കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതി മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നലെയാണ് മുഖ്യമന്ത്രിക്ക് കേസിലെ നാള്‍വഴികള്‍ ഓര്‍മിപ്പിച്ചും അന്വേഷണത്തിന്റെ പിഴവുകള്‍ സൂചിപ്പിച്ചുമാണ് ഷാഹിനയുടെ കത്ത്.
ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ അതിജീവിത ഞങ്ങള്‍ ഓരോരുത്തരുമാണെന്നും, ജനസംഖ്യയുടെ പാതിയായ മുഴുവന്‍ സ്ത്രീകളുമാണ് സെക്രട്ടേറിയറ്റില്‍ വന്നതെന്നും ആ ഗൗരവത്തില്‍ മുഖ്യമന്ത്രി ഈ കേസിനെ കാണണമെന്നും ഷാഹിന പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വിയില്ലാത്തത് എന്ന് പൊലീസ് വിശേഷിപ്പിച്ചതാണല്ലോ നടിയെ ആക്രമിച്ച സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഉജ്വലമായി പോരാടി നിന്ന അതിജീവിതയെ വിളിച്ചുവരുത്തി കാണാനും അവരുടെ ആശങ്കകള്‍ ശ്രദ്ധയോടെ കേള്‍ക്കാനും താങ്കള്‍ തയ്യാറായത് കേരളത്തിലെ സ്ത്രീകള്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്ന ഒരു നടപടിയാണെന്ന് കെ.കെ.
ഷാഹിന പറഞ്ഞു.
‘ഈ കേസ് അട്ടിമറിക്കാന്‍ അതിശക്തമായ ശ്രമങ്ങള്‍ തുടക്കം മുതലെ നടന്നുവരുന്നുണ്ട് എന്ന കാര്യം സുവ്യക്തമാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വീഴ്ചകളും പരിശോധിച്ച് പഴുതടച്ചുള്ള അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാന്‍ താങ്കളുടെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസിലെ ഇത് വരെയുള്ള അന്വേഷണത്തില്‍ മറുപടി കിട്ടേണ്ട ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഈ കത്ത്.
കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് 2020 ജനുവരി 10ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ അന്വേഷണ സംഘത്തലവനെ വിളിച്ചു അറിയിച്ചിരുന്നു. ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് വിചാരണക്കോടതിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 29 ന് അയച്ച ഈ റിപ്പോര്‍ട്ട് വിചാരണക്കോടതി രജിസ്റ്ററില്‍ ചേര്‍ക്കുകയോ പ്രോസിക്യൂട്ടറെയോ അന്വേഷണ സംഘത്തെയോ അറിയിക്കുകയോ ചെയ്തില്ല എന്ന അതീവ ഗുരുതരമായ ആരോപണം അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് അന്വേഷണ സംഘം വിചാരണക്കോടതിക്ക് പരാതി നല്‍കുന്നത് 2022 ഏപ്രില്‍ നാലിന് മാത്രമാണ്. 2020 മുതല്‍ 2022 വരെ ഈ കേസില്‍ വിചാരണ നടപടികള്‍ മുന്നോട്ടുപോവുകയുമായിരുന്നു. 2020ല്‍ തന്നെ ഈ വിവരം അറിഞ്ഞിട്ടും 2022 വരെ ഈ കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ രണ്ട് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുക്കാതിരുന്നത്,’ ഷാഹിന കത്തിലൂടെ ചോദിച്ചു.
തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇക്കാലയളവില്‍ രണ്ട് തവണ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത്. അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം, അതായത് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആരോ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം എന്തുകൊണ്ടാണ് പൊലീസും പ്രോസിക്യൂഷനും രഹസ്യമാക്കിവെച്ചത്? ട്രയല്‍ കോടതിയുടെ പ്രവര്‍ത്തികളില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒന്നും ചെയ്യാനാവില്ല എന്നറിയാം.
2021 നവംബര്‍ 25ന് ബാലചന്ദ്രകുമാര്‍ എന്ന വ്യക്തി താങ്കളുടെ ഓഫീസില്‍ നേരിട്ട് വന്ന് പരാതി നല്‍കുകയുണ്ടായല്ലോ.
അത് വെറുമൊരു പരാതി മാത്രമായിരുന്നില്ല. ഈ കേസിലെ വഴിത്തിരിവിന്
ഇടയാക്കിയ ശബ്ദ രേഖകള്‍ അടക്കമുള്ള നിര്‍ണായകതെളിവുകളും പരാതിയോടൊപ്പം താങ്കളുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു പക്ഷേ ആ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഷാഹിന പറഞ്ഞു.
