| Sunday, 25th June 2023, 8:54 pm

ഞാന്‍ ചെയ്തതില്‍ പ്രസിദ്ധമായ അഭിമുഖം ആ രണ്ടുമിനിറ്റ് 45 സെക്കന്‍ഡ്; അത് പൂര്‍ത്തിയാക്കാത്തതില്‍ ഖേദമില്ല: കരണ്‍ ഥാപ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ചെയ്തതില്‍ ഏറ്റവും പ്രസിദ്ധമായ അഭിമുഖം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വെറും രണ്ട് മിനിറ്റ് 45 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന സംഭാഷണമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍.

ആ അഭിമുഖം നടക്കാത്തതിന്റെ പേരില്‍ പിന്നീട് ഖേദം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി വാരന്ത്യപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കരണ്‍ ഥാപ്പര്‍.

‘ആ അഭിമുഖം ഒരു പാഠമായി മാറിക്കഴിഞ്ഞു. ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രസിദ്ധമായ അഭിമുഖം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായി 2007-ല്‍ നടത്തിയതാണ്. വെറും രണ്ടുമിനിറ്റ് 45 സെക്കന്‍ഡ്മാത്രം നീണ്ടുനിന്ന അഭിമുഖമാണിത്. എല്ലാവരും ഇപ്പോഴും അതേക്കുറിച്ച് സംസാരിക്കുന്നു. ചര്‍ച്ച ചെയ്യുന്നു.

അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഒരു വിഷയം അതിന്റെ സ്വാഭാവികതയിലേക്ക് പോയതില്‍ വെറുതേ ഖേദിച്ചിട്ട് കാര്യമില്ല എന്നാണ് എന്റെ വിലയിരുത്തല്‍. രണ്ടാമത്തെ വിഷയം അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം, ആ അഭിമുഖം കൈകാര്യം ചെയ്ത രീതിയില്‍ ഞാന്‍ ഖേദിക്കുന്നുണ്ടോ എന്നതാണ്. ഇല്ല എന്നാണ് അതിനും ഉത്തരം. ഇല്ല എന്നാണ്,’ കരണ്‍ ഥാപ്പര്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം മനപ്പൂര്‍വം തന്നെ ആദ്യത്തേക്ക് കൊണ്ടുവരികായിരുന്നെന്നും ഥാപ്പര്‍ പറഞ്ഞു.

‘അഞ്ച് വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലുള്ള ഒരാളുമായാണ് ഞാന്‍ അഭിമുഖം നടത്തിയത്. രണ്ടാമത്തെ ടേമിനായി മത്സരിക്കുന്നതിനിടയിലായിരുന്നു അഭിമുഖം. 2002ല്‍ ഗുജറാത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. അതേക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കേണ്ടതുണ്ട്.

അഭിമുഖത്തിന്റെ ഏത് ഘട്ടത്തിലാണ് ഗുജറാത്ത് കലാപം, ഗോധ്ര കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങള്‍ ഞാന്‍ ഉയര്‍ത്തേണ്ടിയിരുന്നത് എന്നതാണ് ഡിബേറ്റിങ് പോയന്റ്. ഈ ചോദ്യങ്ങള്‍ ഞാന്‍ അഭിമുഖത്തിന്റെ നടുവിലോ, ഒടുവിലോ ഉന്നയിക്കാന്‍ തീരുമാനിച്ച് മാറ്റിവെച്ചാല്‍, അതൊരു ഡെമോക്ലസിന്റെ വാള്‍ പോലെ അഭിമുഖത്തില്‍ ഉടനീളം തൂങ്ങിനില്‍ക്കും.

തന്നെ വീഴ്ത്താനായി എന്തോ ഒരുങ്ങി നില്‍പ്പുണ്ടെന്ന തോന്നല്‍ അഭിമുഖത്തില്‍ ഉടനീളം മോദിക്കുണ്ടാകും. അതുകൊണ്ടാണ് ആദ്യത്തെ രണ്ട് മൂന്ന് മിനിറ്റിനുള്ളില്‍ത്തന്നെ ഈ ചോദ്യമുന്നയിച്ചത്,’ കരണ്‍ ഥാപ്പര്‍ പറഞ്ഞു.

2016ന്‌ശേഷം ബി.ജെ.പി തന്നെ നിരന്തരം ബഹിഷ്‌കരിച്ചിരിക്കുകയാണെന്നും 2007ലെ സംഭവങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തോട് അഭിമുഖം ചോദിച്ചിരുന്നുവെന്നും കരണ്‍ ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Journalist Karan Thapar Says about his favorite interview

We use cookies to give you the best possible experience. Learn more