| Thursday, 16th June 2022, 2:30 pm

കേരളത്തിലെ ചാനലുകളില്‍ ആര്‍.എസ്.എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കുവേണ്ടി കടിപിടി; ചാനല്‍മുറികളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നികേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചാനല്‍മുറികളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍.

ഒട്ടും ലാഭകരമല്ലാത്ത വാര്‍ത്താ ചാനലുകള്‍ വന്‍കിട കോര്‍പറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണെന്നും

ആര്‍.എസ്.എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും നികേഷ് കുമാര്‍ പറഞ്ഞു.

‘കംപ്ലീറ്റ് ആര്‍.എസ്.എസ് എന്നുറപ്പിക്കാന്‍ കഴിയുന്ന എഡിറ്റര്‍മാരുടെ ക്ഷാമമുണ്ട്. അര്‍ണബ് ഇല്ലെങ്കില്‍ തോഴിയെന്ന നിലയുള്ളവര്‍ക്കുവേണ്ടി പ്രധാന ചാനലുകള്‍ വാശിയേറിയ പോരാട്ടമാണ്. അവര്‍ എത്തുന്ന ന്യൂസ് റൂമുകള്‍ രാജ്യസ്നേഹ ക്ലാസുകള്‍കൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരില്‍ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവര്‍ക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാര്‍ തുടങ്ങിയ വാര്‍ത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദേശാഭിമാനി മാസികയില്‍ അദ്ദേഹം എഴുതിയ ലേഖനമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

വര്‍ഗീയ കോമരമായ അഭിഭാഷകന്‍ ഒരു ‘തള്ളു’കാരനില്‍ സ്വര്‍ണക്കടത്തുകാരിയെ ഉപയോഗിച്ചുനടത്തിയ ‘സ്റ്റിങ് ഓപ്പറേഷന്‍’ കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു. പക്ഷേ, ഒത്തില്ലെന്നും നികേഷ്‌കുമാര്‍ പറഞ്ഞു.

കേരളത്തിലെ ന്യൂസ് ചാനലുകളുടെ മാറ്റത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

‘ഒന്ന്: മാനേജ്മെന്റ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ രാജ്യമാകമാനം ന്യൂസ് ചാനലുകളെ കോര്‍പറേറ്റുകള്‍ വാങ്ങിയിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കേരളത്തിലും അത് സംഭവിച്ചു. കേരളത്തിലെ മറ്റെല്ലാ മേഖലകളെയും മിഡില്‍ ഈസ്റ്റില്‍നിന്നുള്ള വ്യവസായികളാണ് ഏറ്റെടുക്കുന്നതെങ്കില്‍ വാര്‍ത്താനിര്‍മാണ കമ്പനികള്‍ പിടിച്ചത് തെക്കുനിന്നും വടക്കുനിന്നും വന്ന ആര്‍.എസ്.എസ് സ്വഭാവക്കാരാണ്. ഒട്ടും ലാഭകരമല്ലാത്ത വാര്‍ത്താ ചാനലുകള്‍ വന്‍കിട കോര്‍പറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണല്ലോ.

രണ്ട്: എഡിറ്റോറിയല്‍ തലവന്‍. ആര്‍.എസ്.എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തില്‍. ‘കംപ്ലീറ്റ് ആര്‍.എസ്.എസ്’ എന്നുറപ്പിക്കാന്‍ കഴിയുന്ന എഡിറ്റര്‍മാരുടെ ക്ഷാമമുണ്ട്. അര്‍ണബ് ഇല്ലെങ്കില്‍ തോഴിയെന്ന നിലയുള്ളവര്‍ക്കുവേണ്ടി പ്രധാന ചാനലുകള്‍ വാശിയേറിയ പോരാട്ടമാണ്. അവര്‍ എത്തുന്ന ന്യൂസ് റൂമുകള്‍ രാജ്യസ്നേഹ ക്ലാസുകള്‍കൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരില്‍ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവര്‍ക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാര്‍ തുടങ്ങിയ വാര്‍ത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!