തുടര്‍ന്ന് ഒരു മാസത്തിനുശേഷം ഡിസംബര്‍ 25ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഈ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ ജീവന് ഭീഷണിയുണ്ട് എന്നുകൂടി അദ്ദേഹം ഈ പരാതിയില്‍ പറഞ്ഞിരുന്നു. ഇത്രയും സുപ്രധാനമായ തെളിവുകളും ഒരു സാക്ഷിയും താങ്കളുടെ ഓഫീസില്‍ നേരിട്ട് എത്തിയിട്ടും അത് പൂഴ്ത്തി വെക്കപ്പെട്ടത് ആരുടെ അജണ്ടയാണ്. താങ്കളുടെ ഓഫീസിലുള്ളവര്‍ തന്നെ പ്രതികളെ സഹായിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ തെറ്റ് പറയാനാവില്ലല്ലോ.ഇക്കാര്യം കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് അഭ്യര്‍ഥക്കുന്നുവെന്നും ഷാഹിന കത്തിലൂടെ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടര്‍ ടി.വിയില്‍ അഭിമുഖം വന്നതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ബാലചന്ദ്രകുമാറിനെ നേരിട്ട് ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത് എന്നുവെച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടിയ പരാതിയിന്മേല്‍ ഒന്നും സംഭവിച്ചില്ല എന്നര്‍ത്ഥം.
തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ അതിജീവിതക്കൊപ്പമാണ് എന്ന് സര്‍ക്കാരും ഇടതുപക്ഷവും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ബാലചന്ദ്രകുമാര്‍ എന്ന സുപ്രധാന സാക്ഷിയെ ഒഴിവാക്കിയാണ് ആദ്യത്തെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ബാലചന്ദ്രകുമാറിനെ അന്വേഷണസംഘം ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തതുമാണ്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയിയെന്നും ഷാഹിന ചോദിക്കുന്നു.
മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഈ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് നിഷേധിക്കാനോ മാനനഷ്ടത്തിന് കേസ് കൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. അങ്ങനെ ചെയ്താല്‍ കേസ് നടപടികള്‍ക്കായി സി.ഡി.ആര്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി കോടതിയില്‍ പോയേക്കും. ആ അപകടം ഒഴിവാക്കാനാണ് അദ്ദേഹം അതിനൊന്നും മുതിരാതിരുന്നത് എന്ന് കരുതിയാല്‍ തെറ്റുണ്ടോ? ജനങ്ങളുടെ മുന്നില്‍ പഴയ ഡി.ജി.പി സംശയത്തിന്റെ നിഴലില്‍ തന്നെയാണ് നില്‍ക്കുന്നത്. ബാലചന്ദ്രകുമാര്‍ എന്ന നിര്‍ണായക സാക്ഷിയെ ഒഴിവാക്കി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത് അദ്ദേഹം പോലീസ് മേധാവി ആയിരുന്ന കാലയളവിലാണ് എന്നതും ഈ സംശയം ബലപ്പെടുത്തുന്നുവന്നും കത്തില്‍ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എത്ര ഉന്നതനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വെറുതെ വിടില്ല എന്ന് താങ്കള്‍ ഉറപ്പ് തന്നതാണല്ലോ. കാര്‍ഡില്‍ തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഫോറന്‍സിക് ലാബിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വിചാരണ കോടതി അതില്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഈ അപേക്ഷ സമര്‍പ്പിച്ചിട്ട് രണ്ട് മാസം പിന്നിടുന്നു ഇക്കാര്യത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ടു എന്തുകൊണ്ട് പ്രോസിക്യൂഷന്‍ ഇത് വരെ മേല്‍കോടതിയെ സമീപിച്ചിട്ടില്ലെന്നും ഷാഹിന ഓര്‍മിപ്പിച്ചു.
‘എന്റെ അറിവിലും ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് ഈ കത്തില്‍ ഉന്നയിക്കുന്നത്. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കേസാണിത് എന്നത് മുഖ്യമന്ത്രിക്ക് അറിയാമല്ലോ. ഈ കുറ്റകൃത്യത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ മാത്രമല്ല, കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്നതാണ് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്ന അതിജീവിത ഞങ്ങള്‍ഓരോരുത്തരുമാണ്.
കേരളത്തിലെ ജനസംഖ്യയുടെ പാതിയായ മുഴുവന്‍ സ്ത്രീകളുമാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ വന്നത്.
ഈ ജനസഞ്ചയത്തെ, മുറിവേറ്റ് നില്‍ക്കുന്ന കോടിക്കണക്കിന് സ്ത്രീകളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കാണാന്‍ കഴിയുന്നുണ്ട് എന്ന പ്രതീക്ഷയോടെ,’ ഷാഹിന കത്തില്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Journalist K.K. Shahina wrote an open letter to the Chief Minister pointing out the shortcomings that attacked the actress