| Saturday, 29th July 2023, 9:13 am

മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനാകരുത് മാധ്യമപ്രവര്‍ത്തനം; നികേഷിന് മുന്‍ സഹപ്രവത്തകന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ വേണ്ടിയാവരുത് മധ്യമപ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി. നികേഷ് കുമാറിനോട് മാധ്യമപ്രവര്‍ത്തകന്‍ എം.പി. ബഷീര്‍.

തൊഴിലിന്റെ വിശ്വാസ്യത ചോര്‍ന്നുതീരുന്ന കാലത്താണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഭാഗത്ത് നിന്ന് മോശം പ്രവണത ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതിയും ചാനലിന്റെ മാനേജിങ്ങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് അനുകൂലമായ റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എം.പി. ബഷീറിന്റെ വിമര്‍ശനം.

മലയാള മനോരമ കുടുംബം മലപ്പുറത്തെ ഒരു ക്ഷേത്ര ഭൂമിയില്‍ നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഇന്ത്യാവിഷന്‍ നല്‍കിയ വാര്‍ത്താപരമ്പരയും തുടര്‍ചലനങ്ങളും അന്ന് സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിശദമായി തന്നെ എം.പി ബഷീര്‍ കുറിപ്പില്‍ എഴുതുന്നുണ്ട്.

‘ഒരു മാധ്യമ സ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തിനെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, ആരുടെയും നിയമബാഹ്യമായ ചെയ്തികള്‍ അന്വേഷിക്കലും പുറത്തുകൊണ്ടുവരലും നമ്മുടെ ജോലി തന്നെയാണ്. ആ ചെയ്തികള്‍ അധികാരസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് നടപ്പാക്കപ്പെടുന്നതെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ, അത്തരം വാര്‍ത്തകള്‍ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ വേണ്ടിയാവരുത്. അവരുടെ വിസര്‍ജ്യത്തില്‍ സുഗന്ധം പൂശാന്‍ വേണ്ടിയാകരുത്.

ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിനു മനുഷ്യര്‍ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും സ്വന്തം മക്കള്‍ക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങള്‍ നിഷേധിച്ചും സൃഷ്ടിച്ച ഒരു തൊഴില്‍ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണ്. അകത്തുനിന്നുള്‍പ്പെടെ പലപല കാര്‍മികത്വങ്ങളില്‍ ഈ തൊഴിലിന്റെ വിശ്വാസ്യത ചോര്‍ന്നു തീരുന്ന കാലവുമാണിത്. ആ ശവമഞ്ചത്തില്‍ അവസാനത്തെ ആണി നിങ്ങളുടേതാകാതിരിക്കട്ടെ,’ എം.പി. ബഷീര്‍ എഴുതി.

എം.പി. ബഷീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വയനാട്ടിലെ കാട്ടുകൊള്ളയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ പുതിയ മുതലാളിമാരുടെ ആത്മരോദനങ്ങളും മുതലാളിമാരെ രക്ഷിച്ചെടുക്കാനുള്ള എന്റെ ചില മുന്‍ സഹപ്രവര്‍ത്തകരുടെ വിടുപണികളും കാണുമ്പോള്‍ പഴയൊരു മാധ്യമയുദ്ധം ഓര്‍മയിലേക്ക് വരുന്നു. മലയാള മനോരമ കുടുംബം മലപ്പുറത്തെ ഒരു ക്ഷേത്ര ഭൂമിയില്‍ നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഇന്ത്യാവിഷന്‍ നല്‍കിയ വാര്‍ത്താപരമ്പരയും തുടര്‍ചലനങ്ങളും. സാക്ഷാല്‍ വി.എസ്. അച്യുതാന്ദനില്‍ നിന്ന് ടിപ്പ്-ഓഫ് ചെയ്തു കിട്ടിയ ഒരു സ്റ്റോറിയായിരുന്നു അത്. 1000 വോട്ടിനു താഴെ തുടര്‍ഭരണം നഷ്ടപ്പെട്ട് വി.എസ്. വീണ്ടും പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുമ്പോള്‍ ഇങ്ങോട്ടുവന്ന ഒരു ഫോണ്‍ കാള്‍ ആയിരുന്നു തുടക്കം.