മൂന്ന്: അവതാരക സിംഹങ്ങള്‍/പ്രധാന ബ്യൂറോകളിലെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍. ഈ നാടകത്തിലെ ഗ്ലാമര്‍ വേഷങ്ങളാണ് ഇവ. മാനേജ്മെന്റിന്റെയും എഡിറ്ററുടെയും ‘ആശയം’ ഇവരിലേക്ക് കണക്ട് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിട്ടാണ് തുടക്കത്തില്‍ കരുതിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയാന്‍’ മലയാളത്തിന്റെ അഭിമാനതാരങ്ങള്‍ തയ്യാറായി. ആര്‍.എസ്.എസ് എന്ന വണ്ടി കൂകിപ്പാഞ്ഞുവരുമ്പോള്‍ പാളം ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞു. സി.പി.ഐ. എമ്മും പിണറായി വിജയനുമാണ് കേരളത്തിന്റെ പരമശത്രു. ‘അവരെ കല്ലെറിയുക’ എന്ന നറേറ്റീവിന് സ്മൂത്ത് റണ്‍ കിട്ടുന്നു,’ അദ്ദേഹം വിശദീകരിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാധ്യമപ്രവര്‍ത്തകനായ ഷാജ് കിരണിനെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

‘ഇല്ലാത്ത സ്വാധീനമുണ്ടെന്ന് പറഞ്ഞുനടക്കലാണ് ഷാജ് കിരണിന്റെ പണി. കോടികളുടെ കണക്കേ പറയൂ. ഉന്നത പൊലീസ് ബന്ധമേ ‘തള്ളൂ’. ‘ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല’ എന്നുപറയുന്ന ഷാജ് ‘പിണറായിയുടെയും കോടിയേരിയുടെയും’ വിദേശ ഫണ്ട് ‘കൈകാര്യം ചെയ്തില്ലെങ്കിലേ’ അത്ഭുതമുള്ളൂ. ഷാജ് കിരണിനെപ്പറ്റി ഞാനീ പറയുന്ന നിരീക്ഷണം ശരിയല്ല എങ്കില്‍ അയാളെ അറിയുന്ന സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവരൂ. എന്നെ തിരുത്തൂ,’ നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ എന്നെപ്പറ്റി പറഞ്ഞത് ‘ഒത്തുതീര്‍പ്പുകാരനും ബ്ലാക്ക് മെയിലിങ്ങുകാരനും’ എന്നാണ്. വാര്‍ത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ആര്‍ റോഷിപാലിനോടു പറഞ്ഞു. ‘അയാള്‍ എന്റെ മൂന്നുവര്‍ഷം കളഞ്ഞു. വിടില്ല എന്ന് പറഞ്ഞേക്കൂ’ എന്ന്.

മാര്‍ക്സിസ്റ്റ് വിരോധം കാണിക്കാത്തവരുടെ ജീവന്‍പോലും ഭീഷണിയിലാണ്. ഒന്നുകില്‍ കൃഷ്ണരാജുമാരുടെ കെണിയില്‍ വീണ് നാറി പുഴുത്തുചാകും. അല്ലെങ്കില്‍ ഗൗരി ലങ്കേഷിനെപ്പോലെ പകല്‍ വെളിച്ചത്തില്‍ തോക്കിനുമുന്നില്‍ പിടഞ്ഞുവീഴും. അപ്പോള്‍ പറയും, ഞങ്ങളല്ല കൊലപാതകികള്‍ ‘ഫ്രിഞ്ച്’ ആണെന്ന്.

സ്വതന്ത്രമാധ്യമങ്ങള്‍ നമുക്ക് വേണ്ടേ? അവയ്ക്ക് നിലനില്‍പ്പ് പ്രതിസന്ധിയുണ്ട്. അത് അഭിമുഖീകരിക്കാതെ മുന്നോട്ടുപോയാല്‍ സര്‍വതും നശിക്കും. ജനാധിപത്യ പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കാന്‍ താങ്ങുവേണമെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി.

Content Highlights: Journalist M.V. Nikesh Kumar talks openly about the politics in the channel rooms

We use cookies to give you the best possible experience. Learn more