തിരുവനന്തപുരം: ഇടതുമുന്നണിയ്ക്കു തുടര്‍ഭരണം കിട്ടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി തുടരുകയും സി പി എം സംസ്ഥാന നേതൃത്വം ഭരണത്തോടുള്ള നിലപാട് ഇതേ പോലെ തുടരുകയും ചെയ്താല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കെ.ജെ ജേക്കബ്ബിന്റെ പ്രതികരണം
മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്ര സമ്മേളനത്തില്‍നിന്ന്:
‘സമ്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ല (?)യില്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിനു ദക്ഷിണ മേഖല പോലീസ് ഐ ജി ഹര്‍ഷിത അത്തല്ലൂരിയ്ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇവര്‍ നേതൃത്വം നല്‍കുക.’
‘കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ (?), കോഴിക്കോട് സിറ്റി (?), പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി (?), എറണാകുളം റൂറല്‍ (?) എന്നിവിടങ്ങളില്‍ സാമൂഹ്യകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ തൃപ്തികരമായി നടപ്പിലാകുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പുതിയ നിയന്ത്രണരീതികള്‍ക്ക് രൂപം നല്‍കാനുമായി ഐ ജി മാര്‍, ഡി ഐ ജിമാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.’
‘തീരദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളി മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി ഐ ജി എസ് ശ്രീജിത്തിനെ നിയോഗിച്ചു . കോസ്റ്റല്‍ പോലീസ് അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.’
‘കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നെയ്ബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തു ആകെ നടപ്പാക്കും.’
***
നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, മുഖ്യമന്ത്രി പറഞ്ഞ സ്ഥലപ്പേരുകള്‍ നമുക്ക് പരിചയമുള്ള റവന്യൂ ജില്ലകളല്ല, പോലീസ് ജില്ലകളാണ്.
***
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഉരുള്‌പൊട്ടലുണ്ടായ സ്ഥലത്തു ഏകോപനത്തിനും ഏല്‍പ്പിച്ചിരുന്നത് രണ്ടു പോലീസുകാരെയാണ്.
***
ഇടതുമുന്നണിയ്ക്കു തുടര്‍ഭരണം കിട്ടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി തുടരുകയും സി.പി. െഎഎം സംസ്ഥാന നേതൃത്വം ഭരണത്തോടുള്ള നിലപാട് ഇതേ പോലെ തുടരുകയും ചെയ്താല്‍ വരാന്‍ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങള്‍ ഇവയാണ്:
ഒന്ന്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പോലീസ് മേധാവി ആയിരിക്കും. ചിലപ്പോള്‍ ചീഫ് സെക്രട്ടറി ഉണ്ടായിരിക്കും,. പക്ഷെ അദ്ദേഹം പോലീസ് മേധാവിയ്ക്കു റിപ്പോര്‍ട്ട് ചെയ്യും.
രണ്ട്: മിക്കവാറും എല്ലാ വകുപ്പുകളുടെയും ഡയറക്ടര്‍മാരും സെക്രട്ടറിമാരും പോലീസുകാരായിരിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഐ ജി റാങ്കുള്ള ഉദ്യോഗസ്ഥനായിരിയ്ക്കും. ഹെഡ് കോണ്‍സ്റ്റബിളിനായിരിക്കും പി എച്ച് സി യുടെ ചാര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യത്തില്‍ എന്ത് ചെയ്യാമെന്ന് ആലോചിക്കും.
മൂന്ന്: സി ഐ മുതല്‍ മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ഉണ്ടായിരിക്കും. ഹൈക്കോടതി ഉടക്കുവെച്ചില്ലെങ്കില്‍ ജില്ലാ ജഡ്ജിമാരായി ഐ പി എസ്സുകാരെ നിയമിക്കും. (ഹൈക്കോടതിയില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല)
നാല്: ജില്ലാ പോലീസ് മേധാവി ആയിരിക്കും ജില്ലാ മജിസ്ട്രേറ്റ്. ജില്ലാ കളക്ടര്‍ എന്ന തസ്തികയുടെ കാര്യം സി പി ഐ യുമായി ആലോചിച്ചു തീരുമാനിക്കും. കാനം മസിലു പിടിച്ചാല്‍ റവന്യൂ സെക്രട്ടറിയായി ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം പരിഗണിക്കും. വനം വകുപ്പ് മേധാവി എന്തായാലും പോലീസുകാരായിരിക്കും.
അഞ്ച്: പോലീസുകാരുടെ ആത്മവീര്യം കെടുത്തുന്ന ഒരു കാര്യവും ജനങ്ങള്‍ ചെയ്യില്ല എന്നത് ‘ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും ….’ എന്ന പ്രതിജ്ഞയുടെ ഭാഗമാക്കും.’
***
എല്ലാം പരിഷ്‌കാരങ്ങളും ഭരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കുക എന്നത് പണ്ടേയുള്ള വിപ്ലവ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
ലാല്‍ സലാം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