കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയും യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ മോഡ്രിച്ചിന്റെ പെനാല്‍ട്ടി ഗോളില്‍ ക്രൊയേഷ്യ 1-0ന് ജയിക്കുകയായിരുന്നു. എന്നാല്‍ പ്രശ്‌നം ഇവിടെയൊന്നുമല്ല തുടങ്ങുന്നത്.
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡറായ ലൂക്കാ മോഡ്രിച് മത്സര ശേഷം പി.എസ്.ജിയുടെ സട്രൈക്കറായ കിലിയന്‍ എംബപെയോട് തന്റെ ജേഴ്‌സി കൈമാറാന്‍ ആവശ്യപ്പെട്ടു. ഫുട്‌ബോളില്‍ ജേഴ്‌സി കൈമാറ്റം സാധാരണ കാര്യമാണ്. എന്നാല്‍ ഇവിടെ മോഡ്രിച് എംബാപെയുമായി ജേഴ്‌സി കൈമാറ്റം നടത്തിയതിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോസഫ് പെദ്രേറോല്‍.
റയല്‍ താരമായ മോഡ്രിച് റയലിനെ ചതിച്ച എംബാപയോട് ജേഴ്‌സി കൈമാറാന്‍ പാടില്ലായിരുന്നു എന്നാണ് പെദ്രേറോലിന്റെ അഭിപ്രായം. എംബാപെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിനെ ചതിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.
മോഡ്രിച് എംബപെയുടെ ജേഴ്‌സി ചോദിച്ചുവാങ്ങിയത് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലാണ് പെദ്രേറോല്‍ സംസാരിച്ചത്.
‘എന്നാല്‍ മോഡ്രിച്ചിന് എങ്ങനെയാണ് എംബാപ്പെയുടെ ജേഴ്‌സി ചോദിക്കാന്‍ കഴിയുക? റയല്‍ മാഡ്രിഡിനെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തിയ ആളാണ് എംബാപെ. ഇല്ല, ഇല്ല, മോഡ്രിച്ച് ഒരു മാഡ്രിഡിസ്റ്റല്ലെ, കുറച്ചുനാള്‍ മുമ്പ് എംബാപ്പെ മാഡ്രിഡുകീരുടെ മുഖത്ത് നോക്കി ചിരിച്ചതാണ്. അവനോടാണ് അയാള്‍ ഷര്‍ട്ട് ചോദിച്ചത്, ഇത് ഒരു തമാശയല്ല,’ പെദ്രേറോല്‍ പറഞ്ഞു.
ഒരു ചാനല്‍ ചര്‍ച്ചയിലാണ് പെദ്രേറോല്‍ തന്റെ പ്രതിഷേധം അറിയിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത ബാക്കി എല്ലാവരും അത്ഭുത്തോടെയാണ് ഇയാളുടെ വാക്കുകളെ കേട്ടത്.
‘എംബാപെ മാഡ്രിഡുകളുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ? എന്നിട്ട് റയല്‍ മാഡ്രിഡിന്റെ ലീഡറായ മോഡ്രിച്ച് അവന്റെ ഷര്‍ട്ട് ചോദിക്കുന്നു? അത് ഭീകരമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?,’ അദ്ദേഹം സഹപ്രവര്‍ത്തകരോട് ചോദിച്ചു.
‘ബാലന്‍ ഡി ഓര്‍ ജേതാവായതിനാല്‍ എംബാപെ മോഡ്രിച്ചിന്റെ ജേഴ്സി ചോദിച്ചതാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മറിച്ചാണ്! ഒരാഴ്ച ശേഷിക്കെ റയല്‍ മാഡ്രിഡിനെ പറ്റിച്ച ആളുടെ ജേഴ്സിയാണ് മോഡ്രിച്ച് ആവശ്യപ്പെട്ടത്. ഇതാണ് റയല്‍ മാഡ്രിഡ്, ഇതാണ് നിങ്ങളുടെ ആരാധകരെ അറിയാനുള്ള പ്രതിബദ്ധത. ഞാന്‍ ഞെട്ടിപ്പോയി, ഇതൊന്നും എനിക്കറിയില്ലായിരുന്നു,’ പെദ്രേറോല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചകളിലായിരുന്നു എംബാപെ റയലുമായി കരാര്‍ ഒപ്പിടാന്‍ ഒരുങ്ങിയത്. എന്നാല്‍ അവസാന നിമിഷം താരം പി.എസ്.ജിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം ഒരുപാട് റയല്‍ ആരാധകര്‍ എംബപെക്കെതിരെ തിരിഞ്ഞിരുന്നു.
Content Highlights: Journalist Josep Pedrerol turned against Luka Modric for jersey exchange with Mbape