‘നിങ്ങള്‍ ആ പന്തല്ലൂരിലെ ക്ഷേത്രഭൂമിയുടെ കാര്യം ഗൗരവത്തില്‍ എടുക്കാത്തത് എന്താണ്? മനോരമയും ഉമ്മന്‍ ചാണ്ടിയും കോടതിയും ചേര്‍ന്ന് അതില്‍ നടപടി വൈകിക്കുകയാണ്. ആ കേസ് നടത്തുന്ന മണികണ്ഠനോട് നിങ്ങളെ വന്നു കാണാന്‍ പറഞ്ഞട്ടുണ്ട്.’ പാതിവഴിയില്‍ നിര്‍ത്തിയ സംസാരം തുടരുന്നത് പോലെയാണ് ചിലപ്പോള്‍ വി.എസ്. സംസാരിക്കുക. (കവിയറ്റ്: വാര്‍ത്താ സമ്മേളനങ്ങളിലോ പൊതു മീറ്റിങുകളിലോ അല്ലാതെ വി. എസിനെ കണ്ടതും സംസാരിച്ചതും ആകെ ആറോ ഏഴോ തവണ. ഇങ്ങോട്ടു വിളിച്ചത് രണ്ട് വട്ടം. അതിലൊരു കോള്‍ ഇതായിരുന്നു.)

സ്വാതന്ത്ര്യത്തിനും മുമ്പുള്ള കുറെ മുദ്രപത്രങ്ങള്‍, കോടതി വ്യവഹാരങ്ങള്‍, റവന്യു രേഖകള്‍. നൂറുകണക്കിന് പേജ് വരുന്ന കടലാസുകൂട്ടവുമായി പന്തല്ലൂര്‍ ക്ഷേത്ര ഭൂമി സംരക്ഷണ സമിതി പ്രസിഡന്റും സി.പി.ഐ.എം പ്രവര്‍ത്തകനുമായ കെ.പി. മണികണ്ഠന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൊച്ചിയില്‍ വന്നു. തെളിവുകള്‍ സമൃദ്ധമായിരുന്നു.

എങ്കിലും മനോരമ കുടുംബം പോലെ ഒരു സാമ്രാജ്യത്തിനു നേരെ വാര്‍ത്തകൊടുക്കാന്‍ പിന്നെയും ഒരുക്കങ്ങള്‍ വേണ്ടിയിരുന്നു. അന്ന് കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ആര്‍. അനന്തകൃഷ്ണനാണ് ആ ദൗത്യം ഏറ്റെടുത്തത്. അനന്തന്‍ ആഴ്ചകള്‍ എടുത്തു രേഖകള്‍ പരിശോധിച്ചു. ക്രോസ്സ് ചെക്ക് ചെയ്തു. 490 ഏക്കറിലധികം വരുന്ന പന്തല്ലൂര്‍ ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ മലയാള മനോരമ പത്രം നടത്തുന്ന കുടുംബവുമായി ബന്ധമുള്ള ചിലര്‍ നടത്തിയ അനധികൃത നീക്കങ്ങള്‍ പകല്‍പോലെ വ്യക്തമായിരുന്നു. 75 വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വ്യാജ രേഖാ നിര്‍മാണവും കൊടും ചതിയുമെല്ലാം ആ രേഖകളില്‍ നിഴലിച്ചുനിന്നു.
കഥ ഏറെക്കുറെ ഇങ്ങനെയായിരുന്നു.

