Kerala News
ആന്തരിക ശത്രുക്കളായി ക്രൈസ്തവരെ എണ്ണിയവരാണ് നിങ്ങള്‍, 'വിചാരധാര' ഉയര്‍ത്തി ഹാഷ്മി; അങ്ങനെയാണെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് വി.വി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 27, 07:02 am
Friday, 27th May 2022, 12:32 pm

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിലെ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധതയാണെന്ന് പ്രചരിപ്പിക്കുന്ന ബി.ജെ.പിക്ക് ചാനല്‍ ചര്‍ച്ചയില്‍ ‘വിചാരധാര’ ഉയര്‍ത്തിക്കാണിച്ച് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം.

24 ചാനലില്‍ നടന്ന ചര്‍ച്ചക്കെത്തിയ ബി.ജെ.പി പ്രതിനിധി വി.വി. രാജേഷിനാണ് വിചാരധാര ഉയര്‍ത്തിപ്പിടിച്ച് ഹാഷ്മി മറുപടി നല്‍കിയത്.

‘നിങ്ങളുടെ ക്രൈസ്തവ സ്‌നേഹം, നിങ്ങളുടെ ആചാര്യന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, ഗോള് വാള്‍ക്കര്‍. ആന്തരിക ഭീഷണികള്‍ എന്ന തലക്കെട്ടില്‍. അങ്ങ് വായിച്ചിട്ടുണ്ടാകുമല്ലോ. അതില്‍ ബി.ജെ.പിക്ക് ഇപ്പോഴും പശ്ചാത്താപം ഉണ്ടോ,’ എന്ന് ചര്‍ച്ചക്കിടെ ഹാഷ്മി പറഞ്ഞപ്പോള്‍, ‘ഹാഷ്മി വിഷയം മാറ്റണ്ട, ഹാഷ്മിയുടെ ആ വേല കയ്യിലിരിക്കട്ടെ, ഈ ചര്‍ച്ചയില്‍ അത് വേണ്ട,’ എന്നാണ് ഇതിന് രാജേഷ് മറുപടി പറയുന്നത്.

ഇതിന് മറുമടിയായി നിങ്ങളുടെ ക്രൈസ്തവ സ്‌നേഹത്തിന്റെ കാപട്യം തുന്നുപറയുക മാത്രമാണ് ഞാന്‍
ചെയ്യുന്നതെന്നാണ് ഹാഷ്മി പറയുന്നത്.

ഞങ്ങളുടെ ക്രൈസ്തവ സ്‌നേഹത്തിന്റെ അളവുകോല്‍ താങ്കളുടെ കയ്യിലില്ലെന്ന് രാജേഷ് വീണ്ടും പറഞ്ഞപ്പോള്‍, വിചാരധാര ഉയര്‍ത്തിക്കാണിച്ച് ‘അളവുകോല്‍ ഈ പുസ്തകമാണെ’ന്ന് ഹാഷ്മി ആവര്‍ത്തിച്ചു.

ശേഷം പുസ്തകത്തില്‍ ക്രൈസ്തവര്‍ ആന്തരിക ഭീഷണികളാണെന്നുള്ള വിചാരധാരയിലെ ഭാഗം ഹാഷ്മി വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു.

അങ്ങനെയാണെങ്കില്‍ ഞാന്‍ ചര്‍ച്ചക്കില്ലാ എന്നാണ് വി.വി. രാജേഷ് ഈ സമയം പറയുന്നത്. ഇതിന് മറുപടിയായി നിങ്ങള്‍ക്ക് ഈ പുസ്തകത്തിന് മറുപടിയില്ലാഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നതെന്നും ഹാഷ്മി വ്യക്തമാക്കി.

അതേസമയം, പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

പി.സി. ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സുരേന്ദ്രന്‍ ആരോപിച്ചു.