റവുമധികം പ്രശ്‌നം സൃഷ്ടിച്ചിരുന്ന മാപ്പിള റിബല്‍ പ്രത്യേക തരം തൊപ്പിയണിഞ്ഞ നിലയില്‍ എന്നാണ് പുതുതായി കണ്ടെത്തിയ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.

‘വാരിയന്‍ കുന്നന്റെ ചിത്രം ആണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വെച്ച് വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് 100 ശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയന്‍ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാള്‍ സാമ്യത ഇതിനാണ്,’ മുബാറക്ക് റാവുത്തര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 29നാണ് വാരിയംകുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം ആലേഖനം ചെയ്തു എന്ന് അവകാശപ്പെട്ട് ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുട ജീവിതം ആസ്പദമാക്കി റമീസ് മുഹമ്മദ് രചിച്ച പുസ്തകത്തിന് വന്‍ പ്രചാരമായിരുന്നു ലഭിച്ചിരുന്നത്.

പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളിലൂടെ റിസര്‍ച്ച് ടീം കണ്ടെടുത്ത വിവരങ്ങളും രേഖകളും അടങ്ങുന്നതാണ് പുസ്തകമെന്ന് റമീസ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

1921ല്‍ നടന്ന യുദ്ധത്തിന്റെയടക്കമുള്ള അപൂര്‍വമായ ഫോട്ടോകളും വാരിയംകുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഫ്രഞ്ച് ആര്‍ക്കൈവ്സുകളില്‍ നിന്നും കണ്ടെത്തിയതാണെന്നും റമീസ് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Journalist Mubarak Rawatar claims that Warian Kunnan’s picture found by screenwriter Rameez Mohammed is not real