ന്യൂ ദല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരേ നടന്ന അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകനായ രമണ്‍ കശ്യപ് കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കേസിന്റെ വസ്തുതകളെക്കുറിച്ച് റിപ്പോര്‍ട്ടും പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനായാണ് രമണ്‍ കശ്യപ് സ്ഥലത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനമോടിച്ച് കയറ്റിയതിന്റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു.
പരിസരത്തുള്ള ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അവന്‍ ചെയ്തത് മാധ്യമപ്രവര്‍ത്തകന്റെ കടമയാണ്. തിരിച്ചറിയാത്ത ഒരു മൃതദേഹമുണ്ടെന്ന് പറഞ്ഞ് എനിക്ക് പുലര്‍ച്ചെ 3 മണിക്ക് ഒരു ഫോണ്‍കോള്‍ വന്നു. മോര്‍ച്ചറിയിലേക്ക് പോയപ്പോള്‍ അത് എന്റെ മകനായിരുന്നു,” എന്നാണ് രമണ്‍ കശ്യപിന്റെ അച്ഛനായ റാം ദുലാരി മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്.
അതേസമയം രമണിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
‘മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ മരണം അധികാരികള്‍ കൃത്യമായ രീതിയില്‍ അന്വേഷിക്കണം. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും വേണം.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥ ഒരിക്കലും വരാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ അധികാരികള്‍ ഇനിയെങ്കിലും കൈക്കൊള്ളണം,’ കമ്മിറ്റി ടു പ്രൊടക്ട് ജേര്‍ണലിസ്റ്റിന്റെ ഏഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു.
രമണ്‍ കശ്യപ് അടക്കം 9 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിന്റെ മന്ത്രിയുടെ മകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് യു.പി പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Journalist killed in Lakhimpur The Press Council of India filed the case voluntarily