1943-ല്‍ കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ, രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പന്തല്ലൂര്‍ ക്ഷേത്ര ഭൂമി കോട്ടയം, തിരുവല്ല, കടപ്രംമുറിയില്‍ തയ്യില്‍ ചെറിയാന് 60 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയിരുന്നു. ആദ്യ 30 വര്‍ഷം പാട്ടം കൃത്യമായി അടച്ചു. മനോരമ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റ് എന്ന കമ്പനിയാണ് ബാലന്നുര്‍ പ്ലാന്റേഷന്‍സ് എന്ന പേരില്‍ തോട്ടം നോക്കി നടത്തിയത്. പാട്ടം അടക്കുന്നത് നിര്‍ത്തി, 1974 മുതല്‍ ഭൂമി സ്വന്തം അധീനതയില്‍ കൊണ്ടുവരാന്‍ ഗൂഢാലോചന നടത്തിയത് രേഖകളില്‍ വ്യക്തമാണ്. 74 മുതല്‍ ഭൂമിക്കു സ്വന്തം പേരില്‍ കരമടക്കാനും പട്ടയം നേടിയെടുക്കാനും ശ്രമം തുടങ്ങി. ബാലന്നുര്‍ പ്ലാന്റെഷന്‍സ് മാനേജര്‍, തയ്യില്‍ എസ്റ്റേറ്റിലെ മേരി, സാറ മാമ്മന്‍, ഓമനാ മാമ്മന്‍, ജോര്‍ജ് മാത്യു, മീര ഫിലിപ്, ശാന്തമ്മാ മാമ്മന്‍, അനു മാമ്മന്‍ എന്നിവരുടെ പേരിലാണ് പട്ടയത്തിന് അപേക്ഷ നല്‍കിയത്. 1978 -ല്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ പട്ടയ അപേക്ഷ തള്ളി. അതിനു ശേഷവും മനോരമ കുടുംബം, ഭൂമി സ്വന്തമെന്ന മട്ടില്‍ വെച്ചനുഭവിച്ചു. 2003 -ല്‍ പാട്ടക്കാലാവധി മുഴുവന്‍ കഴിഞ്ഞിട്ടും ഭൂമി വിട്ടുകൊടുത്തില്ല.

2002 മുതല്‍ സമരവും കേസുമായി നടക്കുന്ന മണികണ്ഠനും സുഹൃത്തുക്കള്‍ക്കും മനസുമടുത്തിരുന്നു. സര്‍ക്കാരും റവന്യൂ വകുപ്പും കോടതി പോലും അവരുടെ പക്ഷത്താണ് എന്ന് പരിതപിച്ചുകൊണ്ടാണ് മണികണ്ഠന്‍ പോയത്. പക്ഷെ, അരനൂറ്റാണ്ട് കാലം ഈ വാര്‍ത്ത കാര്യമായൊന്നും ചര്‍ച്ചയാവാതെ, പുറംലോകമറിയാതെ പൊടിപിടിച്ചിരുന്നതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കോട്ടയത്തെ മനോരമ കുടുംബവും കോഴിക്കോട്ടെ മാതൃഭൂമി കുടുംബവും തിരുവനന്തപുരത്തെ കൗമുദി കുടുംബവും നോക്കിനടത്തിയതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ മാധ്യമ മേഖല.

ഈ വാര്‍ത്ത സീരിയലൈസ് ചെയ്യാന്‍ ഇന്ത്യാവിഷന്‍ തീരുമാനിച്ചപ്പോള്‍ ഞാനും അതിന്റെ ഉള്‍പിരിവുകള്‍ അറിഞ്ഞു. മറുവശം കേള്‍ക്കുക എന്ന ‘പുരാതനമായ’ മാധ്യമ പെരുമാറ്റ സംഹിത പാലിക്കാന്‍ അനന്തന്‍ നടത്തിയ ചില ഫോണ്‍ കോളുകള്‍ വഴി അവര്‍ ഇന്ത്യാവിഷന്‍ നീക്കം അറിഞ്ഞു. ലക്ഷണമൊത്ത മുതലാളിമാര്‍ക്ക് ചേര്‍ന്ന വിധം അവര്‍ ചെയര്‍മാനായ ഡോ. മുനീറിനെയാണ് ആദ്യം വിളിച്ചത്. മുനീറാകട്ടെ, എം.ടി. വാസുദേവന്‍ നായരുടെ ചുമലിലേക്ക് ചാരിയാണ് ഞങ്ങളുടെ മുന്നില്‍ കാര്യം അവതരിപ്പിച്ചത്:

അവരെ ഇപ്പോള്‍ പിണക്കിക്കൂടാ. എല്ലാ പഴുതിലും മനോരമയെ പഴി പറയുന്ന അഡ്വക്കറ്റ് ജയശങ്കറിന്റെ വാരാന്ത്യം എന്ന പരിപാടി നിര്‍ത്തിവെക്കണമെന്ന് മനോരമ കുടുംബം ഡോ. മുനീറിനോട് സ്‌നേഹരൂപേണ ആവശ്യപ്പെട്ടിരുന്നു. അത് ഞങ്ങള്‍ വകവെക്കാത്തതിന്റെ പിണക്കം നിലനില്‍ക്കുന്ന അന്തരീക്ഷത്തിലേക്കാണ് പുതിയ പ്രശ്‌നം വന്നുവീണതു.

