national news
സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ ആക്ഷേപഹാസ്യം; കോണ്‍ഗ്രസിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 05, 02:21 am
Saturday, 5th March 2022, 7:51 am

റായ്പൂര്‍: ചത്തീസ്ഗഢ് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിന് മാധ്യപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ ആക്ഷേപഹാസ്യം എഴുതിയതിനാണ് റായ്പൂര്‍ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Indiawriters.co.inന്റെ എഡിറ്റര്‍ നിലേഷ് ശര്‍മയ്ക്കെതിരെ കോണ്‍ഗ്രസ് അംഗം ഖിലവന്‍ നിഷാദാണ് റായ്പൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ശര്‍മയുടെ ‘ഘുര്‍വാ കേ മാതി’ കോളത്തില്‍ എഴുതുന്ന ലേഖനങ്ങളിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായും സാമ്യമുള്ളതായി നിഷാദ് ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ തന്റെ കോളത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചുവെന്നും മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

തീവ്രവലതുപക്ഷ പാര്‍ട്ടിയില്‍പ്പെട്ട ആളാണ് ശര്‍മ എന്നും ആരോപണമുണ്ട്. എന്നാല്‍ ബി.ജെ.പിക്കെതിരെയും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

 

Content Highlights: journalist held for writing satire against govt