| Monday, 5th September 2022, 1:35 pm

മനുഷ്യര്‍ക്ക് ഇവിടെ വഴിനടക്കണം; അതിനൊരു സത്യാഗ്രഹ സമരം നടത്താന്‍ നാട്ടുകാരെ നിര്‍ബന്ധിക്കരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നല്ല ഭംഗിയുള്ള നാട്ടുകാഴ്ചകളുടെ പടങ്ങള്‍ ഫേസ്ബുക്കില്‍ ഇടാറുള്ള സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ വീടിനു മുമ്പിലെ നായ്ക്കൂട്ടത്തിന്റെ പടമിട്ടിട്ട് ഇങ്ങനെ എഴുതി: ഇന്ന് നടപ്പുമുടക്കിയ ശുനകസംഘം വീടിനുമുന്‍വശം! ആ കിടപ്പിന്റെ ഗമയും ഗര്‍വ്വും എത്ര ഗംഭീരം!

കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്കു ഈ വര്‍ഷം ഇതുവരെ കടി കിട്ടി.. അടുത്ത കടി ഇവിടെ വേണ്ടെന്ന് കരുതി ഇന്നത്തെ നടപ്പ് ടെറസില്‍ ആക്കി.
നിയമം പട്ടിയെ സംരക്ഷിക്കുമ്പോള്‍ മനുഷ്യരെ ആര് സംരക്ഷിക്കും?’

മനുഷ്യരെ ആര് സംരക്ഷിക്കും എന്ന ജേക്കബ് പുന്നൂസിന്റെ ചോദ്യത്തിന് ഒരുത്തരമേയുള്ളൂ: മനുഷ്യരെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കണം.
എന്നാല്‍ മനുഷ്യര് പട്ടികടിച്ചു മരിച്ചുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, ചെയ്യാന്‍ പ്ലാനിടുന്നത് എന്നൊന്നും ഒരു പിടുത്തവും കിട്ടുന്നില്ല.

ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് ഈ വര്‍ഷം കടി കിട്ടി എന്നാണ് റിപ്പോര്‍ട്ട്; 20 മരണങ്ങളും. എട്ടുമാസം കഴിഞ്ഞതേയുള്ളൂ!
ഇപ്പോള്‍ മരിച്ചതില്‍ പതിനഞ്ചുപേര്‍ വാക്‌സിന്‍ എടുത്തിട്ടേയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. (സര്‍ക്കാര്‍ അതിപ്പോഴും പഠിച്ചുവരുന്നേയുള്ളൂ). അതിനര്‍ത്ഥം ആളുകള്‍ ഈ അപകടം തിരിച്ചറിയാതിരിക്കുന്നു എന്നുകൂടിയുമുണ്ട്. വാക്‌സിന്‍ വിരുദ്ധത മാത്രമല്ല, കാര്യം ഗൗരവമായി എടുക്കാത്തതുകൂടിയുണ്ട് ഈ മരണങ്ങള്‍ക്ക് കാരണമായി.

സ്വയം മരണത്തിന് വിട്ടുകൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകാനിടയില്ല. അപ്പോള്‍ ഇത് മരണകാരണമാകാം എന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും നായകടിയുടെയും മരണങ്ങളുടെയും ഗ്രാഫ് അപകടകരമായി ഉയര്‍ന്നിട്ടും.
വാക്‌സിന്‍ ഗുണനിലവാരം നിര്‍ണയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച ചെയ്യും എന്ന തോന്നല്‍ എനിക്കില്ല.

കൊവിഡ് വാക്‌സിനുകളുടെ അനുമതികളുമായി ബന്ധപ്പെട്ടാണ് ഇതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയുണ്ടാകുന്നത്. പല ഘട്ടങ്ങളിലുള്ള വളരെ വിശദമായ പരിശോധനയ്ക്കുശേഷം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി കൊടുക്കുന്നത്. അവിടെ ഒരു വീഴ്ച സാധാരണമല്ല. അതില്‍ സംസ്ഥാനത്തിന് എന്ത് റോളാണ് ഉള്ളത് എന്നതിനെപ്പറ്റി എനിക്ക് ധാരണയില്ല. എങ്കിലും വാക്‌സിന്‍ കൊടുക്കുന്ന പ്രോസസില്‍ എന്തെങ്കിലും വീഴ്ച വന്നോയെന്നു അന്വേഷിക്കേണ്ടതാണ്. (അങ്ങനെ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തോന്നുന്നു).