അഞ്ച് ദിവസം പ്രൈം ടൈമില്‍ കൊടുക്കാവുന്ന തരത്തില്‍ സ്റ്റോറികളൊക്കെ തയ്യാറാക്കി വച്ചെങ്കിലും സംപ്രേക്ഷണം പിന്നെയും നീണ്ടു. ഒരു മൂന്നു മാസം കഴിഞ്ഞുകാണും, അമര്‍ഷവും നിരാശയുമൊക്കെ കലര്‍ന്ന ശബ്ദത്തില്‍ മണികണ്ഠന്റെ ഫോണ്‍കോള്‍ വന്നു. ‘ഇന്ത്യാവിഷനെയും അവര്‍ വിലക്ക് വാങ്ങി, അല്ലേ?’ ആ ചോദ്യം ഉണ്ടാക്കിയ ആളല്‍ ഇപ്പോഴും ഉള്ളിലുണ്ട്. മൂന്നാം ദിവസം ഞങ്ങള്‍ വാര്‍ത്ത കൊടുത്തു തുടങ്ങി. തുടര്‍ച്ചയായി അഞ്ച് ദിവസം. രണ്ട് ദിവസം ന്യൂസ് നൈറ്റില്‍ ചര്‍ച്ചക്കെടുത്തു. പരമ്പരയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാമെന്ന് മറ്റു സ്ഥാപനങ്ങളിലെ മുതിര്‍ന്ന റിപോര്‍ട്ടര്‍മാരോട് ഞാന്‍ പറഞ്ഞു.

മലയാളത്തിലെ മറ്റ് മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത കണ്ടതായി ഭാവിച്ചില്ല. ഏഷ്യാനെറ്റ് മാത്രം ഒരു ഒറ്റമിനുട്ടു ഫോളോ -ആപ്പ് സ്റ്റോറി കൊടുത്തെന്നുവരുത്തി. സോഷ്യല്‍ മീഡിയ ഇന്നത്തെ പോലെ സജീവമല്ലാതിരുന്നതിനാല്‍ ആ നിലക്കുള്ള പിന്തുണയും കിട്ടിയില്ല. രാഷ്ട്രീയ പാര്‍ട്ടികളൊന്നും മനോരമക്ക് എതിരിയ ഈ പ്രശ്‌നം ഏറ്റെടുത്തില്ല. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് പതിറ്റാണ്ടോളം പരിചയ സമ്പത്തുമുള്ള എന്റെ പരിചയക്കാരായ മനോരമയുടെ രണ്ട് തോട്ടക്കാര്‍ ദീര്‍ഘദൂരം യാത്രചെയ്തു വന്നു എനിക്ക് കാപ്പി വാങ്ങിത്തന്നു മടങ്ങി.
എന്നെ അത്ഭുതപ്പെടുത്തിയത്, പക്ഷെ, മനോരമ കമ്പനിയുടെ പ്രത്യക്ഷ മൗനമായിരുന്നു. അവരുടെ ഉടമസ്ഥതയിലുള്ള പത്രമോ ചാനലോ ഒരു നിഷേധംകൊണ്ടുപോലും അതിനോട് പ്രതികരിച്ചില്ല. ഇങ്ങനെയൊരു കേസോ വാര്‍ത്തയോ ഉള്ളതായിപോലും അവര്‍ ഭാവിച്ചില്ല. മറ്റുള്ളവര്‍ക്ക് വര്‍ത്തയാക്കാവുന്ന തരത്തില്‍ ഒരു വക്കീല്‍ നോട്ടീസ് പോലും അവര്‍ അയച്ചില്ല.

മനോരമയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബാലന്നുര്‍ എസ്റ്റേറ്റിന്റെ ലെറ്റര്‍ഹെഡില്‍ ഒരു പാരഗ്രഫുള്ള കത്ത് മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്രതികരണം. ആ കത്ത് മനോരമയുടെ പേരുവച്ച കവറില്‍ തന്നെ അയക്കുന്നത്ര കുറഞ്ഞ ശ്രദ്ധയേ അവരതിന് നല്‍കിയുള്ളൂ. എന്നാലും, മനോരമയുടെ പ്രത്യക്ഷ മൗനമോ, മറ്റു മാധ്യമങ്ങളുടെ നിസംഗതയോ ഒന്നും കേസ് നടത്തിപ്പിനെ ബാധിച്ചില്ല. നിവേദിത പി. ഹരന്‍ നടത്തിയ ആത്മാര്‍ത്ഥമായ ചില ശ്രമങ്ങള്‍ ഒഴിച്ചാല്‍, കേസ് വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് പല ഘട്ടങ്ങളിലും റവന്യൂ വകുപ്പ് നടത്തിയത്. ഈ നീക്കങ്ങളും വിജയിച്ചില്ല. കോടതിലെ തെളിവുകള്‍ അത്രമാത്രം കൃത്യമായിരുന്നു.

ക്ഷേത്രഭൂമി സംരക്ഷണ സമിതിയുടെ വാദങ്ങളും കോടതിയില്‍ ശരിവെക്കപ്പെടുകയും ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ മുഴുവന്‍ ഉള്ളടക്കവും നേരാണെന്നു വരികയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ഭാഷാ ദിനപത്രവുമായുള്ള ബന്ധുത്വത്തിന്റെ പിന്‍ബലത്തില്‍ 490 ഏക്കര്‍ ക്ഷേത്ര ഭൂമി കയ്യേറിയവര്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ഇറങ്ങേണ്ടി വന്നു.

ആ ഭൂമി അവിടെ തന്നെയുണ്ടോ എന്നന്വേഷിക്കാന്‍ ഇന്ന് രാവിലെ മണികണ്ഠനെ വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. ഇത്രയുമെഴുതിയതു റിപ്പോര്‍ട്ടര്‍ ചാനലിലെ എം.വി. നികേഷ്‌കുമാറിനോടും മറ്റു സുഹൃത്തുക്കളോടും ഒരു വാക്ക് പറയാനാണ്:

സുഹൃത്തുക്കളേ, ഒരു മാധ്യമ സ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തിനെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, ആരുടെയും നിയമബാഹ്യമായ ചെയ്തികള്‍ അന്വേഷിക്കലും പുറത്തുകൊണ്ടുവരലും നമ്മുടെ ജോലി തന്നെയാണ്. ആ ചെയ്തികള്‍ അധികാരസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് നടപ്പാക്കപ്പെടുന്നതെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ, അത്തരം വാര്‍ത്തകള്‍ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ വേണ്ടിയാവരുത്. അവരുടെ വിസര്‍ജ്യത്തില്‍ സുഗന്ധം പൂശാന്‍ വേണ്ടിയാകരുത്.

ഇന്ത്യയുടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം പറയുന്ന റോബിന്‍ ജഫിറിയുടെ ഒരു പുസ്തകമുണ്ട്. മീറ്റ് ദി എഡിറ്റേഴ്സിന് കയറും മുമ്പ് അതൊന്നെടുത് വായിക്കണം. ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിനു മനുഷ്യര്‍ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും സ്വന്തം മക്കള്‍ക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങള്‍ നിഷേധിച്ചും സൃഷ്ടിച്ച ഒരു തൊഴില്‍ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണ്. അകത്തുനിന്നുള്‍പ്പെടെ പലപല കാര്‍മികത്വങ്ങളില്‍ ഈ തൊഴിലിന്റെ വിശ്വാസ്യത ചോര്‍ന്നു തീരുന്ന കാലവുമാണിത്. ആ ശവമഞ്ചത്തില്‍ അവസാനത്തെ ആണി നിങ്ങളുടേതാകാതിരിക്കട്ടെ.
(റിപോര്‍ട്ടറിലെ മാങ്ങാ മുതലാളിമാരെ കുറിച്ച് എനിക്ക് വേറെതന്നെ പറയാനുണ്ട്. അതിവിടെ പറഞ്ഞിട്ടില്ല. പറയാം.)

Content Highlight: journalist M.P. Basheer  said to reporter TV editor MV. Nikesh Kumar

Latest Stories

We use cookies to give you the best possible experience. Learn more