വാക്‌സിന്‍ മാത്രമല്ല കാര്യം എന്ന് പാത്തോളജിസ്റ്റുകൂടിയായ ഡോ. കെ.പി. അരവിന്ദന്‍ ഡൂള്‍ന്യൂസിലെ വിഡിയോയില്‍ പറഞ്ഞത് എല്ലാവരും കാണണം. പ്രഥമ ശുശ്രൂഷയ്ക്ക് വലിയ പങ്കുണ്ട് മരണം തടയുന്നതില്‍. ഇക്കാര്യത്തിലും ഒരു ബോധവല്‍ക്കരണം നടത്താനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു.

മുഖത്തും നാഡീഞരമ്പുകള്‍ കൂടുതലുള്ള ഭാഗങ്ങളിലും കടി കിട്ടിയാല്‍ നല്ല ശ്രദ്ധകിട്ടിയില്ലെങ്കില്‍ അപകടം ഉറപ്പാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അക്കാര്യത്തില്‍ ആളുകള്‍ക്ക് അറിവ് കൊടുക്കണം. ഇതൊക്കെ പക്ഷെ കടി കിട്ടിക്കഴിഞ്ഞുള്ള കാര്യം.

നാട്ടില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്തവിധം നായ്ക്കളുണ്ടാകുമ്പോള്‍, അവര്‍ മനുഷ്യരെ കടിച്ചുകൊല്ലുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങിക്കിടക്കുന്നു എന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഇത് അടിസ്ഥാനപരമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പണിയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

വകുപ്പിന് പുതിയ മന്ത്രി വരുന്നുണ്ട്. അദ്ദേഹം യുദ്ധകാലാടിസ്ഥാനത്തില്‍ത്തന്നെ ഈ വിഷയം അഡ്രസ് ചെയ്യേണ്ടതുണ്ട്. സംരക്ഷിക്കാവുന്നതിനെ സംരക്ഷിക്കണം. അതിനു പൗരന്മാര്‍ക്ക് അവസരം കൊടുക്കണം. തെരുവില്‍ നായകളെ തള്ളുന്നത് കുറ്റകരമാക്കണം. ഇക്കാര്യത്തില്‍ ടെക്നോളജി ഉപയോഗിക്കണം. സംരക്ഷിക്കാന്‍ പറ്റാത്തവയെ കൊന്നുകളയണം. അതിന് ഏജന്‍സികളെ നിശ്ചയിക്കണം. ഇതിനൊന്നും നിയമമില്ലെങ്കില്‍ ഉണ്ടാക്കണം. (ഇതൊക്കെ ചെയ്യാന്‍ പോകുമ്പോള്‍ ബഹളം വച്ചിറങ്ങുന്ന നായസ്‌നേഹികളെ ഈ പ്രവര്‍ത്തനത്തില്‍ കൂടെ കൂട്ടണം)

മൂന്നു കാര്യങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു.

ഒന്ന്: നായ ശല്യം (യെസ് സാര്‍, അതുതന്നെ) ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണം.
രണ്ട്: നായകടി കിട്ടിയാല്‍ ഉടനെ ചെയ്യേണ്ട പ്രഥമ ശുശ്രൂയപ്പറ്റി വലിയ ബോധവല്‍ക്കരണം നടത്തണം
മൂന്ന്: വാക്‌സിന്‍ നിര്‍ബന്ധമായും കൃത്യമായും എടുക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തണം. ബോധപൂര്‍വ്വമല്ലാതെ അത് വിട്ടുപോയി മരണം നടന്ന ഉദാഹരണങ്ങളുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അതിനെക്കുറിച്ചു ആളുകള്‍ കൂടുതലറിയണം.

ആരോഗ്യ-തദ്ദേശ സ്വയംഭരണ-മൃഗസംരക്ഷണ വകുപ്പുകള്‍ ഒരുമിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം കൊടുക്കണം.
പൗരന്മാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വഴികള്‍ സുരക്ഷിതമാക്കി സൂക്ഷിക്കുക എന്നത് ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. അത് ചെയ്യാനായില്ലെങ്കില്‍ ഇവിടെയൊരു സര്‍ക്കാരില്ല എന്ന് കരുതേണ്ടിവരും.

മനുഷ്യര്‍ക്ക് ഇവിടെ വഴിനടക്കണം. അതിനൊരു സത്യാഗ്രഹ സമരം നടത്താന്‍ നാട്ടുകാരെ നിര്‍ബന്ധിക്കരുത്.

Content Highlight: Journalist KJ Jacob about Increasing Stray Dog Menace in Kerala

We use cookies to give you the best possible experience. Learn more